FIFA World Cup 2026 Final 5 minute guide ap
Fifa World Cup 2026

ആരാധകരേ, അറിയേണ്ടതെല്ലാം '5' മിനിറ്റിൽ; 'ലോകകപ്പ് ഫൈനൽ ​ഗൈഡ്!'

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ- അർജന്റീന പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ ആവേശകരമായ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ വാരാന്ത്യത്തോടെ ലോകത്തിന്റെ പുതിയ ഫുട്ബോൾ രാജാക്കൻമാർ ആരാണെന്ന് തീരുമാനിക്കപ്പെടും. സ്പെയിനോ, അതോ അർജന്റീനയോ? പ്രതീക്ഷകളോടെയാണ് ഇരു ടീമുകളുടേയും ആരാധകർ കാത്തിരിക്കുന്നത്.

തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടവും തങ്ങളുടെ ചരിത്രത്തിലെ നാലാം കിരീടവും ലക്ഷ്യമിട്ടാണ് ലയണൽ മെസിയുടെ അർജന്റീന കളത്തിലിറങ്ങുന്നത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയാണ് അർജന്റീന ഫൈനലിൽ എത്തിയത്. തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം തേടുന്ന സ്പെയിൻ ആകട്ടെ ഫ്രാൻസിനെ 2-0 ന് തകർത്താണ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്.

കിക്ക്- ഓഫ് സമയം എപ്പോൾ?

104 മത്സരങ്ങൾ ഉൾപ്പെട്ട ഈ ലോകകപ്പ് മാമാങ്കത്തിന്റെ ഫൈനൽ പോരാട്ടമാണിത്. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30.

ഏത് സ്റ്റേഡിയത്തിലാണ് ഫൈനൽ?

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം ആണ് ഫൈനലിന് വേദിയാകുന്നത്. 82,500 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇത് നാഷണൽ ഫുട്ബോൾ ലീഗിലെ (എൻഎഫ്എൽ) ഏറ്റവും വലിയ സ്റ്റേഡിയമാണ്.

2010ൽ നിർമിച്ച ഈ സ്റ്റേഡിയം സൂപ്പർ ബൗൾ ചാംപ്യന്മാരായ ന്യൂയോർക്ക് ജയന്റ്സ്, ന്യൂയോർക്ക് ജെറ്റ്സ് എന്നിവരുടെ ഹോം ഗ്രൗണ്ടാണ്. 2014ലെ സൂപ്പർ ബൗൾ മത്സരത്തിനും 2025-ലെ ആദ്യ ക്ലബ് ലോകകപ്പ് ഫൈനലിനും ഈ ടൂർണമെന്റിലെ 7 മത്സരങ്ങൾക്കും സ്റ്റേഡിയം ഇതിനകം വേദിയായിട്ടുണ്ട്.

സ്പെയിൻ റോഡ് ടു ഫൈനൽ

ടൂർണമെന്റിലെ പ്രിയപ്പെട്ടവരായി എത്തിയ സ്പെയിനിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ​ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ കാബോ വെർദെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചു. എന്നാൽ അടുത്ത മത്സരത്തിൽ സൗദി അറേബ്യയെ സ്പാനിഷ് സംഘം 4-0 ന് അവർ തകർത്തു വിട്ടു. മൂന്നാം മത്സരത്തിൽ ഉറു​ഗ്വെയെ 1-0 നും പരാജയപ്പെടുത്തി.

റൗണ്ട് ഓഫ് 32ൽ ഓസ്ട്രിയയെ 3-1 ന് തോൽപ്പിച്ച് സ്പെയിൻ തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചെത്തി. റൗണ്ട് ഓഫ് 16ൽ പോർച്ചുഗലിനെതിരായ കടുത്ത പോരാട്ടത്തിൽ 91ാം മിനിറ്റിൽ മിതകേൽ മെറിനോ നേടിയ ഏക ഗോളിനാണ് സ്പെയിനിന്റെ വിജയം. ക്വാർട്ടർ ഫൈനലിൽ ഫാബിയൻ റൂയിസ്, മെറിനോ എന്നിവരുടെ ഗോളുകളിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചു. സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ 2-0 ന് നിഷ്പ്രഭമാക്കി. മികേൽ ഒയാർസബാൽ (പെനാൽറ്റി), പെഡ്രോ പോറോ എന്നിവരായിരുന്നു സ്കോറർമാർ.

അർജന്റീന റോഡ് ടു ഫൈനൽ

നായകൻ ലയണൽ മെസിയുടെ തകർപ്പൻ പ്രകടനത്തോടെയാണ് അർജന്റീന ലോകകപ്പ് ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ മെസി ഹാട്രിക് നേടി. ഓസ്ട്രിയക്കെതിരായ തൊട്ടടുത്ത മത്സരത്തിൽ മെസി തന്റെ 18ാം ലോകകപ്പ് ഗോൾ നേടി മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തകർത്തു. ജോർദാനെ 3-1 ന് തോൽപ്പിച്ച് അവർ ഗ്രൂപ്പ് ചാംപ്യന്മാരായി.

റൗണ്ട് ഓഫ് 32ൽ അർജന്റീന ഏറെ ബുദ്ധിമുട്ടി. കാബോ വെർദെയ്ക്കെതിരെ എക്സ്ട്രാ ടൈമിൽ എതിരാളികൾ വഴങ്ങിയ സെൽഫ് ഗോളിന്റെ (ഡിനി ബോർഗസ്) ബലത്തിലാണ് അർജന്റീന (3-3) രക്ഷപ്പെട്ടത്. റൗണ്ട് ഓഫ് 16ൽ ഈജിപ്തിനെതിരെ 2-0 ന് പിന്നിലായ ശേഷം 79ാം മിനിറ്റിൽ തിരിച്ചടിച്ച് ഇഞ്ച്വറി ടൈമിൽ വിജയം സ്വന്തമാക്കി (3-2). ക്വാർട്ടർ ഫൈനലിൽ 10 പേരുമായി കളിച്ച സ്വിറ്റ്‌സർലൻഡിനെ എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ 3-1 ന് തോൽപ്പിച്ചു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ആന്റണി ഗോർഡൻ വഴിയൊരുക്കിയ ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളിൽ അർജന്റീന 2-1 ന്റെ ആവേശ വിജയം നേടുകയായിരുന്നു.

ലോകകപ്പ് ചരിത്രം

സ്പെയിൻ ഇതുവരെ ഒരു തവണ മാത്രമേ ലോകകപ്പ് നേടിയിട്ടുള്ളൂ (2010 ദക്ഷിണാഫ്രിക്ക ലോകകപ്പ്). ഫൈനലിൽ നെതർലൻഡ്സിനെതിരെ ആന്ദ്രെ ഇനിയേസ്റ്റ 116ാം മിനിറ്റിൽ നേടിയ ഗോളിലാണ് സ്പെയിൻ കിരീടം ചൂടിയത്. എന്നാൽ അതിനു ശേഷം 2014ൽ അവർ ഗ്രൂപ്പ് ഘട്ടത്തിലും, 2018, 2022 വർഷങ്ങളിൽ റൗണ്ട് ഓഫ് 16ൽ പെനാൽറ്റി ഷൂട്ടൗട്ടിലും പുറത്തായി.

അർജന്റീന മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട് (1978, 1986, 2022). 1986ൽ ഡീഗോ മറഡോണയുടെ മാന്ത്രിക പ്രകടനത്തിലായിരുന്നു കിരീടമെങ്കിൽ 2022-ൽ ലയണൽ മെസിയുടെ വിസ്മയ പ്രകടനത്തിലായിരുന്നു അർജന്റീനയുടെ വിജയം. ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്. കൂടാതെ 1990ലും 2014-ലും അവർ റണ്ണേഴ്‌സ് അപ്പായി.

മുൻകാല ചരിത്രം

അർജന്റീനയും സ്പെയിനും ഇതുവരെ 14 മത്സരങ്ങളിൽ നേർക്കുനേർ വന്നിട്ടുണ്ട്. ഇരുടീമുകളും 6 മത്സരങ്ങൾ വീതം വിജയിച്ചപ്പോൾ 2 മത്സരങ്ങൾ സമനിലയിലായി.

ലോകകപ്പ് ചരിത്രത്തിൽ ഒരേയൊരു തവണ മാത്രമേ ഇവർ ഏറ്റുമുട്ടിയിട്ടുള്ളൂ (1966 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം). അന്ന് അർജന്റീന 2-1 ന് വിജയിച്ചു. എന്നാൽ ഇരുവരും തമ്മിൽ കളിച്ച അവസാന സൗഹൃദ മത്സരത്തിൽ (2018) ഇസ്കോയുടെ ഹാട്രിക്കിന്റെ കരുത്തിൽ സ്പെയിൻ അർജന്റീനയെ 6-1 ന് തകർത്തിരുന്നു.

ഫൈനലിലെ മറ്റ് വിശേഷങ്ങൾ

സൂപ്പർ ബൗൾ സ്റ്റൈൽ ഹാഫ്- ടൈം ഷോ: ഫിഫയുടെ പുതിയ നിയമപ്രകാരം ഫൈനലിലെ പകുതി സമയത്തെ ഇടവേള 30 മിനിറ്റ് വരെ നീണ്ടുനിന്നേക്കാം.

വൻ താരനിരയുടെ സംഗീതവിരുന്ന്: മഡോണ, ജസ്റ്റിൻ ബീബർ, ഷക്കീറ, ബിടിഎസ്, ബർണാ ബോയ്, ഗുസ്താവോ ദുദമേൽ, കോൾഡ്പ്ലേ എന്നിവരുടെ സംഗീത പരിപാടികൾ അരങ്ങേറും. കൂടാതെ മത്സരത്തിന് 90 മിനിറ്റ് മുന്നേ നടക്കുന്ന സമാപന ചടങ്ങിൽ റോബി വില്യംസ്, ടോം ക്രൂസ്, നിക്കോൾ ഷെർസിങർ പങ്കെടുക്കും.

പ്രസിഡന്റിന്റെ സാന്നിധ്യം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫൈനൽ മത്സരം കാണാൻ എത്തുമെന്നും വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അടുത്ത ലോകകപ്പ് (2030) എവിടെ?

2030 ഫിഫ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലായി സംയുക്തമായാണ് നടക്കുന്നത്. ലോകകപ്പിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് മത്സരങ്ങൾ ഉറു​ഗ്വെ (മോണ്ടെവീഡിയോ), അർജന്റീന (ബ്യൂണസ് അയേഴ്സ്), പരാ​ഗ്വെ (അസുൻസിയോൺ) എന്നീ രാജ്യങ്ങളിൽ വെച്ച് നടത്തപ്പെടും.

The FIFA World Cup 2026 is reaching its climax and will be decided this weekend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല'; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

'രണ്ടാമത്തെ കീമോയ്ക്ക് ശേഷം അഞ്ച് ദിവസം ഐസിയുവിൽ, തിരിച്ചു വരും എന്നാണ് ഉറച്ച വിശ്വാസം'; ആരോ​ഗ്യാവസ്ഥ പറഞ്ഞ് രേണു

'മകളെ വിവാഹം കഴിച്ചു കൊടുത്തില്ല'; സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍, പ്രതികള്‍ക്കായി തിരച്ചില്‍

80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കണം; കേന്ദ്ര നിരക്ക് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

പൂഴി വിൽക്കാൻ ലൈസൻസ് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങി; മൈനിംഗ് ആൻഡ് ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