ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അത് വിവാഹമോചനത്തിലേക്ക് എത്തിയതും തുറന്നു പറഞ്ഞ് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം. സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങൾ അതിരു കടന്നതിനാലാണ് തുറന്നുപറച്ചിലെന്നും അവർ വ്യക്തമാക്കി. പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് അവർ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
'2023ലാണ് ഇരുവരും വിവാഹമോചിതരായത് എങ്കിലും ബന്ധം വേർപ്പെടുത്തിയ കാര്യം 43കാരിയായ മേരി കോം പരസ്യമായി സമ്മതിക്കുന്നത് ഇപ്പോഴാണ്. കഴിഞ്ഞ വർഷം തുടക്കത്തിൽ മേരി കോം വിവാഹമോചിതയായെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. മേരി കോമിനുള്ള മറ്റൊരാളുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും ആഭ്യൂഹങ്ങളുണ്ടായി. 6 തവണ ലോക ബോക്സിങ് ചാംപ്യനും ഒളിംപിക് വെങ്കല മെഡൽ ജേതാവുമാണ് മേരി കോം. മുൻ രാജ്യസഭാംഗം കൂടിയായ മേരി കോം തന്നിൽ നിന്നു കോടിക്കണക്കിനു രൂപ ഭർത്താവ് തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും തനിക്കു നഷ്ടപ്പെട്ടുവെന്നും ഇപ്പോൾ ഫരീദാബാദിൽ താമസിക്കുന്ന മേരി കോം വെളിപ്പെടുത്തി. നിലവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) അത്‌ലറ്റ്സ് കമ്മീഷൻ അധ്യക്ഷയാണ് മേരി കോം.'
'എന്റെ അവസ്ഥയെ എല്ലാവരും പരിഹാസത്തോടെയാണ് കാണുന്നത്. ഞാൻ എന്താണ് അനുഭവിച്ചതെന്ന് അറിയാത്ത ആളുകൾ എന്നെ അത്യാഗ്രഹിയെന്ന് വിളിക്കുന്നു. ഞാൻ ഇപ്പോൾ എന്റെ ഭർത്താവ് കരുങ് ഓൻഖോലറിൽ നിന്നു വേർപിരിഞ്ഞു. രണ്ട് വർഷമായി ഇതെല്ലാം സംഭവിച്ചിട്ട്.'
'ഞാൻ മത്സരത്തിൽ പങ്കെടുത്തിരുന്നപ്പോൾ എല്ലാം കാര്യങ്ങളും ശരിയായി നടന്നിരുന്നു. എന്റെ സാമ്പത്തിക കാര്യങ്ങളിൽ വളരെ കുറച്ചു മാത്രമേ എനിക്ക് പങ്കുണ്ടായിരുന്നുള്ളൂ. പക്ഷേ 2022ലെ കോമൺവെൽത്ത് ഗെയിംസിന് മുൻപ് എനിക്ക് പരിക്കേറ്റപ്പോൾ, എന്റെ ജീവിതം പൊള്ളയായിരുന്നുവെന്നു എനിക്കു ബോധ്യമായി. മാസങ്ങളോളം ഞാൻ കിടപ്പിലായിരുന്നു. അതിനുശേഷം ഒരു വാക്കർ ആവശ്യമായിരുന്നു. അപ്പോഴാണ് ഞാൻ വിശ്വസിച്ചിരുന്ന ആ മനുഷ്യൻ ഞാൻ വിശ്വസിച്ചതു പോലെയല്ലെന്ന് എനിക്ക് മനസിലായത്. ലോകത്തിന് ഒരു കാഴ്ചവസ്തുവാകാൻ ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ ഞങ്ങൾക്കിടയിൽ തന്നെ അത് പരിഹരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നു. എന്നാൽ അതു സാധിക്കാത്തതിനാൽ ഞാൻ വിവാഹമോചനം തേടി.'
'ബന്ധം തുടരാനാവില്ലെന്ന് എന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഞാൻ അറിയിച്ചു. അവർ അത് മനസിലാക്കി. അതു രഹസ്യമായി തുടരുമെന്നു ഞാൻ പ്രതീക്ഷിച്ചു. പക്ഷേ കഴിഞ്ഞ ഒരു വർഷമായി എന്നെ അപകീർത്തിപ്പെടുത്താൻ കൂട്ടായ ശ്രമം നടക്കുന്നു. ഞാൻ പ്രതികരിക്കുന്നില്ലെന്നാണ് കരുതിയത്. പക്ഷേ എന്റെ നിശബ്ദത അവർ മുതലെടുത്തു. ആക്രമണം വർധിച്ചു.'
'അയാൾ വായ്പകൾ എടുത്തുകൊണ്ടേയിരുന്നു. എന്റെ സ്വത്ത് പണയം വച്ചു. അത് അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റി. ചുരാചന്ദ്പുരിലെ നാട്ടുകാരിൽ നിന്നു അദ്ദേഹം പണം കടം വാങ്ങി. അതു തിരിച്ചുപിടിക്കാൻ അവർ രഹസ്യ ഗ്രൂപ്പുകൾ വഴി ഭൂമി പിടിച്ചെടുത്തു.'
'എന്നെ അത്യാഗ്രഹി എന്ന് വിളിക്കുന്ന വാർത്തകൾ കണ്ടു. അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചത് ഞാനാണെന്നും പറയുന്നു. എനിക്കും അദ്ദേഹത്തിനും മാത്രം അറിയാവുന്ന കാര്യങ്ങൾ ഇപ്പോൾ എന്നെ വില്ലനായി ചിത്രീകരിക്കാൻ ടാബ്ലോയിഡുകളിൽ വരെ നിറയുന്നു. എന്റെ സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഒരു സമയത്ത് എനിക്ക് പ്രതികരിക്കേണ്ടി വന്നു. ഞാൻ തകർന്നുപോയി.'
'പക്ഷേ എനിക്ക് ദുഃഖിക്കാൻ പോലും കഴിയില്ല. കാരണം എനിക്ക് നാല് കുട്ടികളെ നോക്കണം, എന്നെ ആശ്രയിക്കുന്ന മാതാപിതാക്കളെയും. പൊലീസിനെ സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഒന്നു വെറുതെ വിടണം. എന്റെ കുട്ടികൾക്കായി ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ഞാൻ എത്ര ബുദ്ധിമുട്ടിയെന്നു ദൈവത്തിനറിയാം. കുട്ടികളുള്ളപ്പോൾ തളരാൻ കഴിയില്ല. നമ്മൾ സ്വയം മുന്നോട്ട് പോകണം. ഞാൻ പോരാടുന്നു. എന്റെ ജീവിതം ഒരു നീണ്ട ബോക്സിങ് മത്സരമാണെന്ന് തോന്നുന്നു. പക്ഷേ ദൈവം കൂടെയുണ്ട്. അതെനിക്ക് ശക്തി തരുന്നു'- മേരി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates