മുംബൈ: ഈ സീസണിലും മുംബൈ ഇന്ത്യൻസിനു കാര്യമായ നേട്ടങ്ങളൊന്നും ഇല്ലാതെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഐപിഎൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. പിന്നാലെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ടീം വിടാൻ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നു. സീസണിലെ അവസാന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോടു മുംബൈ പരാജയപ്പെട്ടിരുന്നു. പിന്നാലെ ഹർദിക് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. പോസ്റ്റ് വൈറലായതിനു പിന്നാലെ താരം ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകാൻ സാധ്യതയുണ്ടെന്നു ആരാധകർ പ്രവചിക്കുന്നു. ചിലർ താരം രാജസ്ഥാൻ റോയൽസിലേക്ക് മാറുമെന്ന അഭിപ്രായവും പങ്കിടുന്നു.
ഹർദികിന്റെ ഇൻസ്റ്റ പോസ്റ്റിലുള്ള മൊബൈൽ സ്ക്രീനിൽ 07.07 എന്ന സമയമാണ് കാണിക്കുന്നത്. ചെന്നൈയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോനിയുടെ ജേഴ്സി നമ്പർ 07 ആണ്. ഹർദികിനെ ക്യാപ്റ്റനാക്കിയ ശേഷം മുംബൈ ക്ലച്ച് പിടിച്ചിട്ടില്ല. ഈ സീസണിലും ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. വിമർശനങ്ങൾ ഹർദികിനു നേരെ ഉയർന്ന ഘട്ടത്തിൽ താരം ചെന്നൈ സിഇഒ കാശി വിശ്വനാഥുമായി ഏറെ നേരം സംസാരിച്ചിരുന്നു. ഇതും പാണ്ഡ്യയുടെ സിഎസ്കെ പോക്കിന്റെ ചർച്ച കൂടുതൽ സജീവമാക്കി.
ഹർദിക് പങ്കിട്ട ചിത്രത്തിൽ പിങ്ക് നിറത്തിന്റെ സാന്നിധ്യവുമുണ്ട്. ഇതോടെ മറ്റൊരു കൂട്ടം ആരാധകർ ചെന്നൈ അല്ല ഹർദിക് രാജസ്ഥാൻ തിരഞ്ഞെടുക്കുമെന്ന പ്രവചനമാണ് പങ്കിടുന്നത്. ചിത്രത്തിൽ കാണുന്ന നോട്ട് പാഡ്, മൊബൈൽ സ്ക്രീൻ, ഹാർട്ട് ഇമോജി, മൊബൈൽ ഡിസ്പ്ലെയിൽ തെളിയുന്ന 07.07 നമ്പർ എന്നിവയെല്ലാം പിങ്ക് നിറത്തിലാണ്. രാജസ്ഥാൻ റോയൽസിന്റെ ജേഴ്സി നിറവും വച്ച് താരതമ്യം ചെയ്താണ് ആരാധകർ താരം രാജസ്ഥാനിലേക്ക് പോകുമെന്ന നിഗമനത്തിൽ എത്തിയത്.
കളത്തിൽ ഇത്തവണവും ഹർദികിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ പുകഞ്ഞിരുന്നു. അതിനിടെ പരിക്കിനെ തുടർന്നു തുടരെ 3 മത്സരങ്ങൾ അദ്ദേഹത്തിനു നഷ്ടമാകുകയും ചെയ്തു. സൂപ്പർ താരങ്ങളായ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുംറ എന്നിവരുമായി ഹർദിക് അത്ര നല്ല സുഖത്തിലല്ലെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും വാർത്തകൾ വന്നു. കളത്തിൽ ഹർദിക് ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളും സഹ താരങ്ങളോടുള്ള പെരുമാറ്റവമാണ് സൂപ്പർ താരങ്ങളെ ചൊടിപ്പിച്ചത്.
14ൽ 10 കളികളും തോറ്റാണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. 4 ജയങ്ങളുമായി അവർ 8 പോയിന്റുമായി 9ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 16.35 കോടി രൂപ പ്രതിഫലം കൈപ്പറ്റുന്ന ഹർദികിന്റെ വരവ് മുംബൈക്ക് ഒരു നേട്ടവും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല വൻ വിവാദങ്ങൾ ടീമിനെ കാര്യമായി തന്നെ പിടിച്ചുലക്കുകയും ചെയ്തു. അടുത്ത സീസണിലേക്ക് ഹാർദികിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റി പുതിയൊരു ടീമിനെ വാർത്തെടുക്കാനുള്ള ശ്രമം മുംബൈ തുടങ്ങിയാലും അത്ഭുതപ്പെടാനില്ല. ഹർദിക് അടുത്ത സീസണിൽ ടീമിലുണ്ടെങ്കിൽ പോലും ക്യാപ്റ്റൻ സ്ഥാനം ഉറപ്പില്ലാത്ത സ്ഥിതിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates