മുംബൈ: ബിസിസിഐ വാർഷിക കരാറിൽ നിന്നു വെറ്ററൻ താരങ്ങളായ വിരാട് കോഹ്‍ലിയേയും രോഹിത് ശർമയേയും തരംതാഴ്ത്തിയേക്കും. നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള ഇരുവരേയും ബി ഗ്രേഡിലേക്ക് മാറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ച സൂപ്പർ താരങ്ങളും മുൻ നായകൻമാരുമായ കോഹ്‍ലിയും രോഹിതും നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.
സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് ബിസിസിഐ വാർഷിക കരാർ പുതുക്കാനുള്ള ഒരുക്കങ്ങളിലാണ്. വാർഷിക കരാർ മൂന്ന് ഗ്രേഡുകൾ മാത്രമായി ചുരുക്കാനാണ് സെലക്ഷൻ കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. ഇത് ബിസിസിഐ അംഗീകരിച്ചേക്കുമെന്നാണ് വിവരം. എ, ബി, സി ഗ്രേഡ് താരങ്ങൾ മാത്രമാണ് ഉണ്ടാവുക. എ പ്ലസ് ഗ്രേഡ് വിഭാഗം എന്നത് ഇല്ലാതാകും. അതോടെ കോഹ്‍ലിയും രോഹിതും ഗ്രേഡ് ബിയിലേക്ക് മാറും. കോഹ്‍ലിയും രോഹിതും നിലവിൽ എ പ്ലസ് വിഭാഗത്തിലാണ്. ഇരുവരും ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത് എന്നതും കരാർ മാറ്റത്തിൽ നിർണായകമാണ്.
രോഹിത് ശർമ, വിരാട് കോഹ്‍ലി, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളവർ. മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവർ എ ഗ്രേഡിലാണ്. ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യശ്വസി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവർ ബി ഗ്രേഡിലാണ്. സി ഗ്രേഡിൽ റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, രവി ബിഷ്ണോയി, വാഷിങ്ടൻ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പടിദാർ, ധ്രുവ് ജുറേൽ, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവരാണുള്ളത്.
എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് ഗ്രേഡുകളിലായിട്ടാണ് ബിസിസിഐയുടെ വാർഷിക കരാറുകൾ. ഓരോന്നിനും ഒരു നിശ്ചിത വാർഷിക ശമ്പളമുണ്ട്. എ പ്ലസ് വിഭാഗത്തിലുള്ളവർക്ക് ഏഴ് കോടി, എ ഗ്രേഡിലുള്ളവർക്ക് അഞ്ച് കോടി, ബി ഗ്രേഡിലുള്ളവർക്ക് മൂന്ന് കോടി, സിയിലുള്ളവർക്ക് ഒരു കോടി എന്നിങ്ങനെയാണ് ശമ്പളം. ഒരു ക്രിക്കറ്റ് കലണ്ടറിൽ കുറഞ്ഞത് മൂന്ന് ടെസ്റ്റുകൾ, അല്ലെങ്കിൽ എട്ട് ഏകദിനങ്ങൾ, അല്ലെങ്കിൽ 10 ടി20 മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന താരത്തിനെയാണ് സി ഗ്രേഡ് കരാറിലേക്കെങ്കിലും പരിഗണിക്കുക. കൂടുതൽ മത്സരങ്ങൾ കളിച്ചു എന്നതുകൊണ്ടു മാത്രം ഒരു കളിക്കാരന് ഉയർന്ന ഗ്രേഡ് ലഭിക്കില്ല.
വർഷം മുഴുവനും എത്ര മത്സരങ്ങൾ കളിച്ചാലും, അവരുടെ മാച്ച്ഫീ വരുമാനത്തിനൊപ്പം ഈ കരാർ തുകയും കളിക്കാരന് ലഭിക്കും. ബിസിസിഐ കരാറിൽ ഉൾപ്പെട്ടിരിക്കുന്ന കളിക്കാരൻ ദേശീയ ടീം മത്സരങ്ങളില്ലാത്തപ്പോൾ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് ബോർഡിന്റെ നിർദേശമുണ്ട്. ഇതു പാലിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ തവണ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ വാർഷിക കരാറിൽനിന്ന് ബോർഡ് പുറത്താക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates