ദുബായ്: ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. എല്ലാവരും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞു. എന്നാല്‍ ഇത്രയും വലിയൊരു കളിയിലേക്ക് എത്തിയപ്പോള്‍ അനായാസം അദ്ദേഹം റണ്‍സ് കണ്ടെത്തിയെന്നു റിസ്വാന്‍ വ്യക്തമാക്കി.
ഇന്ത്യക്കെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് പാക് നായകന്‍ കോഹ്‌ലിയെ പുകഴ്ത്തിയത്. മത്സരത്തില്‍ സെഞ്ച്വറിയടിച്ച് 111 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്‌ലിയുടെ ബാറ്റിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 51ാം ഏകദിന സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്.
'കോഹ്‌ലി നടത്തുന്ന കഠിനാധ്വാനം അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം ഫോമില്‍ അല്ലെന്നു ലോകം മുഴുവന്‍ പറയുന്നു. എന്നാല്‍ ഇത്രയും വലിയൊരു പോരാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം കോഹ്‌ലി റണ്‍സ് കണ്ടെത്തി. അദ്ദേഹത്തിന്റെ ഫിറ്റ്‌നെസും പ്രവര്‍ത്തന രീതിയും തീര്‍ച്ചയായും പ്രശംസനീയമാണ്. കോഹ്‌ലിയെ പുറത്താക്കാന്‍ ആവുന്നതെല്ലാം ഞങ്ങള്‍ ചെയ്തും. പക്ഷേ ടീമിനു അതു സാധിക്കാതെ പോയി.'
ഇന്ത്യയോടു തോറ്റതോടെ പാക് ടീമിന്റെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. ഗ്രൂപ്പ് എയില്‍ നിന്നു ഇന്ത്യയും ന്യൂസിലന്‍ഡും സെമിയിലേക്ക് മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'മറ്റു മത്സരങ്ങളുടെ ഫലമാണ് സെമിയിലെത്താന്‍ ടീം ഇനി ആശ്രയിക്കേണ്ടത്. ഒരു കളി കൂടിയാണ് പാകിസ്ഥാന് ബാക്കിയുള്ളത്. അതില്‍ പ്രതീക്ഷയുണ്ട്. സെമിയിലെത്താന്‍ ഇനി മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിക്കണമെന്ന സാഹചര്യം ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യമില്ല. നമ്മുടെ വിധി നമുക്കു തന്നെ നിര്‍ണയിക്കാന്‍ സാധിക്കണം.'
ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നു റിസ്വാന്‍ തുറന്നു സമ്മതിച്ചു.
'സമസ്ത മേഖലയിലും ടീം വലിയ തെറ്റുകളാണ് വരുത്തിയത്. മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ടീമാകട്ടെ പാക് ടീമിനേക്കാള്‍ നന്നായി പ്രയത്‌നിച്ചു. അവര്‍ ധൈര്യശാലികളായ താരങ്ങളാണ്. ടീം കളത്തില്‍ ഒട്ടും ഊര്‍ജമില്ലാതെയാണ് പോരാടിയത്'- റിസ്വാന്‍ തുറന്നു സമ്മതിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates