വിഘ്നേഷ്, മുഹമ്മദ് ഷെരീഫ്  
Sports

'അവൻ കയറി വരുമെന്ന് എനിക്കറിയാമായിരുന്നു'; വിഘ്നേഷിലെ സ്പിന്നറെ തിരിച്ചറിഞ്ഞ കളിക്കൂട്ടുകാരൻ പറയുന്നു

മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ടിങ് ടീം കണ്ടെത്തിയ യുവ പ്രതിഭകളുടെ പട്ടികയിലേക്കാണ് വിഘ്‌നേഷും ഇടം പിടിക്കുന്നത്.

പൂജാ നായര്‍

പിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുട്ടി താരം വിഘ്നേഷ് പുത്തൂരിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന ബാല്യകാല സുഹൃത്തുണ്ട് മലപ്പുറം പെരിന്തല്‍മ്മണ്ണയില്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ തന്റെ കളിക്കൂട്ടുക്കാരന്‍ കണ്ണന്‍(വിഘ്‌നേഷ്) മൂന്ന് വിക്കറ്റ് നേട്ടത്തോടെ മിന്നും പ്രകടനം കാഴ്ചവെച്ചതില്‍ മുഹമ്മദ് ഷെരീഫിന് അതിശയോക്തിയില്ല. 'ഞങ്ങള്‍ അന്ന് കുട്ടികളായിരുന്നു, തൊട്ടടുത്ത് വീടുകള്‍ക്ക് സമീപമാണ് ക്രിക്കറ്റ് കളിച്ചിരുന്നത്, വലിയ സ്വപ്നങ്ങള്‍ കണ്ടു. അന്നും, കണ്ണന്റെ വിരലുകളില്‍ മാന്ത്രികത ഉണ്ടായിരുന്നു. വിഘ്‌നേഷ് ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്നതില്‍ എനിക്ക് സംശയമില്ല. ക്രിക്കറ്റില്‍ ജന്മനാ കഴിവുണ്ട് വിഘ്‌നേഷിന്' മുഹമ്മദ് ഷെരീഫ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ടിങ് ടീം കണ്ടെത്തിയ യുവ പ്രതിഭകളുടെ പട്ടികയിലേക്കാണ് വിഘ്‌നേഷും ഇടം പിടിക്കുന്നത്. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന നിരയിലേക്കാണ് 24 കാരനാല വിഘ്‌നേഷും എത്തുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ആദ്യ മൂന്ന് ഓവറുകളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താരം. ഋതുരാജ് ഗെയ്കവാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നി നിര്‍ണായക വിക്കറ്റുകളാണ് വിഘ്‌നേഷ് എറിഞ്ഞിട്ടത്.

പെരിന്തല്‍മണ്ണയിലെ കുന്നപ്പള്ളിയിലെ ഇടുങ്ങിയ വഴികളിലാണ് വിഘ്‌നേഷും മുഹമ്മദ് ഷെരീഫും കളിച്ചു വളര്‍ന്നത്. അവിടെ പൊടി നിറഞ്ഞ തെരുവുകളില്‍ കളിച്ച ക്രിക്കറ്റ് മത്സരങ്ങളായിരുന്നു ഇരുവരുടെയും ഹരം. കോട്ടക്കലിലെ കുഴിപ്പുറത്തുള്ള ദാറുസ് സലാം പള്ളിയില്‍ ഖത്തീബായ മുഹമ്മദ്ഷെരീഫ് ആണ് തന്റെ സുഹൃത്തിന്റെ അസാധാരണമായ ബൗളിങ് മികവ് ആദ്യമായി തിരിച്ചറിഞ്ഞത്.

'അന്ന് ഞാന്‍ കോച്ച് പി ജി വിജയകുമാറിന്റെ കീഴില്‍ പരിശീലനം നടത്തുകയായിരുന്നു, ഇടതു മോതിരവിരല്‍ ഉപയോഗിച്ച് അവന്‍ എത്ര അനായാസമായി പന്ത് കറക്കുന്നത് ഞാന്‍ കണ്ടു. വലിയ ക്യാംപുകളിലൊന്നും പരിശീലനം നേടിയിട്ടില്ലെങ്കിലും അന്ന് വിഘ്‌നേഷ് എല്ലാവരേക്കാളും മികച്ചതാരമായിരുന്നു. വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞ ഞാന്‍ അവന്റെ മാതാപിതാക്കളോട് സംസാരിക്കുകയും പരിശീലനത്തിന് കൊണ്ടുപോകുകയും ചെയ്തു. ഞങ്ങള്‍ രണ്ടുവര്‍ഷത്തോളം ഒരുമിച്ച് പരിശീലിച്ചു. പിന്നീട് വിഘ്‌നേഷ് കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, എന്നാല്‍ ഞാന്‍ മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തത്' മുഹമ്മദ് ഷെരീഫ് പറഞ്ഞു.

വിഘ്നേഷ് കേരള അണ്ടര്‍-14, അണ്ടര്‍-16 ടീമുകള്‍ക്കായി കളിച്ചെങ്കിലും, ഷെരീഫ് അണ്ടര്‍-19 ലെവല്‍ വരെ കായികരംഗത്ത് തുടര്‍ന്നു, തുടര്‍ന്ന് മതപരമായ മേഖലയിലേക്ക് ഷെരീഫ് ശ്രദ്ധചെലുത്തി. രണ്ട് വ്യത്യസ്ത മേഖലകളിലായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയില്ല. മുംബൈ ഇന്ത്യന്‍സ് വിഘ്നേഷിനെ സെലക്ട് ചെയ്തപ്പോള്‍ തന്നെ വിഘ്‌നേഷ് ഷെരീഫിന് സന്ദേശം അയച്ചു. 'അവന്‍ തിളങ്ങുമെന്ന് എനിക്കറിയാമായിരുന്നു, പിന്നെ ധോനിയില്‍ നിന്ന് പ്രശംസ കിട്ടി, അത് എനിക്ക് അഭിമാനകരമായ നിമിഷമായിരുന്നു,' എന്ന് ഒരു പുഞ്ചിരിയോടെ ഷെരീഫ് പറഞ്ഞു.

വിഘ്നേഷ് തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത് ഒരു മീഡിയം പേസറായാണ്. സ്പിന്നിങ്ങിലെ തന്റെ കഴിവ് തിരിച്ചറിഞ്ഞ താരം, ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ റിപ്പിള്‍സിനായി കളിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പേരയ്ക്ക അത്ര ചില്ലറക്കാരനല്ല

SCROLL FOR NEXT