ഹർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും ക്രിക്കറ്റ് ലോകത്തെ ഏറ്റവും ശ്രദ്ധേയരായ സഹോദരന്മാരാണ്. എന്നാൽ സമീപകാലത്തായി ഇവരുടെ ബന്ധത്തിൽ വിള്ളലുകളുണ്ടോ എന്ന ചോദ്യം പല കോണുകളിൽ നിന്നു ഉയർന്നിരുന്നു. ഐപിഎൽ 2026ൽ ഹർദിക്കിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രുണാൽ നടത്തിയ അമിത ആഘോഷ പ്രകടനമാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ടത്.
എന്നാൽ ആ സംഭവത്തിനു പിന്നാലെ തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നു ക്രുണാൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ക്രുണാൽ. തങ്ങൾ പലപ്പോഴും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും പരസ്പരം മെച്ചപ്പെടാൻ സഹായിക്കാറുണ്ടെന്നും ക്രുണാൽ വെളിപ്പെടുത്തിയാണ് അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയത്.
'ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. ടാക്റ്റിക്കൽപരമായും സാങ്കേതികപരമായും ഞങ്ങൾ എപ്പോഴും ക്രിക്കറ്റിനെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ഞാനും എന്റെ സഹോദരനും ഒരേ കായിക വിനോദത്തിൽ ഏർപ്പെടുമ്പോൾ രണ്ട് പേർക്കും പ്രകടനം മെച്ചപ്പെടുത്താൻ ഈ പരസ്പരം പങ്കിടൽ ഗുണം ചെയ്യും. ക്രിക്കറ്റിനെക്കുറിച്ചും എങ്ങനെ മെച്ചപ്പെടാം എന്നതിനെക്കുറിച്ചും ഇപ്പോഴും വളരെ ആരോഗ്യകരമായ ചർച്ചകൾ ഞങ്ങൾക്കിടയിൽ നടക്കാറുണ്ട്. പാണ്ഡ്യ കുടുംബത്തിൽ 10 ട്രോഫികൾ ഉണ്ടാവുക എന്നത് മോശം കാര്യമല്ലല്ലോ. ദൈവത്തിന് നന്ദി പറയുന്നു.'
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ തുടരെയുള്ള 2 ഐപിഎൽ കിരീട നേട്ടങ്ങളിൽ നിർണായക ക്രുണാൽ നിർണായക പങ്കുവഹിച്ചിരുന്നു. ഈ രണ്ട് സീസണുകളിലായി ലോവർ മിഡിൽ ഓർഡർ ബാറ്ററായി 335 റൺസ് നേടിയ അദ്ദേഹം 31 വിക്കറ്റുകളും സ്വന്തമാക്കി.
മറുഭാഗത്ത്, ഹർദിക്കിന് 2026ലെ ഐപിഎൽ സീസൺ നിരാശാജനകമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസ് 10 ടീമുകളിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണിൽ 206 റൺസും നാല് വിക്കറ്റും മാത്രമാണ് ഹർദിക്കിന് നേടാനായത്.
ഹർദിക് തന്റെ സഹോദരൻ ക്രുണാലിനേക്കാൾ രണ്ടര വയസ് ഇളയതാണ്. 2010നും 2020നും ഇടയിലുള്ള സീസണിൽ ഇരുവരും മുംബൈ ഇന്ത്യൻസിനായി ഒരുമിച്ച് കളിച്ച് നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. അതിനു ശേഷം 2022ലെ ആദ്യ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ഹർദിക് കിരീടത്തിലേക്ക് നയിച്ചു. ക്രുണാൽ ആർസിബിക്കൊപ്പം രണ്ട് കിരീടങ്ങളും അതിനു ശേഷം സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates