ലഖ്‌നൗ: ഐപിഎല്ലില്‍ ക്യാപ്റ്റന്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ പഞ്ചാബ് കിങ്‌സിനു തകര്‍പ്പന്‍ ജയം. നിര്‍ണായക മത്സരത്തില്‍ ഐപിഎല്ലിലെ കന്നി സെഞ്ചറി നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (51 പന്തില്‍ 101*) ആണ് വിജയശില്‍പ്പി. മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പഞ്ചാബ് തോല്‍പ്പിച്ചത്.
ലഖ്‌നൗ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന് പിന്തുണ നല്‍കിയ പ്രഭ്‌സിമ്രാന്‍ സിങ്ങും തിളങ്ങി. അര്‍ധസെഞ്ചറി നേടിയ പ്രഭ്‌സിമ്രാന്‍ സിങ് 39 പന്തില്‍ 69 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 11 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെയാണ് ശ്രേയസ് അയ്യര്‍ സെഞ്ച്വറി നേടിയത്.
ശ്രേയസ് അയ്യരും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 140 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ജയത്തോടെ, 15 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്കു കയറിയ പഞ്ചാബ്, പ്ലേഓഫ് പ്രതീക്ഷ കാത്തു. ഞായറാഴ്ചത്തെ മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുടെ കൂടി മത്സരഫലങ്ങളെ ആശ്രയിച്ചാകും പഞ്ചാബിന്റെ പ്ലേഓഫ് പ്രവേശം. പഞ്ചാബിന്റെ ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തായി.
മറുപടി ബാറ്റിങ്ങില്‍, ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി പഞ്ചാബിനെ ഞെട്ടിച്ചു. ഓപ്പണര്‍ പ്രിയാന്‍ശ് ആര്യയെ ഷമി ഗോള്‍ഡന്‍ ഡക്കാക്കി. പിന്നീടെത്തിയ കൂപ്പര്‍ കനോലി ബൗണ്ടറികളുമായി കളംനിറഞ്ഞെങ്കിലും തന്റെ തൊട്ടടുത്ത ഓവറില്‍ ഷമി അടുത്ത പ്രഹരമേല്‍പ്പിച്ചു. കനോലി ക്ലീന്‍ ബൗള്‍ഡ്. ഇതിനുശേഷമാണ് മൂന്നാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ശ്രേയസ് അയ്യരും ഒന്നിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് നേടിയത്. ലഖ്നൗവിനു വേണ്ടി ജോഷ് ഇംഗ്ലിസ് അര്‍ധ സെഞ്ച്വറി നേടി. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുക ആയിരുന്നു.
ഓപ്പണറായി കളത്തിലെത്തിയ ജോഷ് ഇംഗ്ലിസ് വെടിക്കെട്ട് ബാറ്റിങ് ആണ് പുറത്തെടുത്തത്. 44 പന്തില്‍ 72 റണ്‍സ് ആണ് താരം നേടിയത്. എന്നാല്‍, ജോഷ് നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ ലഖ്നൗവിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. അര്‍ഷിന്‍ കുല്‍ക്കര്‍ണി പൂജ്യത്തിനും നിക്കോളാസ് പൂരാന്‍ രണ്ട് റണ്‍സും നേടി പുറത്തായി.
പിന്നാലെ ക്രീസില്‍ എത്തിയ ആയുഷ് ബദോനി പഞ്ചാബ് ബൗളര്‍മാരെ കടന്നാക്രമിച്ചു. 18 പന്തില്‍ 43 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. നായകന്‍ ഋഷഭ് പന്ത് 26 റണ്‍സ് നേടി ബദോനിക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും പുറത്തായ ശേഷം ക്രീസില്‍ എത്തിയ അബ്ദുള്‍ സമദ് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. താരം പുറത്താകാതെ 20 പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. പഞ്ചാബിനായി മാര്‍ക്കോ യാന്‍സന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates