ഹാൻസി ഫ്ളിക്ക്/ ‌ട്വിറ്റർ 
Sports

ഓര്‍മ്മയില്ലേ ‌ബ്രസീലിനെ 7-1ന് തകര്‍ത്തെറിഞ്ഞ ജര്‍മന്‍ ടീമിനെ?; ഇനിയും കാണാം  ആ തന്ത്രങ്ങള്‍; 'ഹാന്‍സി' തിരിച്ചെത്തുന്നു 

ഓര്‍മ്മയില്ലേ ‌ബ്രസീലിനെ 7-1ന് തകര്‍ത്തെറിഞ്ഞ ജര്‍മന്‍ ടീമിനെ; ഇനിയും കാണാം  ആ തന്ത്രങ്ങള്‍; 'ഹാന്‍സി' തിരിച്ചെത്തുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ബയേണ്‍ മ്യൂണിക്ക് കോച്ച് ഹാന്‍സ് ഡെയ്റ്റര്‍ ഫ്‌ളിക്ക് എത്തുന്നു. ഈ സീസണോടെ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന ഫ്‌ളിക്ക് പിന്നാലെ ജര്‍മന്‍ ടീമിന്റെ കോച്ചായി സ്ഥാനമേല്‍ക്കും. ഫ്‌ളിക്കുമായി ജര്‍മന്‍ ടീം മൂന്ന് വര്‍ഷത്തെ കരാറില്‍ എത്തിയതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ 15 വര്‍ഷമായി ജര്‍മന്‍ ടീമിനെ പരിശീലിപ്പിക്കുന്ന ജോക്വിം ലോ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് ഫ്‌ളിക്ക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. 2022ലെ ഖത്തര്‍ ലോകകപ്പിലും 2024ലെ യൂറോ കപ്പിലും ജര്‍മനി ഫ്‌ളിക്കിന്റെ തന്ത്രത്തിലാകും കളിക്കാനിറങ്ങുക.

മാരകമായ ആക്രമണ ഫുട്‌ബോളിന്റെ വക്താവായ ഫ്‌ളിക്ക് ബയേണ്‍ മ്യൂണിക്കില്‍ നിക്കോ കോവാചിന്റെ അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കോവാചിന്റെ കീഴില്‍ ബയേണിന് മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ 2019ല്‍ അദ്ദേഹത്തെ പുറത്താക്കി ഫ്‌ളിക്കിന് പരിശീലകന്റെ താത്കാലിക ചുമതല ക്ലബ് നല്‍കി. 

പിന്നീട് ഉജ്ജ്വലമായ മാറ്റമാണ് ടീമിന് സംഭവിച്ചത്. ഇതോടെ ക്ലബ് ഫ്‌ളിക്കിന് സ്ഥിരം കരാര്‍ നല്‍കി. കുറഞ്ഞ സമയം കൊണ്ട് ഏഴ് കിരീടങ്ങളാണ് ഫ്‌ളിക്ക് ബയേണിന്റെ ഷോക്കേസിലെത്തിച്ചത്. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ബുണ്ടസ് ലീഗ, ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളാണ് ഫ്‌ളിക്കിന്റെ തന്ത്രങ്ങളില്‍ ബയേണ്‍ സ്വന്തമാക്കിയത്. 

ഈ സീസണോടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് ഫ്‌ളിക്ക് ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. ഇതോടെ ജര്‍മനി ടീമിന്റെ പരിശീലക സ്ഥാനം ഫ്‌ളിക്ക് ഏറ്റെടുക്കമെന്ന് അഭ്യൂഹങ്ങളും ഉയര്‍ന്നു. പിന്നാലെയാണ് ഇക്കാര്യങ്ങള്‍ ശരിവച്ച് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. 

നേരത്തെ ജോക്വിം ലോയുടെ സഹ പരിശീകനായി ജര്‍മന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ച മുന്‍ പരിചയവും ഫ്‌ളിക്കിനുണ്ട്. 2006 മുതല്‍ 2014 ലോകകപ്പ് നേട്ടം വരെ ലോയുടെ അസിസ്റ്റന്റ് ഫ്‌ളിക്കായിരുന്നു. 2014 ലോകകപ്പില്‍ ആതിഥേയരായ ബ്രസീലിനെ സെമി ഫൈനല്‍ പോരാട്ടത്തില്‍ 7-1ന് തകര്‍ത്ത, അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കാനറികളെ എടുത്തെറിഞ്ഞ ജര്‍മന്‍ സംഘത്തിന്റെ ആ മാരക കളിയുടെ മാസ്റ്റര്‍ മൈന്‍ഡ് ഫ്‌ളിക്കായിരുന്നു എന്നത് പിന്നീട് പുറത്തു വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം