Spain ap
Sports

'ടീം' സൂപ്പർ സ്റ്റാർ, സ്പെയിൻ ലോകകപ്പ് നേടിയത് എങ്ങനെ?

സ്പെയിനിന്റെ കളി കണ്ടാൽ ക്ഷമ പഠിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

രിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പ് പോരാട്ടത്തിനു തിരശ്ശീല വീണപ്പോൾ, അർഹിച്ച ടീം തന്നെ ചാംപ്യൻമാരായി എന്ന് ഫുട്ബോൾ ലോകം ഒറ്റ വാക്കിൽ പറയുമ്പോൾ, സ്പെയിനിന്റെ കളി കണ്ടവർക്ക് മറുത്തൊരു ചോദ്യം ചോദിക്കാൻ പോലും സാധിക്കില്ല. അത്ര ആധികാരികവും സമ്പൂർണവുമായിരുന്നു സ്പെയിനി‍ന്റെ കിരീട നേട്ടം. മാന്ത്രിക മനുഷ്യനായ ലയണൽ മെസിയുടെ കരുത്തിൽ ആർത്തിരമ്പിയെത്തിയ അർജന്റീനയെ ഫൈനലിൽ തകർത്ത് തരിപ്പണമാക്കി അവർ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത് കൂട്ടായ ഫുട്ബോൾ മികവിന്റേയും മികച്ച തന്ത്രങ്ങളുടെ മാസ്റ്റർ ക്ലാസിന്റേയും പിൻബലത്തിലാണ്.

വൻ താര നിരയുമായി എത്തിയ മറ്റ് ടീമുകളുടെ ആരവങ്ങൾക്കിടെ സ്പെയിൻ നിശബ്ദമായാണ് നീങ്ങിയത്. ടൂർണമെന്റിന്റെ ഭൂരിഭാ​ഗം സമയത്തും അവർ ബഹളമൊന്നുമില്ലാതെ ശ്രദ്ധാകേന്ദ്രങ്ങളിൽ നിന്നു അകന്നു നിൽക്കുകയായിരുന്നു.

അർജന്റീനയുടെ കിരീട സംരക്ഷണത്തിനായി പോരാടിയ ലയണൽ മെസിയിലേക്കും വൻ താരങ്ങൾ അണിനിരന്ന ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയിലേക്കുമായിരുന്നു മുഴുവൻ മാധ്യമ ശ്രദ്ധകളും. എന്നാൽ ലൂയീസ് ഡെലഫ്യുവന്റെയുടെ പരിശീലനത്തിനു കീഴിൽ ഇറങ്ങിയ സ്പെയിൻ കിറുകൃത്യ ​ഗെയിം പ്ലാനാണ് മൈതാനത്ത് നടപ്പാക്കിയത്. കാലിൽ പന്തില്ലാത്തപ്പോഴും അവർ കാണിച്ച നിരന്തര പ്രസിങും കൂട്ടായി ഏകോപനവും വഴി ശരിയായ സമയത്ത് തങ്ങളുടെ മികവിന്റെ ഉച്ചസ്ഥായിയിലെത്താനും ലോകകപ്പ് കിരീടം സ്വന്തമാക്കി മടങ്ങാനും അവർക്കായി.

ടൂർണമെന്റിനു മുന്നോടിയായി സ്പെയിൻ ചർച്ചകളിലേക്ക് വന്നപ്പോഴെല്ലാം ലമീൻ യമാൽ എന്ന കൗമാര വിസ്മയത്തെ ചുറ്റിപ്പറ്റി മാത്രമാണ് ചർച്ചകൾ കൊഴുത്തത്. യൂറോ കപ്പിലെ താരത്തിന്റെ അവിസ്മരണീയ പ്രകടനം ലോകകപ്പിൽ ആവർത്തിക്കമോ എന്നതായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. എന്നാൽ പരിക്കിന്റെ പിടിയിലായിരുന്ന താരത്തിനു തന്റെ പതിവ് വിനാശകരമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ അതൊന്നും സ്പെയിനിനെ ബാധിക്കാത്തതിന്റെ കാരണം ടീമിന്റെ കൂട്ടായ്മയെ തന്നെ അവർ വലിയ ആയുധമാക്കി എടുത്തു എന്നതാണ്. ആ ശൈലിയിൽ സ്പാനിഷ് പട സു​ഗമമായി മുന്നേറുകയും ചെയ്തു.

ഒറ്റ കളിക്കാരനെ മാത്രം അവർ ആശ്രയിച്ചില്ല. വലിയ ആർപ്പുവിളികളില്ലാതെ എത്തിയ മൈക്കൽ ഒയാർസബാൽ (5 നിർണായക ​ഗോളുകളോടെ ടീമിന്റെ നിശബ്ദ എഞ്ചിൻ), ഡാനി ഓൽമോ എന്നിവർ പൂർണമായും തന്ത്രപരമായി ​ഗ്രൗണ്ടിൽ നിലൊകൊണ്ടു. അച്ചടക്കത്തോടെ തങ്ങളുടെ ചുമതല ​ഗംഭീരമായി തന്നെ നിറവേറ്റി.

യൂറോ കപ്പ് നേട്ടത്തിനു ശേഷം ടീമിന്റെ നട്ടെല്ലായി നിന്ന റോഡ്രിക്ക് പരിക്കേറ്റിരുന്നു. താരം ദീർഘനാൾ വിശ്രമത്തിലായിരുന്നു. റോഡ്രി ഇല്ലാതെ പോലും കളിക്കാൻ അതോടെ സ്പെയിൻ ശീലിച്ചു. അദ്ദേഹത്തിന്റെ അഭാവത്തിലും ടീമിന്റെ സ്ഥിരതയ്ക്ക് കോട്ടം വരാതെ കാക്കാൻ പരിശീലകന് സാധിച്ചു. ലോകകപ്പിലേക്കുള്ള റോ‍‍ഡ്രിയുടെ വരവാകട്ടെ ടീമിനെ തകർക്കാൻ പറ്റാത്ത വൻ ശക്തിയായി മാറ്റുകയും ചെയ്തു.

ടീമിന്റെ പ്രധാന ശിൽപ്പി റോഡ്രിയായിരുന്നു. ടൂർണമെന്റിലുടനീളം എണ്ണയിട്ട യന്ത്രം കണക്കെ സ്പെയിൻ ചലിച്ചത് അയാളുടെ ബലത്തിലാണ്. പന്തിലുള്ള ടച്ചുകൾ, പാസുകൾ, മധ്യനിരയിലെ ബോൾ റിക്കവറികൾ എന്നിവയിലെല്ലാം റോഡ്രി കാണിച്ച മികവ് അപാരമായിരുന്നു. ടൂർണമെന്റിലെ താരത്തിനുള്ള ​ഗോൾഡൻ ബോൾ ഏറ്റുവാങ്ങാൻ ഇതിനേക്കാൾ യോ​ഗ്യൻ മറ്റൊരാളില്ല എന്ന് നിസംശയം പറയാൻ പറ്റുന്ന പ്രകടനം. എതിർ ടീമിന്റെ കൗണ്ടർ അറ്റാക്കുകൾ സ്വന്തം പ്രതിരോധത്തിലേക്ക് വരും മുൻപ് തന്നെ തടയാനുള്ള അദ്ദേഹത്തിന്റെ കഴിവ് സ്പെയിനിനെതിരെ തന്ത്രം മെനയുന്ന എതിരാളികളെ തീർത്തും നിരായുധരാക്കുന്നതായി. എത്ര കരുത്തുറ്റ നിരയായാലും സ്പെയിനിനു മുന്നിലെത്തുമ്പോൾ അവരുടെ മധ്യനിര സർവാധിപത്യത്തിനു മുന്നിൽ അക്ഷരാർഥത്തിൽ പതറുന്ന കാഴ്ചയായിരുന്നു.

ടൂർണമെന്റിലുടനീളം ഒരേയൊരു ​ഗോൾ മാത്രം വഴങ്ങിയ സ്പെയിനിന്റെ ശക്തി അവരുടെ പ്രതിരോധക്കോട്ടയായിരുന്നു. വമ്പൻമാരുമായുള്ള പോരിലാണ് അവരുടെ പ്രതിരോധ കരുത്ത് കൂടുതൽ മികവിലേക്ക് ഉയർന്നത്. സെമിയിൽ കിരീട സാധ്യതയിൽ മുന്നിലുണ്ടായിരുന്നു ടൂർണമെന്റിലെ തന്നെ വിനാശകരമായ മുന്നേറ്റമുള്ള ഫ്രാൻസിനെ ഒരു ​ഗോൾ പോലും അടിക്കാൻ സമ്മതിക്കാതെ 2-0ത്തിനു വീഴ്ത്തിയ കളി മാത്രം കണ്ടാൽ മതി സ്പെയിൻ ഈ ലോകകപ്പിൽ എന്താണെന്നു കൃത്യം മനസിലാക്കാം. അപകടകാരികളായ എംബാപ്പെ, ഒസ്മാൻ ഡെംബലെ, മൈക്കൽ ഒലീസെ ത്രയത്തെ പൂർണമായി കെട്ടിപ്പൂട്ടാൻ സെമിയിൽ സ്പെയിനിനു സാധിച്ചു.

ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ 120 മിനിറ്റും അവർ സമ്മർദ്ദത്തിന്റെ പരകോടിയിലെത്തിച്ചു. 90 മിനിറ്റിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും അർജന്റീനയ്ക്ക് തൊടുക്കാൻ സാധിച്ചില്ലെന്നു ആലോചിക്കണം.

അർജന്റീന, ഫ്രാൻസ്, ബ്രസീൽ, പോർച്ചു​ഗൽ തുടങ്ങിയ ലോക കിരീടം നേടുമെന്ന സാധ്യതകളിൽ മുന്നിൽ നിന്ന ടീമുകൾ സൂപ്പർ താരങ്ങളെ അമിതമായി ആശ്രയിച്ചപ്പോൾ സ്പാനിഷ് സംഘത്തിന്റെ മുഖമുദ്ര കളിയിലെ നിയന്ത്രണവും ക്ഷമയുമായിരുന്നു. അതിരുവിട്ട ആക്രമണങ്ങൾ നടത്തി എതിരാളികൾക്ക് അലോസരമുണ്ടാക്കാൻ അവർ ശ്രമിച്ചിട്ടേയില്ല എന്നതും ശ്രദ്ധേയമാണ്. പകരം പരസ്പര ധാരണയോടെ പാസിങിലൂടെ ആക്രമണോത്സുകമായ കൗണ്ടർ പ്രസിങിലൂടെ എതിരാളികളെ തളർത്താനാണ് അവർ ശ്രദ്ധിച്ചത്.

ടൂർണമെന്റിന്റെ തുടക്കത്തിൽ വിദൂര സാധ്യത കൽപ്പിക്കപ്പെട്ടവരാണ് സ്പെയിൻ. ചിലപ്പോൾ കിരീടം നേടിയാക്കാം എന്നായിരുന്നു പലരുടേയും പ്രവചനം. എന്നാൽ കളി തുടങ്ങിക്കഴിഞ്ഞ ശേഷം ആർക്കും തടയാനാകാത്ത വൻ ശക്തിയായി വളർന്ന് സ്പെയിൻ കാട്ടിത്തന്ന ഒരു കാര്യമുണ്ട്. തനിച്ചു നിൽക്കുന്ന സൂപ്പർ താരങ്ങൾ അല്ല മറിച്ച് പരസ്പരം ഒത്തുചേർന്നു കളിക്കുന്ന ടീമുകൾ ആണ് ലോകകപ്പ് നേടുക എന്ന ലളിത സമവാക്യമാണ് അവർ മൈതാനത്തിറങ്ങി കിരീടം സ്വന്തമാക്കി ലോകത്തിനു കാണിച്ചു തന്നത്.

Midfielder Rodri was key for Spain, leading in touches, passes, and recoveries, effectively choking opponents' midfield throughout the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻറെ മിന്നൽ സമരം; രാഹുലും പ്രിയങ്കയും തെരുവിൽ,മന്ത്രി വിഷ്ണുനാഥും എംപിമാരും അറസ്റ്റിൽ

'ജെന്‍-സിയോട്, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഔദാര്യമല്ലെന്ന് ദിവ്യ പ്രഭ

'ഇനി അധികനേരം കാത്തുനിൽക്കേണ്ട',പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടി

സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; നഷ്ടം വരാതിരിക്കാന്‍ ഇതാ നാലു ടിപ്പുകള്‍