വാഷിങ്ടൻ: ലോകകപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീന, മുൻ ചാംപ്യൻമാരായ ബ്രസീൽ, ജർമനി ടീമുകൾ ജയിച്ചു കയറി. ഹോണ്ടുറാസിനെ അർജന്റീന മറുപടിയില്ലാത്ത 2 ഗോളുകൾക്ക് വീഴ്ത്തി. ബ്രസീൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഈജിപ്റ്റിനെ പരാജയപ്പെടുത്തി. അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസി പോരാട്ടത്തിനിറങ്ങിയില്ല. പരിക്കിനെ തുടർന്നു ബ്രസീൽ നിരയിൽ നെയ്മറും കളിച്ചില്ല. അമേരിക്കയെ 1-2നു വീഴ്ത്തിയാണ് ജർമനി ലോകകപ്പ് ഒരുക്കം തകർപ്പനാക്കിയത്.
ടെക്സസിൽ അരങ്ങേറിയ പോരിൽ നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന 2-0 ന് ഹോണ്ടുറാസിനെ തകർത്തു. പൂർണമായും അർജന്റീനയുടെ ആധിപത്യം കണ്ട മത്സരമായിരുന്നു. 37ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനസ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി 54ാം മിനിറ്റിൽ ഗ്വിലിയാനോ സിമിയോണി ടീമിന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.
മെസി പകരക്കാരുടെ ബഞ്ചിൽ ഉണ്ടായിരുന്നെങ്കിലും കളത്തിൽ ഇറങ്ങിയില്ല. തുടർച്ചയായ മത്സരങ്ങൾ മൂലമുണ്ടായ പേശിവലിവും കടുത്ത ശാരീരിക ക്ഷീണവും കാരണമാണ് പരിശീലകൻ ലയണൽ സ്കലോനി മെസിക്ക് പൂർണ വിശ്രമം നൽകിയത്. ചൊവ്വാഴ്ച ഐസ്‍ലൻഡിനെതിരെയാണ് അർജന്റീനയുടെ അവസാന സന്നാഹ മത്സരം.
ക്ലീവ്‌ലൻഡിൽ നടന്ന ആവേശപ്പോരിലാണ് ബ്രസീലിന്റെ ജയം. അവർ 2-1 ന് ഈജിപ്റ്റിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ മധ്യനിര താരം ബ്രൂണോ ഗുമിറസിന്റെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ പത്താം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ ഈജിപ്റ്റ് സമനില പിടിച്ചു. 51ാം മിനിറ്റിൽ റഫീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് യുവതാരം എൻഡ്രിക് നേടിയ തകർപ്പൻ ഗോളിൽ ബ്രസീൽ ജയം പിടിച്ചു.
കണങ്കാലിലെ പരുക്കിനെ തടുർന്ന് പരിചരണത്തിൽ തുടരുന്നതിനാൽ നെയ്മർ മത്സരത്തിന് ഇറങ്ങയില്ല. ഈജിപ്റ്റിന്റെ സൂപ്പർ താരം മുഹമ്മദ് സല ആദ്യ പകുതിയിൽ ബഞ്ചിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ കളത്തിലിറങ്ങി. ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്.
പ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിടുന്ന ജർമനി അമേരിക്കയെ 1-2നു വീഴ്ത്തി. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ജർമനി ലീഡ് പിടിച്ചു. കയ് ഹവെർട്സാണ് ഗോൾ നേടിയത്. എന്നാൽ 37ാം മിനിറ്റിൽ അമേരിക്ക മുൻ ചാംപ്യൻമാരെ ഞെട്ടിച്ച് സമനില സ്വന്തമാക്കി. ആന്റണി റോബിൻസനാണ് ഗോൾ നേടിയത്. 57ാം മിനിറ്റിൽ ലിറോയ് സനെ ടീമിനു ജയം സമ്മാനിച്ച് ലീഡ് തിരികെ പിടിച്ചു. ജർമനിയുടെ അവസാന സന്നാഹ മത്സരം കൂടിയായിരുന്നു ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates