Nestory Irankunda, australia vs turkiye x
Fifa World Cup 2026

കേമത്തം തുർക്കിക്ക്, ​ഗോളടിച്ച് ജയിച്ചത് ഓസ്ട്രേലിയ! 28 തവണ ആക്രമിച്ചിട്ടും കുലുങ്ങിയില്ല; കൗണ്ടർ അറ്റാക്കിൽ ഞെട്ടിച്ചു

ഫിഫ ലോകകപ്പിൽ തുർക്കിയെ 2-0ത്തിനു വീഴ്ത്തി ഓസ്ട്രേലിയയുടെ ഡിഫൻസീവ് മാസ്റ്റർ ക്ലാസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വാൻകൂവർ: ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കരുത്തരായ തുർക്കിയെ വീഴ്ത്തി ഓസ്ട്രേലിയ വിജയത്തോടെ തുടങ്ങി. മറുപടിയില്ലാത്ത 2 ​ഗോളുകൾക്കാണ് ഓസ്ട്രേലിയയുടെ ജയം. കടുത്ത ആക്രമണം അഴിച്ചു വിട്ട തുർക്കിക്കെതിരെ കൗണ്ടർ അറ്റാക്കുകൾ സമർഥമായി നടപ്പാക്കിയാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.

കാനഡയിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ പന്തടക്കത്തിലും പാസിങിലുമൊക്കെ മുന്നിൽ തുർക്കിയായിരുന്നു. 28 തവണയാണ് ഓസ്‌ട്രേലിയന്‍ പോസ്റ്റിലേക്ക് തുര്‍ക്കി ആക്രമണം നടത്തിയത്. ലക്ഷ്യത്തിലേക്ക് തൊടുത്തത് 7 ഷോട്ടുകളും. പൊസഷന്‍ 63 ശതമാനം. 679 പാസുകള്‍. പക്ഷേ ഗോള്‍ മാത്രം നേടാന്‍ അവര്‍ക്കായില്ല.

മറുഭാഗത്ത് ഓസ്‌ട്രേലിയ ആകെ 8 തവണ മാത്രമാണ് ആക്രമിച്ചത്. ലക്ഷ്യത്തിലേക്ക് തൊടുത്തതാകട്ടെ വെറും 4 ഷോട്ടുകള്‍. എന്നാല്‍ അതില്‍ രണ്ടെണ്ണം അവര്‍ക്ക് ഗോളാക്കാന്‍ സാധിച്ചു. ഗോളാണ് ഫലം നിര്‍ണയിക്കുക എന്ന അടിസ്ഥാന പാഠം തുര്‍ക്കി മറന്നു പോയി. പൊസഷൻ 37 ശതമാനം മാത്രമായിരുന്നു ഓസ്ട്രേലിയക്ക്. ആകെ നൽകിയത് 273 പാസുകളും.

കളിയുടെ ഇരു പകുതികളിലായാണ് ഓസ്ട്രേലിയ ​ഗോളുകൾ നേടിയത്. 26ാം മിനിറ്റിൽ വാട്ഫോർഡ് താരം നെസ്റ്ററി ഇരൻ​ഗുൻഡയും 74ാം മിനിറ്റിൽ കോണോർ മെറ്റ്കാഫുമാണ് സോക്കറൂസിനായി വല ചലിപ്പിച്ചത്.

തുർക്കി തുടക്കം മുതൽ ആക്രമണ മൂഡിലായിരുന്നു. ക്യാപ്റ്റൻ ഹകൻ ചലനോലു കപ്പിത്താനായി നിന്ന് ഓസ്ട്രേലിയൻ ബോക്സിലേക്ക് തുടരെ ആക്രമണങ്ങൾ നയിച്ചു. എന്നാൽ കടുകട്ടി പ്രതിരോധം തീർത്ത് അവർ തുർക്കി പടയെ തുടരെ ​​ഹതാശരാക്കി നിർത്തി. സോക്കറൂസ് ​ഗോൾ കീപ്പറടക്കം 11 പേരും കോട്ടകെട്ടി നിന്നതോടെ തുർക്കിയുടെ മുന്നേറ്റങ്ങൾ അവസാനം എങ്ങുമെത്താതെ പോയി.

