പാരീസ്: ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ടീമിനും, പോരാട്ടത്തിന്റെ അവസാന പടിയില്‍ കാലിടറിയ ക്രൊയേഷ്യന്‍ ടീമിനും ജന്മനാട്ടില്‍ വീരോചിതമായ വരവേല്‍പ്പ്. വിശ്വകിരീടവുമായി ഫ്രഞ്ച് ടീം ജനസാഗരത്തിലേക്കാണ് വന്നിറങ്ങിയത്. പതിനായിരക്കണക്കിന് വരുന്ന ആരാധകരുടെ ആര്‍പ്പുവിളികളോടെയാണ് ഫ്രഞ്ച് ടീമിനെ വരവേറ്റത്. തിങ്കളാഴ്ച്ച ഉച്ച മുതല്‍ പതിനായിരക്കണക്കിന് ആരാധകരാണ് ടീമിനെ വരവേല്‍ക്കാന്‍ ഷാംപ് എലീസിയില്‍ കാത്തുനിന്നത്. ആ ആരാധക്കൂട്ടത്തിനിടയിലേക്ക് കിരീടവുമായി ഫ്രഞ്ച് സംഘം വന്നിറങ്ങിയതോടെ ആരവം മുഴങ്ങി. തുറന്ന ബസില്‍ യാത്ര തുടങ്ങിയ ടീമംഗങ്ങള്‍ ആരാധകരെ അഭിവാദ്യം ചെയ്തു.
പോരാട്ടത്തിന്റെ അവസാന പടിയില്‍ കാലിടറി വീണെങ്കിലും ക്രൊയേഷ്യന്‍ ടീമിനും ആവേശോജ്ജ്വല സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്. ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗരിബിലെ പ്രധാന ചത്വരത്തില്‍ ഒരു ലക്ഷത്തിലധികം വരുന്ന ഫുട്‌ബോള്‍ ആരാധകരാണ് താരങ്ങളെ ഒരു നോക്കുകാണാന്‍ തടിച്ചുകൂടിയത്. ഗോള്‍ഡന്‍ ബോള്‍ ജേതാവും ടീമിന്റെ വീര നായകനുമായ ലുക്കാ മോഡ്രിക്കിന്റെ നേതൃത്വത്തിലായിരുന്നു ഫുട്‌ബോള്‍ താരങ്ങള്‍ തെരുവിലുടെ നീങ്ങിയത്. മുകള്‍വശം തുറന്ന ബസില്‍ ആര്‍പ്പുവിളികളോടെ വരവേറ്റ ആരാധകരെ അഭിവാദ്യം ചെയ്യാനും താരങ്ങള്‍ മറന്നില്ല.
ഫ്രഞ്ച് ടീമംഗങ്ങളേയും വഹിച്ചുകൊണ്ടുള്ള എയര്‍ ഫ്രാന്‍സ് വിമാനം പ്രാദേശിക സമയം വൈകുന്നേരം 4.40ഓടെ ഷാര്‍ലെ ദെ ഗോള്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. കളിക്കാര്‍ പുറത്തിറങ്ങും മുമ്പെ വിമാനത്തിന് മുകളില്‍ ഇരുവശങ്ങളില്‍ നിന്നും വെള്ളം ചീറ്റി (വാട്ടര്‍ സല്യൂട്ട്). തുടര്‍ന്ന് സ്വര്‍ണക്കപ്പുമായി ആദ്യം പുറത്തിറങ്ങിയത് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സുമാണ്. ഇരുവരും ആള്‍ക്കൂട്ടത്തിലേക്ക് ട്രോഫി ഉയര്‍ത്തിക്കാട്ടി. പിന്നീട് ടീമംഗങ്ങള്‍ ഓരോരുത്തരായി താഴെ വിരിച്ച ചുവന്ന പരവതാനിയിലേക്കിറങ്ങി.അതിനു ശേഷം തയ്യാറാക്കി വെച്ചിരുന്ന തുറന്ന ബസ്സില്‍ ടീം പാരിസ് നഗരത്തെ വലയം വെച്ചു. ആരാധകരുടെ സ്‌നേഹാരവങ്ങള്‍ ഏറ്റുവാങ്ങി. ഈ യാത്ര ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിലാണ് സമാപിച്ചത്.
ക്രൊയേഷ്യയുടെ ജേഴ്‌സി ധരിച്ചായിരുന്നു ആരാധകര്‍ അവരുടെ വീരപുരുഷന്മാരെ സ്വീകരിച്ചത്. ചാമ്പ്യന്‍സ് എന്ന ആര്‍പ്പുവിളികള്‍ നഗരത്തില്‍ പ്രകമ്പനം കൊളളിച്ചു. 40 ലക്ഷം മാത്രം വരുന്ന ചെറിയ ജനസംഖ്യയുളള രാജ്യമാണ് ക്രൊയേഷ്യ. 'ഞങ്ങള്‍ കുറച്ചുപേരുമാത്രമേയുളളു, എന്നാല്‍ അത് തന്നെ ധാരാളം' എന്ന ബാനറുകളും തെരുവുകളില്‍ നിറഞ്ഞുനിന്നു. ഓഫീസുകളും ഷോപ്പുകളും അടച്ചുപൂട്ടിയാണ് രാജ്യത്തിന്റെ വികാരത്തില്‍ എല്ലാവരും പങ്കെടുത്തത്. പ്രാദേശിക സമയം വൈകീട്ട് 3.25നാണ് താരങ്ങളെയും വഹിച്ചുളള വിമാനം ക്രൊയഷ്യന്‍ മണ്ണില്‍ ലാന്‍ഡ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates