ലൊസാഞ്ചലസ്: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ തകര്‍ത്ത് സെമി ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്ര നേട്ടം സ്വന്തമാക്കി സ്പാനിഷ് പട. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചതോടെ, തുടര്‍ച്ചയായ 36 അന്താരാഷ്ട്ര മത്സരങ്ങളില്‍ തോല്‍വി അറിയാതെയുള്ള സ്‌പെയിന്റെ അപരാജിത കുതിപ്പ് അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച റെക്കോര്‍ഡിനൊപ്പമെത്തി.
2019-നും 2022-നും ഇടയില്‍ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന കുറിച്ച 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ സ്‌പെയിന്‍ എത്തിനില്‍ക്കുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇനി ഇറ്റലിയുടെ 37 മത്സരങ്ങളുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് മാത്രമാണ് സ്‌പെയിന് മുന്നിലുള്ളത്. വരാനിരിക്കുന്ന സെമി ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാല്‍ ഇറ്റലിയുടെ ആ ചരിത്ര നേട്ടത്തിനൊപ്പമെത്താന്‍ ലാ റോജയ്ക്ക് സാധിക്കും.
ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാടകീയമായ നിമിഷങ്ങള്‍ക്കൊടുവിലാണ് സ്‌പെയിന്‍ വിജയം പിടിച്ചെടുത്തത്. 30-ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസിലൂടെ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 41-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റെലെയര്‍ ഹെഡ്ഡറിലൂടെ സമനില ഗോള്‍ നേടി. ഈ ലോകകപ്പില്‍ സ്‌പെയിന്‍ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ഇതോടെ ടൂര്‍ണമെന്റിലുടനീളം ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ കാത്തുസൂക്ഷിച്ച ക്ലീന്‍ ഷീറ്റ് റെക്കോര്‍ഡിനാണ് ബെല്‍ജിയം അറുതി വരുത്തിയത്.
രണ്ടാം പകുതിയില്‍ കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍, 88-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറിനോയാണ് സ്‌പെയിന്റെ വിജയഗോള്‍ നേടിയത്. നേരത്തെ പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെയും അവസാന നിമിഷത്തില്‍ ഗോള്‍ നേടി മെറിനോ ടീമിന്റെ രക്ഷകനായിരുന്നു. ചൊവ്വാഴ്ച ടെക്‌സാസിലെ ആര്‍ലിങ്ടണില്‍ നടക്കുന്ന സെമി ഫൈനലില്‍ സ്‌പെയിന്‍ കരുത്തരായ ഫ്രാന്‍സിനെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates