വഡോദര: അഞ്ചാം വിക്കറ്റിലെ കൂറ്റന്‍ റെക്കോര്‍ഡ് കൂട്ടുകെട്ടും പിന്നാലെ സ്പിന്‍ കെണിയില കുടുക്കിയ ബൗളര്‍മാരുടെ മിന്നും പ്രകടനവും - വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെ വനിതകള്‍ക്കെതിരെ 121 റണ്‍സിന്റെ വമ്പന്‍ ജയത്തോടൊപ്പം ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 329 റണ്‍സെന്ന വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെയ്ക്കായി ബിലവ്ഡ് ബിസ 34 റണ്‍സെടുത്ത് ചെറുത്തുനിന്നെങ്കിലും മറ്റുള്ളവരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. 48.5 ഓവറില്‍ 207 റണ്‍സിന് സന്ദര്‍ശക ബാറ്റര്‍മാര്‍ കൂടാരം കയറി. ആദ്യ മത്സരത്തിലെ വന്‍ വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിലും ആധിപത്യം പുലര്‍ത്തി പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകള്‍, 3-0ന്റെ വൈറ്റ്വാഷ് ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ കാത്തിരുന്നത് റണ്‍മഴയുടെ ദിനമായിരുന്നു. തുടക്കത്തില്‍ പ്രതിക റാവല്‍ അര്‍ധസെഞ്ച്വറിയുമായി അടിത്തറയിട്ടപ്പോള്‍, പിന്നീട് ഗ്രൗണ്ടില്‍ കണ്ടത് ഹര്‍മന്‍പ്രീത് കൗറിന്റെയും ദീപ്തി ശര്‍മ്മയുടെയും ബാറ്റിങ് താണ്ഡവമായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും ദീപ്തി ശര്‍മ്മയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 153 റണ്‍സിന്റെ റെക്കോര്‍ഡ് പാര്‍ട്‌നര്‍ഷിപ്. ഇരുവരും സെഞ്ച്വറി തികച്ചതോടെ സിംബാബ്‌വെ ബൗളര്‍മാര്‍ നിസ്സഹായരായി.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് തുടക്കത്തില്‍ ചിപോ തിരിപാനോയും മോഡെസ്റ്റെ മുപചിക്കവയും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നല്‍കിയെങ്കിലും, മധ്യ ഓവറുകളില്‍ മത്സരം ഇന്ത്യ കൈപ്പിടിയിലൊതുക്കി. സിംബാബ്‌വെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച വൈഷ്ണവി, 39 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി. ബാറ്റിങ്ങില്‍ സെഞ്ച്വറി അടിച്ച ദീപ്തി ശര്‍മ്മ, ബൗളിങ്ങിലും തിളങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ വിക്കറ്റ് നേടി ദീപ്തി ഹാട്രിക്കിന്റെ തൊട്ടരികിലെത്തിയിരുന്നു. 49-ാം ഓവറില്‍ ചീദ്‌സ ധുരൂരുവിനെ ഹര്‍ലീന്‍ ഡിയോളിന്റെ കൈകളില്‍ എത്തിച്ച് ജിന്റിമണി കലിത തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കിയതോടെ സിംബാബ്‌വെ 207 റണ്‍സിന് ഓള്‍ഔട്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates