മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾ യുഎഇയിൽ നടക്കുമ്പോൾ വിട്ടു നിൽക്കുന്ന വിദേശ കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കാൻ ബിസിസിഐ നീക്കമെന്ന് സൂചന. വിദേശ കളിക്കാരുടെ പ്രതിഫലത്തിന്റെ പകുതി മാത്രം നൽകാനാണ് ബിസിസിഐ തീരുമാനമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ട് കളിക്കാരെ ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾക്കായി വിട്ടുനൽകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. കരീബിയൻ പ്രീമിയർ ലീഗ് വരുന്നതും ഐപിഎല്ലിന് തിരിച്ചടിയാണ്. വിൻഡിസ്, സൗത്ത് ആഫ്രിക്കൻ കളിക്കാർ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ഇതിനാൽ രണ്ട് ലീഗിലും കളിക്കുന്ന താരങ്ങൾക്ക് ഏതെങ്കിലും ഒരു ലീഗ് ഇത്തവണ തെരഞ്ഞെടുക്കേണ്ടതായി വരും.
ന്യൂസിലാൻഡ് ക്രിക്കറ്റ് താരങ്ങളെ അയക്കില്ലെന്ന നിലപാട് ന്യൂസിലാൻഡും നേരത്തെ സ്വീകരിച്ചിട്ടുണ്ട്. ഐപിഎൽ പതിനാലാം സീസൺ മെയ് ആദ്യ വാരം റദ്ദാക്കിയപ്പോൾ ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടത് ഓസീസ് സംഘമാണ്. ഇന്ത്യയിൽ നിന്ന് പ്രവേശന വിലക്കുള്ളതിനാൽ രണ്ടാഴ്ച ഇവർക്ക് മാലിദ്വീപിൽ കഴിയേണ്ടി വന്നു. ഐപിഎല്ലിൽ കളിക്കൻ എത്തിയ കളിക്കാരുടെ തീരുമാനത്തെ പരോക്ഷമായി വിമർശിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഉൾപ്പെടെ പരാമർശം വന്നത്.
ഈ സാഹചര്യത്തിൽ യുഎഇ സുരക്ഷിതമായ വേദിയാണെങ്കിൽ പോലും ഓസീസ് കളിക്കാരും ഐപിഎല്ലിനായി വരാൻ തയ്യാറാവുമോ എന്ന ചോദ്യം ഉയരുന്നു. ക്രിസ് ഗെയ്ൽ, നിക്കോളാസ് പൂരൻ, ഡ്വെയ്ൻ ബ്രാവോ, ഹെറ്റ്മയർ, സുനിൽ നരെയ്ൻ, ഹോൾഡർ, ഡുപ്ലസിസ്, ഇമ്രാൻ താഹീർ, ക്രിസ് മോറിസ്, നോർജെ, ഷക്കീബ് അൽ ഹസൻ എന്നിവരാണ് ഐപിഎല്ലിലും സിപിഎല്ലിലും കളിക്കുന്ന താരങ്ങൾ.
15.5 കോടി രൂപ പ്രതിഫലമുള്ള പാറ്റ് കമിൻസ് ഐപിഎല്ലിന്റെ രണ്ടാം ഭാഗത്തിൽ കളിക്കാൻ എത്തിയില്ലെങ്കിൽ 7.75 കോടി രൂപയാവും ലഭിക്കുക. ഇന്ത്യൻ കളിക്കാർക്ക് പ്രത്യേക ഇൻഷൂറൻസ് പരിരക്ഷ ഉള്ളതിനാൽ കളിച്ചില്ലെങ്കിലും മുഴുവൻ പ്രതിഫലവും ലഭിക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates