ന്യൂജേഴ്സി: ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്ന സ്‌പെയിന്‍ ക്യാമ്പില്‍ നിന്ന് ആരാധകരെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്ത്. സ്‌പെയിനിന്റെ കൗമാര വിസ്മയം ലാമിന്‍ യമാല്‍ പരിക്കിന്റെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച നടന്ന പ്രധാന ടീം പരിശീലന സെഷനില്‍ യമാല്‍ പങ്കെടുത്തില്ല. ഇടത് തുടയില്‍ വലിയ രീതിയില്‍ സ്ട്രാപ്പിങ് (ബാന്‍ഡേജ്) ധരിച്ച് താരം തനിച്ച് പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സ്പാനിഷ് ആരാധകര്‍ക്കിടയില്‍ ആശങ്ക ശക്തമായത്.
സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരായ വിജയത്തിന് ശേഷം യമാലിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഫ്രാന്‍സുമായുള്ള മത്സരത്തില്‍ സ്‌പെയിനിനായി പെനാല്‍റ്റി നേടിയെടുക്കുന്നതില്‍ യമാല്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ മത്സരത്തിലുടനീളം ഫ്രഞ്ച് പ്രതിരോധ നിരയില്‍ നിന്ന് കടുത്ത ഫൗളുകളാണ് 18കാരന് നേരിടേണ്ടി വന്നത്. മികച്ച കളിക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ഫൗളുകള്‍ക്കെതിരെ റഫറിമാര്‍ കര്‍ശനമായി ഇടപെടണമെന്ന് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി മത്സരശേഷം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യമാലിന് പുറമേ റൈറ്റ് ബാക്ക് താരം പെഡ്രോ പോറോയും പ്രധാന ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. പേശിവലിവിനെത്തുടര്‍ന്ന് പോറോയും യമാലിനൊപ്പം ന്യൂജേഴ്സിയില്‍ പ്രത്യേകമായാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരിശീലനം നടത്തിയത്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇരുതാരങ്ങളും കളിക്കാന്‍ പൂര്‍ണ സജ്ജരായിരിക്കുമെന്നുമാണ് മെഡിക്കല്‍ സംഘം നല്‍കുന്ന സൂചന. താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിശീലനം നല്‍കിയതെന്നും കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ വ്യക്തമാക്കി.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഹാംസ്ട്രിങ് പരിക്കില്‍ നിന്ന് പൂര്‍ണമുക്തി നേടാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ യമാലിന് മുഴുവന്‍ സമയവും കളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍, ഫൈനല്‍ പോലുള്ള വലിയ പോരാട്ടത്തിന് തൊട്ടുമുന്‍പ് താരം സ്ട്രാപ്പിങ്ങുമായി പ്രത്യക്ഷപ്പെട്ടത് ആരാധകരെയും ഫുട്‌ബോള്‍ നിരീക്ഷകരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടാന്‍ സ്‌പെയിന്‍ ഇറങ്ങുമ്പോള്‍ യമാലിന്റെ സാന്നിധ്യം ടീമിന് ഏറെ നിര്‍ണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates