ഫുട്ബോൾ ലോകകപ്പ്

ഓര്‍മകളുടെ കിനാവും കണ്ണീരും; ക്രിസ്റ്റ്യാനോയുടെ ഫ്രീ കിക്ക്, മെസിയുടെ മടക്കം, ജര്‍മനിയുടെ വീഴ്ച

പതിവിന് വിപരീതമായി റഷ്യന്‍ ലോകകപ്പ് ഇതുവരെ നടന്ന ലോക പോരാട്ട ചരിത്രത്തെ മറ്റൊരു തരത്തില്‍ വായിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

രോ ലോകകപ്പും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ ധാരാളം സമ്മാനിക്കാറുണ്ട്. പതിവിന് വിപരീതമായി റഷ്യന്‍ ലോകകപ്പ് ഇതുവരെ നടന്ന ലോക പോരാട്ട ചരിത്രത്തെ മറ്റൊരു തരത്തില്‍ വായിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു. അതില്‍ പ്രധാനം ദുര്‍ബലര്‍ എന്ന കണക്കുകൂട്ടല്‍ ഇനി വേണ്ട എന്ന മുന്നറിയിപ്പാണ്. ആരും ആരോടും ജയിക്കും എന്ന അവസ്ഥയിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. അതുകൊണ്ടു തന്നെ ചില മത്സരങ്ങളും ചില താരങ്ങളും മറവിയിലേക്ക് അത്രപെട്ടന്ന് തള്ളപ്പെടുമെന്ന് തോന്നുന്നില്ല. ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കെ ആദ്യ ഘട്ടത്തിലെ ചില മുഹൂര്‍ത്തങ്ങളിലൂടെ. 

ക്രിസ്റ്റിയാനോ ഡാ: പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന അതികായനും മറ്റുള്ള താരങ്ങളും തമ്മിലുള്ള അന്തരമെന്താണെന്ന് ലോകം ശരിക്കും കണ്ടത് റഷ്യയിലാണെന്ന് പറയാം. അതി സുന്ദരമായി കളിച്ച സ്‌പെയിനിനെ (അതിന് ശേഷം ഒരു മത്സരത്തില്‍ പോലും സ്‌പെയിന്‍ ഇത്ര മനോഹരമായി കളിച്ചിട്ടില്ല) എണ്ണം പറഞ്ഞ ഹാട്രിക്കിലൂടെ വരുതിയില്‍ നിര്‍ത്തിയ മികവിലുണ്ടായിരുന്നു ആ മനുഷ്യന്റെ കളിയോടുള്ള സമീപനത്തിന്റെ മുഴുവന്‍ ഉത്തരങ്ങളും. പോര്‍ച്ചുഗല്‍ ടീം 3-2ന് പിന്നില്‍ നില്‍ക്കേ അവസാന ഘട്ടത്തോടടുത്തപ്പോള്‍ ക്രിസ്റ്റിയാനോ എടുത്ത ഫ്രീ കിക്ക് പാറിപ്പറന്ന് വലയില്‍ കയറിയ ആ നിമിഷത്തില്‍ ലോകം അസ്തപ്രജ്ഞം.

നെയ്മര്‍: ബ്രസീല്‍ സൂപ്പര്‍ താരത്തിന്റെ പ്രതിഭയെ സംബന്ധിച്ച് ആര്‍ക്കും സംശയമില്ല. ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്തായെങ്കിലും ഒരു പക്ഷേ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഫൗളിന് വിധേയനായ താരം നെയ്മറായിരിക്കും. പക്ഷേ ആ സഹതാപം പോലും ലഭിക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നില്ല നെയ്മറെ വാര്‍ത്തകളില്‍ നിറച്ചത്. ഫൗളിന് വിധേയനാകുമ്പോള്‍ താരം മൈതാനത്ത് കാണിച്ചുകൂട്ടിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ പരിഹാസ്യമായി. ട്രോളുകളുടെ പെരുമഴയാണ് ലോകമെമ്പാടും നിന്നും നെയ്മറിന് നേരിടേണ്ടി വന്നത്. 

സന്‍ ഹ്യൂങ് മിന്‍: നിലവിലെ ചാംപ്യന്‍മാരായി എത്തിയ ജര്‍മനിയുടെ പരാജയം ഉറപ്പാക്കിയ രണ്ടാം ഗോളിനുടമ. കൂട്ട ആക്രമണം ലക്ഷ്യമിട്ട് ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ വരെ കൊറിയന്‍ പോസ്റ്റിലേക്കെത്തിയപ്പോള്‍ പന്തുമായി കുതിച്ച് ജര്‍മനിയുടെ ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ച് സന്‍ ഹ്യൂങ് മിന്‍ കൊറിയന്‍ ടീമിന് എന്നെന്നും ഓര്‍ക്കാനുള്ള വിജയം ഉറപ്പാക്കി. 

ഷൂട്ടൗട്ട് അതിജീവനം: ഇംഗ്ലണ്ട് ടീമിന്റെ നോക്കൗട്ട് ഘട്ടത്തിലെ പെനാല്‍റ്റി ഷൂട്ടൗട്ട് ദുരന്തങ്ങള്‍ പ്രസിദ്ധമാണ്. ഏതാണ്ട് എല്ലാ തവണയും വന്‍ താരങ്ങളുമായി എത്തി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് നിരാശരായി മടങ്ങുന്നതായിരുന്നു അവരുടെ ചരിത്രം. 1990ലും 1998ലും 2006ലും ഇത് തുടര്‍ന്നു. എന്നാല്‍ ഇത്തവണ കഥ മാറ്റിയെഴുതാന്‍ ഇംഗ്ലീഷ് സംഘത്തിന് സാധിച്ചു. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരേ അവര്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വിജയിച്ചാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് കൊളംബിയന്‍ താരം കാര്‍ലോസ് ബക്കയുടെ കിക്ക് തടുത്ത് താരമായി. 

റഷ്യ: ഈ ലോകകപ്പില്‍ കളിച്ച ഏറ്റവും താഴെ റാങ്കുള്ളവരായിരുന്നു ആതിഥേയരായ റഷ്യ. ഒന്‍പത് മാസത്തിനിടെ ഒരു മത്സരവും വിജയിക്കാതെയാണ് അവര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഏഷ്യന്‍ കരുത്തരായ സൗദി അറേബ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തുരത്തി അവര്‍ റഷ്യന്‍ ലോകകപ്പിന് ഗംഭീര തുടക്കമാണ് നല്‍കിയത്. അതൊരു മുന്നേറ്റത്തിനുള്ള നാന്ദിയായിരുന്നു. മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ അട്ടിമറിച്ച് അവര്‍ ക്വാര്‍ട്ടര്‍ വരെയെത്തി. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് അവസാന ഘട്ടം വരെ പൊരുതി വീരോചിതമായി തന്നെ അവര്‍ തലയുയര്‍ത്തി മടങ്ങി. 

അഹമ്മദ് മൂസ: ഐസ്‌ലന്‍ഡിനെതിരേ നൈജീരിയക്കായി അഹമ്മദ് മൂസ നേടിയ ഇരട്ട ഗോളുകള്‍. ഹാഫ് വോളിയിലൂടെ നേടിയ ആദ്യ ഗോളിലും പിന്നീട് നേടിയ രണ്ടാം ഗോളിലും പ്രതിഭയുടെ കൈയൊപ്പ് ആവോളം പതിഞ്ഞിരുന്നു. 

ബെഞ്ചമിന്‍ പവാര്‍ഡ്: പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പകുതിയില്‍ അര്‍ജന്റീന 2-1ന് മുന്നില്‍ നില്‍ക്കേ ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോള്‍ ഫ്രാന്‍സിന് തിരിച്ചുവരാനുള്ള അവസരമൊരുക്കി. മത്സരം ഫ്രാന്‍സ് 4-3ന് സ്വന്തമാക്കി. 

കെവിന്‍ ഡി ബ്രുയ്ന്‍: ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ ജയം ഉറപ്പാക്കി ഡി ബ്രുയ്ന്‍ നേടിയ ഗോളില്‍ അയാളുടെ പ്രതിഭാ സ്പര്‍ശം മുഴുവനുണ്ടായിരുന്നു. ലുകാക്കുവിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് വെടിയുണ്ട കണക്കെ തൊടുത്ത ഷോട്ട് ബ്രസീലിന് പുറത്തേക്കുള്ള വഴി കാണിച്ചു. 

ഡെനിസ് ചെറിഷേവ്: ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം ഡെനിസ് ചെറിഷേവ് നേടിയ ലോങ് റേഞ്ച് ഷോട്ട്. ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നായി. റഷ്യയുടെ ക്വാര്‍ട്ടര്‍ വരെയുള്ള കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചത് ചെറിഷേവായിരുന്നു. 

