പഞ്ചാബ് എഫ്‌സി താരങ്ങളുടെ ആഹ്ലാദ പ്രകടനം image credit: Indian Super League
Sports

തിരുവോണദിനത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; ആദ്യ മത്സരത്തില്‍ പഞ്ചാബിനോട് പരാജയം

തിരുവോണ ദിനത്തില്‍ ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവോണ ദിനത്തില്‍ ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ മത്സരത്തില്‍ 10 മിനിറ്റിനിടെ പിറന്ന മൂന്നു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിറ്റിലും അഞ്ച് മിനിറ്റ് ഇന്‍ജറി ടൈമിലുമായാണ് ഗോളുകള്‍ പിറന്നത്. പഞ്ചാബ് എഫ്‌സിക്കായി പകരക്കാരന്‍ താരം ലൂക്ക മയ്‌സെന്‍ (86ാം മിനിറ്റ്, പെനല്‍റ്റി), ഫിലിപ് മിര്‍ലാക് (90+5) എന്നിവര്‍ ഗോള്‍ നേടി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ 90+2-ാം മിനിറ്റില്‍ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ നേടി.

ആദ്യ പകുതിയില്‍ ലക്ഷ്യബോധമില്ലാതെ ഉഴറി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായിരുന്നു ഗ്രൗണ്ടിലെ കാഴ്ച. കാര്യമായ ഒത്തിണക്കം കാട്ടാനാകാതെ ഉഴറിയ ബ്ലാസ്റ്റേഴ്‌സിന്, ശ്രദ്ധേയമായ ഒരു അവസരം പോലും സൃഷ്ടിക്കാനായില്ല.രണ്ടാം പകുതിയില്‍ ഇരട്ട മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. ക്വാമി പെപ്രയ്ക്കു പകരം സ്‌പെയിനില്‍ നിന്നുള്ള പുതിയ താരം ഹെസൂസ് ഹിമെനെ, മുഹമ്മദ് ഐമനു പകരം വിബിന്‍ മോഹനന്‍ എന്നിവരെ കളത്തിലിറക്കി. അതിന്റെ മാറ്റം കളിയിലും കണ്ടു.

ഇതിനിടെയാണ് അപ്രതീക്ഷിതമായി പഞ്ചാബ് എഫ്‌സി ലീഡ് നേടിയത്. മത്സരത്തിന്റെ 86-ാം മിനിറ്റില്‍ പഞ്ചാബ് എഫ്‌സിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് നിര്‍ണായകമായത്. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളിലേക്ക് കടന്നുകയറിയ പഞ്ചാബ് താരം ലിയോണ്‍ അഗസ്റ്റിനെ പ്രതിരോധനിരയിലെ മുഹമ്മദ് സഹീഫ് വലിച്ച് നിലത്തിട്ടു. റഫറി നേരെ പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത പഞ്ചാബ് താരം ലൂക്ക മയ്‌സെന്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനെ അനങ്ങാന്‍ അനുവദിക്കാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്ലാസ്റ്റേഴ്‌സ് തോല്‍വി ഉറപ്പിച്ചിരിക്കെ ഇന്‍ജറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ വീണ്ടും ട്വിസ്റ്റ്. ഇത്തവണ പഞ്ചാബ് ബോക്‌സിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നടത്തിയ ലക്ഷണമൊത്തൊരു നീക്കത്തിനൊടുവില്‍ ബോക്‌സിനു വെളിയില്‍നിന്ന് പ്രീതം കോട്ടാലിന്റെ തകര്‍പ്പന്‍ ക്രോസ്. രണ്ട് പഞ്ചാബ് പ്രതിരോധ താരങ്ങള്‍ക്കിടയില്‍ കൃത്യമായി ഉയര്‍ന്നു ചാടിയ ഹെസൂസ് ഹിമെനെ പന്തിന് ഗോളിലേക്ക് വഴി കാട്ടി. ഗാലറികളില്‍നിന്ന് ഒഴിഞ്ഞു തുടങ്ങിയ ആരവം തിരിച്ചുവന്ന നിമിഷം. സ്‌കോര്‍ 1-1.

സമനിലയുടെ ആശ്വാസത്തോടെ കാണികള്‍ ഗാലറിയില്‍നിന്ന് ഒഴിഞ്ഞുതുടങ്ങുന്നതിനിടെ വീണ്ടും ഗോള്‍. ഇന്‍ജറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഫിലിപ് മിര്‍യാക് സച്ചിന്‍ സുരേഷിന്റെ പ്രതിരോധം തകര്‍ത്ത് പോസ്റ്റിലുരുമ്മി പന്ത് വലയ്ക്കുള്ളിലാക്കി. ഗാലറികള്‍ വീണ്ടും നിശബ്ദം. സ്‌കോര്‍ 2-1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

SCROLL FOR NEXT