Neeraj Chopra x
Sports

'മാനസിക പീഡനം അങ്ങേയറ്റം, സഹിക്കാൻ വയ്യ'; ദ്രോണാചാര്യ അവാർഡ് ജേതാവായ കോച്ചിനെതിരെ ​നീരജ് ചോപ്രയും സുമിത് ആന്റിലും; ​ഗുരുതര ആരോപണങ്ങൾ

സായിക്ക് പരാതി നൽകി താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ദ്രോണാചാര്യ അവാർഡ് ജേതാവും ജാവലിൻ ത്രോ പരിശീലകനുമായ നവൽ സിങിനെതിരെ മാനസിക പീഡനത്തിനും അധിക്ഷേപത്തിനുമെതിരെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (സായ്) പരാതി. പാരാലിംപിക്സ് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ സുമിത് ആന്റിലാണ് ​ഗുരുതര ആരോപണങ്ങളുമായി പരാതി നൽകിയത്. ഒളിംപിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പിന്തുണയോടെയാണ് ആന്റിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. സിങിന്റെ പെരുമാറ്റം കായിക താരങ്ങൾക്ക് ദോഷകരമാണെന്ന് ഇരുവരും ആരോപിക്കുന്നു.

നവൽ സിങ് തന്നെയും നീരജ് ചോപ്രയെയും നിരന്തരം ലക്ഷ്യം വെച്ചിരുന്നതായും, കുടുംബങ്ങളെപ്പോലും അധിക്ഷേപിച്ചുകൊണ്ട് പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചതായും പരാതിയിൽ താരം ആരോപിച്ചു. 2020 ടോക്യോ, 2024 പാരിസ് പാരാലിംപിക്സുകളിൽ സ്വർണ മെഡൽ ജേതാവാണ് ആന്റിൽ. 2028ലെ ലോസഞ്ചൽസ് പാരാലിംപിക്സിൽ F64 വിഭാഗത്തിൽ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകളിലൊരാൾ കൂടിയായ ആന്റിൽ, സാഹചര്യങ്ങൾ മോശമായതിനെത്തുടർന്ന് അധികാരികൾക്കു ഔദ്യോഗിക പരാതി നൽകാൻ താൻ നിർബന്ധിതനായി എന്നാണു വിഷയത്തിൽ പ്രതികരിച്ചത്.

'അദ്ദേഹം ഞങ്ങളെ മാനസികമായി പീഡിപ്പിക്കുകയും എന്റെയും നീരജിന്റെയും കുടുംബങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. അദ്ദേഹത്തിനു മാനസികമായി എന്തോ പ്രശ്നമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അധിക്ഷേപങ്ങൾ റെക്കോർഡ് ചെയ്ത് മനഃപൂർവം ഞങ്ങളുടെ മാനേജർമാർക്ക് അയച്ചു കൊടുക്കുമായിരുന്നു. അത് ഞങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഇത്'- ആന്റിൽ പിടിഐയോടു പ്രതികരിച്ചു.

പരാതി ലഭിച്ചതായും വിഷയം ബന്ധപ്പെട്ട ഫെഡറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സായ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, നവൽ സിങ് തങ്ങളുടെ കീഴിൽ വരുന്ന കോച്ചല്ലെന്നും അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) നടത്തുന്ന ദേശീയ കോച്ചിങ് ക്യാമ്പിന്റെ ഭാഗമായാണ് അദ്ദേഹം നിലവിൽ പ്രവർത്തിക്കുന്നതെന്നും സായ് വ്യക്തമാക്കി.

നീരജ് ചോപ്രയെ കൂടാതെ സഹ പാരാ ജാവലിൻ താരങ്ങളായ നവ്ദീപ് സിങും സന്ദീപ് ചൗധരിയും പിന്തുണ നൽകിയിട്ടുണ്ടെന്നു ആന്റിൽ പറഞ്ഞു.

'വളരെക്കാലം ഞങ്ങൾ ഇത് അവഗണിച്ചു. എന്നാൽ സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് പരാതിപ്പെടാൻ തീരുമാനിച്ചത്. ഞാൻ പരാതി നൽകി, നീരജ് ഭായിയും നവ്ദീപും സന്ദീപും അതിൽ ഒപ്പിട്ടു.'

പരാതി നൽകിയതിന് ശേഷമുള്ള അധികൃതരുടെ പ്രതികരണത്തെയും ആന്റിൽ ചോദ്യം ചെയ്തു. പരാതിക്കു പിന്നാലെ സായ് വിഷയം ചർച്ച ചെയ്തു പരിഹരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനെതിരെയാണ് ആന്റിൽ ചോദ്യങ്ങൾ ഉയർത്തിയത്.

‌‌ഞങ്ങളെപ്പോലെയുള്ള പ്രശസ്തരായ താരങ്ങളുടെ പരാതി പോലും കേൾക്കുന്നില്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് പ്രതീക്ഷിക്കാൻ കഴിയും? പരാതി ലഭിച്ചുവെന്ന ഒരു അറിയിപ്പ് പോലും ഇതുവരെ ലഭിച്ചിട്ടില്ല- താരം കുറ്റപ്പെടുത്തി.

Neeraj Chopra, Sumit Antil has accused Dronacharya awardee coach Naval Singh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

മഴ കൊടുത്ത 1 പോയിന്റുണ്ട്, കൊല്‍ക്കത്ത ഇന്നും ജയിച്ചില്ല! ഗുജറാത്തിനെ നയിച്ച് ഗില്‍

ഹോര്‍മൂസില്‍ ഉപരോധം തുടരും, ഇറാന്റെ യുറേനിയം യുഎസിനെന്ന് ട്രംപ്; 'പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നന്ദി'

ചാലക്കുടി പഴയ പാലത്തിലൂടെ നാളെ മുതൽ വാഹനങ്ങൾ വിടില്ല; 6 ദിവസം ​ഗതാ​ഗതം നിരോധിച്ചു

SCROLL FOR NEXT