ലയണല്‍ മെസി: ഒരിക്കല്‍ കൂടി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി തല താഴ്ത്തി മടങ്ങി. ലോക കിരീടമില്ലാതെ ആ കരിയര്‍ പൂര്‍ണമാകില്ലെന്ന വിലയിരുത്തകള്‍ ഇനിയും തുടരുമെന്ന് ചുരുക്കം. ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ മെസി പെനാല്‍റ്റി പാഴാക്കിയത് അവിശ്വസനീയം. നൈജീരിയക്കെതിരേ മാഗ്നിഫിഷ്യന്റ് ഷോട്ടിലൂടെ മെസി തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയെങ്കിലും അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ തന്നെ മടങ്ങി. 

ആഫ്രിക്ക: 1982ന് ശേഷം ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം പോലുമില്ലാതെ നോക്കൗട്ട് മത്സരങ്ങള്‍ അരങ്ങേറി ഇത്തവണ. സെനഗല്‍, നൈജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ ടീമുകളായിരുന്ന ആഫ്രിക്കന്‍ പ്രതിനിധികള്‍. 

ഏഷ്യ: ഏഷ്യന്‍ ടീമുകളില്‍ അഞ്ചില്‍ നാല് പേരും ഒരു വിജയം സ്വന്തമാക്കിയാണ് മടങ്ങിയത്. ഇറാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ ടീമുകള്‍ ഒരു വിജയത്തോടെ ആദ്യ റൗണ്ടില്‍ തന്നെ മടങ്ങിയപ്പോള്‍ ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തി. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയവുമായി 3-2ന് പൊരുതി വീണു. 

ജര്‍മനി: അവിശ്വസനീയമായ പതനമായിരുന്നു ജര്‍മനിയുടേത്. ലോക ചാംപ്യന്‍മാര്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന പതിവ് ഇത്തവണ ജര്‍മനി തെറ്റിക്കുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതായിരുന്നു അവരുടെ പ്രകടനം. പന്ത് കൈവശം വച്ച് കളിക്കല്‍ മാത്രമല്ല ഫുട്‌ബോള്‍ എന്നും ഗോളടിച്ചാല്‍ മാത്രമേ കാര്യമുള്ളു എന്ന  പ്രാധമിക പാഠം അവര്‍ക്ക് പഠിക്കേണ്ടി വന്നതാണ് നിലവിലെ ചാംപ്യന്‍മാരുടെ പുറത്താകലിന്റെ ആകെത്തുക. മെക്‌സിക്കോയോടും കൊറിയയോടും തോറ്റ അവര്‍ സ്വീഡനുമായുള്ള മത്സരത്തിന്റെ അവസാന നിമിഷം ഗോള്‍ നേടി വിജയം പിടിച്ചാണ് ആയുസ് നീട്ടിയത്. പക്ഷേ കൊറിയക്ക് മുന്നില്‍ അത് അവസാനിച്ച് അവര്‍ തല കുനിച്ച് മടങ്ങി. 

നിക്കോളാസ് കലിനിച്: ഈ ലോകകപ്പിലെ ഏറ്റവും വലിയ നഷ്ടം ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഈ മനുഷ്യന്റെ പേരാണ് ഉത്തരം. ക്രൊയേഷ്യന്‍ താരമായ കലിനിച് പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോച്ചിന്റെ അതൃപ്തി ഏറ്റുവാങ്ങി. ടൂര്‍ണമെന്റ് തുടങ്ങി അഞ്ചാം ദിനത്തില്‍ തന്നെ താരത്തിന് നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. പരുക്കിന്റെ പേര് പറഞ്ഞ് സൗഹൃദ മത്സരത്തിലും കലിനിച് പകരക്കാരനാകാന്‍ വിസമ്മതിച്ചിരുന്നു. ഇതേ കാരണം പലപ്പോഴും പറഞ്ഞ് താരം പരിശീലനം മുടക്കാറുണ്ടെന്നും കോച്ച് സ്ലട്‌കോ ഡാലിച് പറയുന്നു. സ്വന്തം ടീമിന്റെ ഫൈനല്‍ പോരാട്ടം താരത്തിന് ഇനി വീട്ടിലിരുന്ന് ടെലിവിഷനില്‍ കാണാം. വാശിയും ഈഗോയും കൊണ്ട് അവസരം നശിപ്പിച്ചതിന് സ്വയം പഴിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT