കൊൽക്കത്ത: അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസിയുടെ, കൊൽക്കത്തയിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള കൂറ്റൻ ശിൽപ്പം പൊളിച്ചു നീക്കാൻ ഒരുങ്ങുന്നു. അഞ്ച് മാസം മുൻപ് അനാച്ഛാദനം ചെയ്ത പ്രതിമയാണ് സുരക്ഷിതമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു പൊളിച്ചു നീക്കാൻ ഒരുങ്ങുന്നത്. ശക്തമായ കാറ്റടിക്കുമ്പോൾ ശിൽപ്പം ആടിയുലയുകയാണെന്നു പ്രദേശവാസികൾ പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി.
കഴിഞ്ഞ വർഷം മെസിയുടെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗോട്ട് ടൂർ പരിപാടിയിലാണ് ശിൽപ്പം മെസി തന്നെ അനാച്ഛാദനം ചെയ്തത്. ലോകകപ്പും പിടിച്ചു നിൽക്കുന്ന മെസിയുടെ പൂർണകായ ശിൽപ്പമാണ് ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചത്. ഗോൾഡൻ കളറിലാണ് ശിൽപ്പമുള്ളത്.
പരാതിക്കു പിന്നാലെ പൊതുമാരമത്ത് എൻജിനീയർമാർ സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. ഫൈബർ ഗ്ലാസും ഇരുമ്പും ഉപയോഗിച്ചു നിർമിച്ച പ്രതിമയുടെ ഘടനയ്ക്കു സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തിരക്കേറിയ റോഡിയും സബ്‍വേയ്ക്കും സമീപത്താണ് ശിൽപ്പം സ്ഥാപിച്ചത്. പൊളിച്ചു നീക്കൽ വലിയ വെല്ലുവിളിയാണ്. എങ്കിലും എത്രയും വേഗം നീക്കം ചെയ്യാനുള്ള പദ്ധതികളാണ് അധികൃതർ ആലോചിക്കുന്നത്.
അതേസമയം ശിൽപ്പം മറ്റൊരു സ്ഥലത്ത് പുനഃസ്ഥാപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ സുരക്ഷ മുൻനിർത്തി ശിൽപ്പത്തിനു ചുറ്റും ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ശ്രീ ഭൂമി സ്പോർട്ടിങ് ക്ലബിന്റെ നേതൃത്വത്തിൽ 45 തൊഴിലാളികൾ 27 ദിവസമെടുത്താണ് ശിൽപ്പമൊരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates