സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന്‍ 
Sports

അസ്ഹറുദ്ദീന്റെ സെഞ്ച്വറി വിഫലം; തകര്‍ത്തടിച്ച് വത്സല്‍, ആലപ്പിക്കെതിരെ കൊല്ലം സെയിലേഴ്‌സിന് മിന്നും വിജയം

93 റണ്‍സെടുത്ത കൊല്ലം ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദ് ആണ് മാന്‍ ഓഫ് ദി മാച്ച്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കരുത്തരായ ആലപ്പി റിപ്പിള്‍സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്‌സിന് ഉജ്ജ്വല വിജയം. മുഹമ്മദ് അസ്ഹറുദ്ദീന്‍ സെഞ്ച്വറിയുമായി തിളങ്ങിയിട്ടും, കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്ലം 14 പന്തുകള്‍ ബാക്കിനില്‍ക്കെ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം 17.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു വിജയം പിടിച്ചെടുത്തു. 93 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച കൊല്ലം ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദ് ആണ് മാന്‍ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് എംഡി നിധീഷിന്റെ നേതൃത്വത്തിലുള്ള കൊല്ലം ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു. പവര്‍പ്ലേയില്‍ ഒന്നിന് 26 എന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയും ചേര്‍ന്ന് ഇന്നിങ്‌സിന്റെ ഗതിമാറ്റി. രണ്ടാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

സച്ചിന്‍ ബേബി 40 റണ്‍സെടുത്ത് പുറത്തായെങ്കിലും, തകര്‍ത്തടിച്ച അസ്ഹറുദ്ദീന്‍ ടൂര്‍ണമെന്റിലെ തന്റെ കന്നി സെഞ്ച്വറി തികച്ചു. 51 പന്തുകളില്‍ നിന്ന് 6 ഫോറും 7 സിക്‌സുമടക്കം 100 റണ്‍സുമായി പുറത്താകാതെ നിന്ന അസ്ഹറിന്റെ പ്രകടനം മത്സരത്തിന്റെ ആകര്‍ഷണമായി. കൊല്ലത്തിനായി എംഡി നിധീഷ്, വിജയ് വിശ്വനാഥ്, എജി അമല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ അരുണ്‍ പൗലോസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും, പിന്നീട് ഒത്തുചേര്‍ന്ന അഭിഷേക് നായരും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് കൊല്ലത്തെ സുരക്ഷിത തീരത്തെത്തിച്ചു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായ 96 റണ്‍സാണ്.

അഭിഷേക് നായര്‍ 34 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. സെഞ്ച്വറിക്ക് വെറും 7 റണ്‍സ് അകലെ വീണെങ്കിലും 53 പന്തില്‍ 11 ഫോറും 3 സിക്‌സും സഹിതം 93 റണ്‍സ് നേടി വത്സല്‍ തിളങ്ങി. അവസാന ഘട്ടത്തില്‍ അര്‍ജുന്‍ വേണുഗോപാല്‍ തുടര്‍ച്ചയായി മൂന്ന് ഫോറുകള്‍ പായിച്ച് ടീമിന്റെ വിജയം പൂര്‍ത്തിയാക്കി. ആലപ്പിക്കായി അജിനാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും കളി കൊല്ലത്തിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു.

Azharuddeen's Century Goes in Vain as Kollam Sailors Cruise Past Alleppey Ripples

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

യൂറോപ്പില്‍ കര്‍ശന ലേബല്‍, ഇന്ത്യയില്‍ ഇളവ്; പാക്കറ്റ് ഭക്ഷണങ്ങളിലെ ലേബലിങ്ങില്‍ വിട്ടുവീഴ്ച ചെയ്ത് FSSAI

ഹിജാബ് അനിവാര്യമല്ലെന്ന് കോടതി, തിരുവോണവും മഴയിൽ മുങ്ങും?, ജാതി സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്ന് കോൺ​ഗ്രസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ‌

അശരണര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കരുതലും കൈത്താങ്ങുമാകാം; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

എളയാവൂരില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവം : ജില്ലാകലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി