ചെന്നൈ: മങ്ങിയ ഫോമിൽ നിന്നു തിരിച്ചു വരാൻ ഊർജം പകർന്നത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നൽകിയ പിന്തുണയെന്ന് മലയാളി താരം സഞ്ജു സാംസൺ. അടുത്ത ഐപിഎൽ സീസണിൽ സഞ്ജു രാജസ്ഥാൻ റോയൽസ് ടീമിലുണ്ടാകില്ലെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ സ്പിന്നർ ആർ അശ്വിനുമൊത്തുള്ള യുട്യൂബ് ചാനലിലാണ് താരത്തിന്റെ മനസ് തുറക്കൽ. ചെന്നൈ സൂപ്പർ കിങ്സിൽ നിന്നു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് അശ്വിൻ ക്ലബിനെ സമീപിച്ചതായുള്ള റിപ്പോർട്ടുകൾക്കിടെ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലെത്തുമെന്ന വാർത്തകളും അന്തരീക്ഷത്തിൽ നിൽക്കുന്ന ഘട്ടത്തിൽ കൂടിയാണ് അഭിമുഖം.
രാജസ്ഥാൻ ടീമാണ് തന്റെ ജീവിതവും കരിയറും രൂപപ്പെടുത്തിയതെന്നു സഞ്ജു അഭിമുഖത്തിൽ പറയുന്നു. ക്രിക്കറ്റ് കരിയറിൽ രാഹുൽ ദ്രാവിഡ് ചെലുത്തിയ സ്വാധീനവും സഞ്ജു എടുത്തു പറയുന്നു.
'കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള എനിക്കു വേണ്ടി അവസരങ്ങളൊരുക്കി തന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാനാണ് എന്റെ ലോകം. രാഹുൽ (ദ്രാവിഡ്) സാർ നല്ല പ്രകടനം നടത്താനുള്ള വേദി ഒരുക്കിത്തന്നു. അദ്ദേഹം എന്നെ വിശ്വസിച്ചു. രാജസ്ഥാനൊപ്പമുള്ള ദീർഘ നാളത്തെ യാത്ര ഉജ്ജ്വലമാണ്. അത്തരമൊരു സംഘത്തിനൊപ്പമുള്ള കരിയർ ഞാൻ വിചാരിച്ചതിനപ്പുറം എനിക്കു നൽകി.'
ഇന്ത്യൻ ടി20 ടീമിൽ സമീപ കാലത്ത് സ്ഥിരമായി അവസരം കിട്ടുന്ന സഞ്ജു അതു വിദഗ്ധമായി തന്നെ വിനിയോഗിച്ചു. സെഞ്ച്വറിയടക്കമുള്ള പ്രകടനങ്ങൾ താരം അന്താരാഷ്ട്ര വേദിയിൽ പുറത്തെടുത്തു. ഗംഭീർ നൽകിയ പിന്തുണയും പ്രോത്സാഹനവുമാണ് തിരിച്ചു വരവിനു കാരണമെന്നു സഞ്ജു അഭിമുഖത്തിൽ വ്യക്തമാക്കി.
'ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായത് വലിയ നിരാശയുണ്ടാക്കി. ഗൗതം ഭായ് എന്നോടു കാരണമന്വേഷിച്ചു. കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാൻ സാധിക്കാത്തതിനെ കുറിച്ച് അദ്ദേഹത്തോടു ഞാൻ സംസാരിച്ചു. 21 വട്ടം പൂജ്യത്തിനു പുറത്തായാൽ മാത്രമേ നിന്നെ ടീമിൽ നിന്നു പുറത്താക്കു എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ആ വാക്കുകളാണ് സെഞ്ച്വറിയടക്കമുള്ള ഇന്നിങ്സുകൾ കളിക്കാൻ പ്രചോദിപ്പിച്ചത്'- സഞ്ജു വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates