മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 325 റൺസെടുത്തപ്പോൾ കിവികളുടെ പോരാട്ടം വെറും 62 റൺസിൽ അവസാനിച്ചു. ന്യൂസിലൻഡിനെ ഫോളോഓണിന് വിടാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 332 റൺസ് ലീഡ്.
ഫീൽഡിങ്ങിനിടെ പരിക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗില്ലിന് പകരം ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ മായങ്ക് അഗർവാളിനൊപ്പം ചേതേശ്വർ പൂജാരയാണ് ഓപ്പൺ ചെയ്തത്. മായങ്ക് 38 റൺസോടെയും പൂജാര 29 റൺസോടെയും പുറത്താകാതെ നിൽക്കുന്നു.
നേരത്തെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലൻഡ് ക്ഷണത്തിൽ തന്നെ ആയുധം വച്ച് കീഴടങ്ങി. നാല് വിക്കറ്റെടുത്ത അശ്വിൻ, മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജ്, രണ്ട് വിക്കറ്റെടുത്ത അക്ഷർ പട്ടേൽ, ഒരു വിക്കറ്റെടുത്ത ജയന്ത് യാദവ് എന്നിവർ ചേർന്ന് കിവി ബാറ്റിങ് നിരയെ ചുരുട്ടിക്കൂട്ടി മൂലയ്ക്കിട്ടു. 17 റൺസെടുത്ത കെയ്ൽ ജാമിസനാണ് അവരുടെ ടോപ് സ്‌കോറർ. കിവി നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ജാമസന്റെ ചെറുത്ത് അവസാനിപ്പിച്ച് അക്ഷർ പട്ടേലാണ് അവരുടെ ഇന്നിങ്‌സിന് തിരശ്ശീലയിട്ടത്.
ചരിത്രം തിരുത്തി എഴുതിയ അജാസ് പട്ടേലിന്റെ സ്പിന്നിന് മുഹമ്മദ് സിറാജിന്റെ പേസിലൂടെ മറുപടി നൽകിയാണ് ഇന്ത്യ തുടങ്ങിയത്. തുടക്കത്തിൽ തന്നെ സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കിവികൾക്ക് വരാനുള്ള കൊടുങ്കാറ്റിന്റെ സൂചനകൾ നൽകി. പിന്നീട് പന്തെടുത്ത സ്പിന്നർമാർ കിവികളെ ഇടംവലം തിരിയാൻ അനുവദിക്കാതിരുന്നതോടെ അവർ പ്രതിരോധത്തിലായി.
ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന നേട്ടം തന്റെ പേരിൽ അജാസ് പട്ടേൽ എഴുതി ചേർത്തതിന് പിന്നാലെ കിവീസിന്റെ മുൻനിരയെ തകർത്താണ് ഇന്ത്യ ആക്രമിച്ചത്.
ഒന്നാം ഇന്നിങ്‌സ് ബാറ്റിങിന് ഇറങ്ങിയ ന്യൂസിലൻഡിന് സ്‌കോർ 17 റൺസിൽ നിൽക്കെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ അവരുടെ ബാറ്റ്‌സ്മാൻമാർ ഒന്നിന് പിന്നാലെ ഒന്നായി കൂടാരം കയറുന്ന കാഴ്ചയായിരുന്നു.
17 റൺസിലേക്ക് എത്തിയപ്പോഴേക്കും ന്യൂസിലാൻഡിന്റെ മൂന്ന് വിക്കറ്റ് ആണ് മുഹമ്മദ് സിറാജ് പിഴുതത്. ക്യാപ്റ്റൻ ടോം ലാതം 10 റൺസിനും വിൽ യങ് നാല് റൺസിനും റോസ് ടെയ്ലർ ഒരു റണ്ണിനും പുറത്തായി. തന്റെ ആദ്യ മൂന്ന് ഓവറിലാണ് മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ വന്ന അക്ഷർ പട്ടേൽ ഡാരിൽ മിച്ചലിനേയും മടക്കിയതോടെ ന്യൂസിലൻഡ് വലിയ തകർച്ച മുന്നിൽ കണ്ടു. മിച്ചൽ എട്ട് റൺസാണ് എടുത്തത്.
പിന്നീട് അശ്വിനായിരുന്നു കിവികളുടെ അന്തകനായത്. താരവും മൂന്ന് വിക്കറ്റെടുത്തതോടെ ന്യൂസിലൻഡ് കൂട്ടത്തകർച്ചയിലേക്ക് കൂപ്പുംകുത്തി വീണു. ഹെന്റി നിക്കോൾസ് (7), ടോം ബ്ലണ്ടൽ (8), രചിൻ രവീന്ദ്ര (4), ടിം സൗത്തി (0), വില്ല്യം സോമർവില്ലെ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
നേരത്തെ പത്തിൽ പത്ത് വിക്കറ്റുകളും പോക്കറ്റിലാക്കി ഇന്ത്യൻ വംശജനായ അജാസ് പട്ടേൽ പുറത്തെടുത്ത മാസ്മരിക ബൗളിങാണ് ന്യൂസിലൻഡിന് തുണയായത്. സ്വന്തം രാജ്യത്തിന് പുറത്തെ ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറാണ് അജാസ് പട്ടേൽ. 47.5-12-119-10 എന്നതാണ് മുംബൈയിൽ അജാസ് ചരിത്രത്തിലേക്ക് എഴുതി ചേർത്ത ബൗളിങ് ഫിഗർ.
ഫിറോഷ് ഷാ കോട്ലയിൽ 10 വിക്കറ്റ് നേട്ടം കൊയ്ത അനിൽ കുംബ്ലേയും 1956ൽ 10ൽ പത്തും വീഴ്ത്തിയ ഇംഗ്ലണ്ട് താരം ജിം ലേക്കറുമാണ് അജാസിന് മുൻപ് ഈ ക്ലബിൽ സ്ഥാനം നേടിയവർ. മുംബൈയിലാണ് അജാസ് പട്ടേൽ ജനിച്ചത്. ജനിച്ച നാട്ടിൽ
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സ്വപ്ന തുല്യമായ ബൗളിങ്ങുമായി അജാസ് പട്ടേൽ അരങ്ങ് വാണു. 325 റൺസിൽ നിൽക്കെ ഇന്ത്യയെ ഒറ്റയ്ക്ക് അജാസ് പട്ടേൽ ഓൾഔട്ടാക്കി.ആറ് ബൗളർമാരെയാണ് ന്യൂസിലാൻഡ് മുംബൈയിൽ ഇന്ത്യക്കെതിരെ ഇറക്കിയത്. അവിടെ മറ്റൊരു കിവീസ് ബൗളർക്കും ഇരയെ കണ്ടെത്താനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates