gautam gambhir x
Sports

ഗംഭീറിനു പകരം വിവിഎസ് ലക്ഷ്മണ്‍! ടെസ്റ്റില്‍ കോച്ചിനെ മാറ്റുന്നു?

ഗംഭീറിനു കീഴില്‍ ഇന്ത്യക്കു 10 ടെസ്റ്റുകളില്‍ പരാജയം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടീം പരിശീലകനെന്ന നിലയില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീറിന്റെ പ്രകടനം നിലവില്‍ മികച്ചതാണ്. എന്നാല്‍ ടെസ്റ്റില്‍ അതിദയനീയമാണ് ഗംഭീറിന്റെ തന്ത്രങ്ങളില്‍ ഇന്ത്യയുടെ പ്രകടനം. സമീപ കാലത്തെ ഏറ്റവും മോശം ടെസ്റ്റ് പ്രകടനങ്ങളാണ് ഇന്ത്യയുടേത്. ടെസ്റ്റ് ടീമിനു മാത്രമായി മറ്റൊരു പരിശീലകന്‍ എന്നതു ബിസിസിഐ കാര്യമായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതായത് ഗംഭീറിനെ ഏകദിന, ടി20 പരിശീലകനായി നിലനിര്‍ത്തി ടെസ്റ്റില്‍ വിവിഎസ് ലക്ഷ്മണിനെ കോച്ചാക്കാനുള്ള ആലോചനയിലാണ് ബിസിസിഐ എന്നാണ് പുറത്തു വരുന്ന സൂചനകള്‍.

എസ്ഇഎന്‍എ രാജ്യങ്ങള്‍ക്കെതിരെ സമീപ കാലത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം മോശമായതാണ് ബിസിസിഐയുടെ മനം മാറ്റത്തിനു പിന്നില്‍. ഇംഗ്ലീഷ് മണ്ണില്‍ 2-2നു പരമ്പര സമനിലയില്‍ സ്വന്തമാക്കി സച്ചിന്‍- ആന്‍ഡേഴ്‌സന്‍ ട്രോഫി കൈവിട്ടില്ല എന്നതു മാത്രമാണ് നിലവില്‍ ടെസ്റ്റില്‍ ഗംഭീറിനു ആശ്വസിക്കാനുള്ള ഏക കാര്യം. സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പര സമ്പൂര്‍ണമായി തോറ്റ് അടിയറവ് വച്ചതും ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പ്രകടനം പറ്റെ മോശമായതും ഗംഭീറിന്റെ കീഴിലാണ്. 10 ടെസ്റ്റ് തോല്‍വികളാണ് ഇന്ത്യ സമീപ കാലത്ത് നേരിട്ടത്.

ഈയടുത്ത് ദക്ഷിണാഫ്രിക്കയോടു 2 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ ബിസിസിഐയിലെ ചില അംഗങ്ങള്‍ വിവിഎസ് ലക്ഷ്മണെ സമീപിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തേക്ക് താത്പര്യമുണ്ടോ എന്നു അന്വേഷിച്ചതായാണ് വിവരം.

നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കദമിയായ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ തലവനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്മണ്‍. അദ്ദേഹം ഈ സ്ഥാനത്ത് സന്തുഷ്ടനാണ്. അതിനാല്‍ തന്നെ ടെസ്റ്റ് പരിശീലകനെന്ന സ്ഥാനം ഏറ്റെടുക്കുമെന്ന ഉറപ്പ് ഇതുവരെ കിട്ടിയിട്ടില്ല. അദ്ദേഹം ഈ സ്ഥാനത്തോടു വലിയ താത്പര്യം ഇതുവരെ കാണിക്കാത്തത് ഗംഭീറിന്റെ സ്ഥാനത്തിനു തത്കാലം ഉറപ്പു നല്‍കുന്നുണ്ട്.

നിലവില്‍ ഗംഭീറിന്റെ പരിശീലകനെന്ന നിലയിലുള്ള കരാര്‍ 2027ലെ ഏകദിന ലോകകപ്പ് കഴിയുന്നതു വരെയാണ്. ഈയടുത്ത് നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഗംഭീറിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ലോക പോരിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമായാല്‍ കരാര്‍ തീരും മുന്‍പ് തന്നെ ഗംഭീറിനെ ബിസിസിഐ പുറത്താക്കിയേക്കും. ടി20 ലോക കിരീടം ഗംഭീറിനു കീഴില്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ 2027 ലോകകപ്പ് വരെ വൈറ്റ് ബോള്‍ കോച്ചിന്റെ സ്ഥാനം ഭദ്രമായിരിക്കും.

2025-27ലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു ഇനി 9 ടെസ്റ്റ് പോരാട്ടങ്ങള്‍ക്കൂടി ശേഷിക്കുന്നുണ്ട്. ഈ മത്സരങ്ങളിലും ഗംഭീര്‍ തന്നെയാണ് പരിശീലകന്‍ എങ്കില്‍ അതും ബിസിസിഐയുടെ നിരീക്ഷണം തുടരും. ഈ പോരാട്ടങ്ങളില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്താല്‍ ടെസ്റ്റ് കോച്ചെന്ന നിലയിലും അദ്ദേഹം തുടര്‍ന്നേയ്ക്കും. മറിച്ചാണെങ്കില്‍ ടെസ്റ്റിനു മാത്രമായി മറ്റൊരു കോച്ച് വന്നാലും അത്ഭുതം വേണ്ട.

ടി20 ലോകകപ്പിനു ശേഷം ഇന്ത്യ ശ്രീലങ്കന്‍ മണ്ണിലും ന്യൂസിലന്‍ഡിലും ടെസ്റ്റ് കളിക്കാന്‍ പോകുന്നുണ്ട്. സ്വന്തം തട്ടകത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനും ഇറങ്ങുന്നുണ്ട്. ചുരുക്കത്തില്‍ ടെസ്റ്റ് കോച്ചെന്ന നിലയില്‍ മികവ് തെളിയിക്കാന്‍ ഗംഭീറിനു മുന്നില്‍ കടുത്ത വെല്ലുവിളികളുണ്ടെന്നു സാരം.

gautam gambhir's future as India's Test team coach remains in the balance as BCCI reportedly sounded out to VVS Laxman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം

'അര്‍ഹമായ പരിഗണന ലഭിക്കും'; തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ്

4 വയസുകാരന്റെ കഴുത്തിൽ മുറിവ്; മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ദുരൂഹത

'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി

10,000 റണ്‍സിന്റെ നിറവ്! ഗ്രീന്‍ഫീല്‍ഡില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന

SCROLL FOR NEXT