PT Usha Exits IOA Presidential Race Photo | PTI
Sports

പിന്മാറി പിടി ഉഷ; ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗഗന്‍ നരംഗ് ഉള്‍പ്പെടെ മൂന്ന് പേര്‍

അഞ്ജു ബോബി ജോര്‍ജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിടി ഉഷ. ഇതോടെ നാല് വര്‍ഷം നീണ്ട ഉഷയുടെ പ്രസിഡന്റ് കാലാവധി അവസാനിക്കുകയാണ്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തും. ഒളിമ്പിക് മെഡല്‍ ജേതാവ് ഗഗന്‍ നരംഗ്, ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി വിരേന്ദര്‍ സച്ച്‌ദേവ, മുന്‍ ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മലയാളി ലോങ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്നു. എന്നാല്‍ പിടി ഉഷ പത്രിക സമര്‍പ്പിച്ചില്ല. 2022 ഡിസംബറിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി ഉഷ ചരിത്രം കുറിച്ചത്. നിലവില്‍ ഐഒഎ വൈസ് പ്രസിഡന്റായ ഗഗന്‍ നരംഗ് അവസാന ദിവസമാണ് പത്രിക സമര്‍പ്പിച്ചത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് നരംഗ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് നരംഗിന്റെ സ്ഥാനാര്‍ഥിത്വം നിര്‍ദേശിച്ചത്. ഐഒഎ സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍ പിന്താങ്ങുകയും ചെയ്തു.

വിരേന്ദര്‍ സച്ച്‌ദേവയും ചൊവ്വാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. മുന്‍ ഐഒഎ സെക്രട്ടറി ജനറലായ രാജീവ് മേത്ത തിങ്കളാഴ്ച തന്നെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. 2014 മുതല്‍ 2022 വരെ ഐഒഎ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ച മേത്ത നിലവില്‍ ഫെന്‍സിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലാണ്. ഏഷ്യന്‍ ഫെന്‍സിങ് കോണ്‍ഫെഡറേഷനിലും ഇതേ പദവി വഹിക്കുന്നുണ്ട്. മുന്‍ ടേബിള്‍ ടെന്നീസ് താരം കമലേഷ് മേത്തയാണ് ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക നല്‍കിയ ഏക സ്ഥാനാര്‍ഥി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുന്നതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് (എസ്ഒഎം) പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പി.ടി. ഉഷയുടെ പിന്മാറ്റം. ഈ മാസം നടന്ന തിരഞ്ഞെടുപ്പില്‍ വനിതാ വിഭാഗത്തിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം നേടാന്‍ ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ ഐഒഎയുടെ ഇലക്ടറല്‍ കോളേജില്‍ അംഗമാകാനുള്ള അവസരവും നഷ്ടമായി. തുടര്‍ന്ന് ഇന്ത്യന്‍ ഐസ് ഹോക്കി അസോസിയേഷനെ പ്രതിനിധീകരിച്ച് ഇലക്ടറല്‍ കോളജില്‍ പങ്കെടുക്കാനുള്ള ഉഷയുടെ യോഗ്യത സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഐഒഎ നിയോഗിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ ശ്രീവാസ്തവ പിന്നീട് ഉഷയ്ക്ക് അസോസിയേഷനെ പ്രതിനിധീകരിക്കാന്‍ അനുമതി നല്‍കി.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ ഐസ് ഹോക്കി അസോസിയേഷനിലെ ഒരു വിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. എസ്ഒഎം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് മറ്റ് സ്ഥാനാര്‍ഥികള്‍ ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി നടത്തിയ ഇടപെടലുകളുടെയും കൃത്രിമങ്ങളുടെയും ഫലമാണെന്ന് ആരോപിച്ച് ഉഷ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെങ്കിലും മറ്റ് പ്രധാന സ്ഥാനങ്ങളിലേക്ക് ഉഷ സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചിട്ടുണ്ട്.

നെറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാഗീഷ് പഥക്കിനെ സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവായ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് ഉഷ നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍, സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മോണ മനീഷ് ഷാ എന്നിവരും സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

വനിതാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ജു ബോബി ജോര്‍ജ്, വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഭവ്‌നീത് ഹണ്ടൂ, നെറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സുമന്‍ കൗശിക് എന്നിവരാണ് മത്സരരംഗത്തുള്ളത്. പുരുഷ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഐസ് സ്‌കേറ്റിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അമിതാഭ് ശര്‍മയും ഇന്ത്യന്‍ ഐസ് ഹോക്കി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഹര്‍ജീന്ദര്‍ സിങ്ങും മത്സരിക്കും. വനിതാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബൗളിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സുനൈന കുമാരിയും ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണിമ മഹാതോയും രംഗത്തുണ്ട്.

ആര്‍എന്‍ ജയപ്രകാശ്, പ്രശാന്ത് കുശ്വാഹ, ഭൂപേന്ദര്‍ സിങ് ബജ്വ, ദോല ബാനര്‍ജി, റാണി റാംപാല്‍, യോഗേശ്വര്‍ ദത്ത് തുടങ്ങിയ പ്രമുഖരും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. എട്ട് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് പ്രതിനിധികളില്‍ നിന്നാണ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ആറ് അംഗങ്ങളില്‍ രണ്ട് പേരെ (ഒരു പുരുഷനും ഒരു വനിതയും) തെരഞ്ഞെടുക്കുന്നത്. ഗഗന്‍ നരംഗ്, വിജേന്ദര്‍ സിങ്, കമലേഷ് മേത്ത, അഞ്ജു ബോബി ജോര്‍ജ്, റാണി റാംപാല്‍, ദോല ബാനര്‍ജി, യോഗേശ്വര്‍ ദത്ത്, സൈന നെഹ്വാള്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട എട്ട് എസ്ഒഎം പ്രതിനിധികള്‍. മുന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും ഐഒഎയിലെ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.

PT Usha Withdraws from IOA Presidential Race; Gagan Narang Among Three Candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍; 25 കോടി ഒന്നാം സമ്മാനം; ടിക്കറ്റ് വില്‍പന ശനിയാഴ്ച മുതല്‍

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി സമാജ്‌വാദി പാർട്ടി

അടുത്ത പെഗ്ഗിന് മുന്‍പ് ബ്ലഡ് ടെസ്റ്റ്; മദ്യശാലകള്‍ക്ക് മുന്‍പില്‍ ഡോക്ടറുടെ സേവനം; ഒരു 'മദ്യപ്രദേശ്' ടെക്‌നിക്

'വെളുക്കാൻ തേച്ചാല്‍ പാണ്ടാകും'; കുട്ടികളെ ബോധവത്കരിക്കാൻ 'സഹജം സുന്ദരം' പദ്ധതി യുപി ക്ലാസുകള്‍ മുതല്‍