26ാം മിനിറ്റിൽ തുർക്കിയെ ഞെട്ടിച്ച് ഓസ്ട്രേലിയയുടെ ആ​ദ്യ ​ഗോൾ കൗണ്ടർ അറ്റാക്കിലൂടെ വന്നു. തുർക്കി ആക്രമണം ചെറുത്തു നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ഇരൻ​ഗുൻഡ തുർക്കി വല ചലിപ്പിച്ചു. തുർക്കി സൂപ്പർ സ്റ്റാറും റയൽ മാഡ്രിഡ് താരവുമായ ആർദ ​ഗുലറിന്റെ ഒരു മിന്നും വോളി ഓസ്ട്രേലിയൻ ​ഗോൾ കീപ്പർ പാട്രിക്ക് ബീച്ച് തട്ടിയകയറ്റിയതിനു പിന്നാലെയാണ് ഓസ്ട്രേലിയ ലീഡെടുത്തത്. ​ഗുലറിന്റെ ഷോട്ട് തടുത്ത് പാട്രിക്ക് ബീച്ച് മധ്യനിര താരം ഓകോൺ എങ്സ്റ്റലർക്ക് കൈമാറി. എങ്സ്റ്റലറുടെ പാസ് സ്വീകരിച്ച് ഇരൻ​ഗുൻഡ മുന്നോട്ടു ഇരച്ചു കയറി ക്ലിനിക്കൽ ഫിനിഷിലൂടെ പന്ത് വലയിലിട്ടു. തൊട്ടുപിന്നാലെ തന്നെ തുർക്കി തിരിച്ചു ആക്രമിച്ചെങ്കിലും ​ഗോൾ വന്നില്ല.

രണ്ടാം പകുതിയിൽ യുവ താരം കെനാൻ യിൽദിസിനെ ഇറക്കി തുർക്കി ആക്രമണം കടുപ്പിച്ചെങ്കിലും അതും വിജയം കണ്ടില്ല. ഓസ്ട്രേലിയൻ പ്രതിരോധം പാളിയപ്പോഴെല്ലാം ​ഗോൾ കീപ്പർ പാട്രിക് ബീച്ചിന്റെ മികച്ച സേവുകൾ അവർക്ക് കാവലായി.

74ാം മിനിറ്റിൽ ഓസ്ട്രേലിയ രണ്ടാം ​ഗോളും വലയിലാക്കി. ബോക്സിനു പുറത്തു നിന്ന് കോണോർ മെറ്റ്കാഫെടുത്ത പവർ ഫുൾ ലോങ് ഷൂട്ട് തുർക്കിയുടെ വലയിൽ തുളഞ്ഞു കയറിയതോടെ അവരുടെ പതനവും പൂർണമായി. പിന്നീടൊരു തിരിച്ചു വരവ് തുർക്കിക്ക് അസാധ്യമായി.

FIFA World Cup 2026, australia vs turkiye: Australia stuns Turkiye in their Group D opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത്തരത്തിലൊരു പ്രശ്‌നം ഉണ്ടായിട്ടില്ല'; യുവതീ പ്രവേശനത്തില്‍ പത്മകുമാറിന്റെ ആരോപണം തള്ളി പിണറായി വിജയന്‍

'ആ ഷോർട്ട് ഫിലിം കണ്ടപ്പോൾ തന്നെ അഭിനയത്തിൽ പ്രത്യേകത തോന്നി'; 'ബാലനി'ലേക്ക് ​ഗിരീഷ് എ ഡി വന്നതിനെക്കുറിച്ച് ചിദംബരം

IIM Mumbai: റിസർച്ച്, മാനേജ്മെന്റ്, ഐ.ടി മേഖലകളിൽ അവസരം

സേഫ്റ്റി റോപ്പ് കെട്ടാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് ഇട്ടു; ബഞ്ചി ജംപിനെത്തിയ 21കാരിക്ക് ദാരുണാന്ത്യം -VIDEO

വസ്ത്രം കൂടുതൽ വൃത്തിയാകുമെന്ന് കരുതി അമിതമായി ഡിറ്റർജന്റ്; വാഷിങ് മെഷീൻ ഉപയോ​ഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ

SCROLL FOR NEXT