മുഹമ്മദ് ഷമി  എക്‌സ്
Sports

'അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍'; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 'തീപ്പൊരി പേസര്‍' മുഹമ്മദ് ഷമി വിരമിച്ചു

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 64 മത്സരങ്ങള്‍ കളിച്ച ഷമി, 27.71 ശരാശരിയില്‍ 6 തവണ അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

അഹമ്മദാബാദ്: ഇന്ത്യന്‍ പേസ് കുന്തുമുനകളിലൊരാളായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന ടി20 മത്സരങ്ങളില്‍ തുടരും. വെള്ളിയാഴ്ച രാത്രി സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഷമി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 64 മത്സരങ്ങള്‍ കളിച്ച ഷമി, 27.71 ശരാശരിയില്‍ 6 തവണ അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2023ല്‍ ഓവലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം.

'ഞാന്‍ വെള്ള ജഴ്‌സിയോട് വിടപറയുകയാണ്, പക്ഷേ അതിലെ ഓര്‍മ്മകളോടുള്ള ബന്ധം ഒരിക്കലും അവസാനിക്കില്ല. ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സി ആദ്യമായി അണിഞ്ഞപ്പോള്‍ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നൊരു സ്വപ്നം മാത്രമാണ് എനിക്കുണ്ടായിരുന്നത്. അന്നുമുതല്‍ ഓരോ വിക്കറ്റും ഓരോ പോരാട്ടവും പരിക്കുകളും തിരിച്ചുവരവുകളും എനിക്ക് ഓരോ പാഠങ്ങള്‍ പകര്‍ന്നുതന്നു. കളിക്കളത്തില്‍ എന്റെ അവസാന ടെസ്റ്റ് പന്ത് എറിഞ്ഞുകഴിഞ്ഞിരിക്കാം, എന്നാല്‍ ഇന്ത്യക്കായി കളിച്ചുവെന്ന അഭിമാനം എന്നും എന്റെ ഹൃദയത്തില്‍ ജീവിക്കും.

പിന്തുണ നല്‍കിയ സഹതാരങ്ങള്‍ക്കും കോച്ചുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ക്കും നന്ദി. കരിയര്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബി.സി.സി.ഐക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും നന്ദി. നന്ദി, ടെസ്റ്റ് ക്രിക്കറ്റ്. '- ഷമി കുറിച്ചു.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അതേദിവസത്തില്‍ തന്നെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ആദ്യമത്സരത്തില്‍ തന്നെ 118 റണ്‍സിന് 9 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു; ഷമിയുടെ കരിയറിലെ തന്നെ മികച്ച ബൗളിങ് പ്രകടനമായി തുടര്‍ന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശമണ്ണിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ചു വിക്കറ്റ് നേട്ടങ്ങളില്‍ നാലെണ്ണവും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു.

നിരവധി പരിക്കുകള്‍ വെല്ലുവിളിയായെങ്കിലും, ശക്തമായ തിരിച്ചുവരവുകള്‍ നടത്താന്‍ ഷമിക്ക് സാധിച്ചിരുന്നു. 2023ലെ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം, ഷമിക്ക് കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘകാലം ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു.

Shami announces retirement from Tests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

വരുന്നൂ റേഷന്‍ കടകളില്‍ സിസിടിവി; ലക്ഷ്യം ക്രമക്കേടുകള്‍ തടയല്‍

വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും

തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്