കേപ് ടൗണ്‍: സൗത്ത് ആഫ്രിക്ക 20യില്‍ തീപാറും ബാറ്റിങുമായി ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും ഡെവാള്‍ഡ് ബ്രെവിസും. ഇരുവരുടേയും മികവില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി പ്രിട്ടോറിയ ക്യാപിറ്റല്‍സ് എസ്എ20യില്‍ സീസണിലെ ആദ്യ വിജയവും സ്വന്തമാക്കി. എംഐ കേപ്ടൗണിനെയാണ് അവര്‍ 85 റണ്‍സിന് തകര്‍ത്തത്. സൗരവ് ഗാംഗുലി പരിശീലകനായ ടീമാണ് പ്രിട്ടോറിയസ്. ആദ്യ രണ്ട് കളികളും തുടരെ തോറ്റ ശേഷമാണ് ടീം മൂന്നാം പോരില്‍ വിശ്വരൂപം കാണിച്ചത്. നിശ്ചിത ഓവറില്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് അടിച്ചത്.
28 പന്തില്‍ 86 റണ്‍സാണ് ബ്രെവിസ്- റുതര്‍ഫോര്‍ഡ് സഖ്യം അവസാന ഓവറുകളില്‍ അടിച്ചുകൂട്ടിയത്. ഇതില്‍ തുടരെ ആറ് സിക്‌സുകളുമുണ്ട്. റുതര്‍ഫോര്‍ഡ് 15 പന്തില്‍ 6 സിക്‌സുകള്‍ സഹിതം 47 റണ്‍സും ബ്രെവിസ് 13 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 36 റണ്‍സും കണ്ടെത്തി. ഇരുവരും പുറത്താകാതെ നിന്നു.
തുടരെ ആറ് സിക്‌സുകള്‍ 18, 19 ഓവറുകളിലാണ് പിറന്നത്. 18ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ ബ്രെവിസ് കോര്‍ബിന്‍ ബോഷിനെ സിക്‌സര്‍ പായിച്ചു. 19ാം ഓവര്‍ എറിയാനെത്തിയ ഡ്വെയ്ന്‍ പ്രിട്ടോറിയസിനെ ആദ്യ നാല് പന്തുകളിലും സിക്‌സര്‍ പായിച്ചാണ് റുതര്‍ഫോര്‍ഡ് വരവേറ്റത്. ഇന്നിങ്സിൽ ആറ് തുടർ സിക്സുകളാണ് തലങ്ങും വിലങ്ങും പാഞ്ഞത്.
ഇരുവർക്കും മുൻപ് വിഹാൻ ലബ് കിടിലൻ ബാറ്റിങുമായി കളം വാണിരുന്നു. താരം 36 പന്തിൽ 7 ഫോറും 2 സിക്സും സഹിതം 60 റൺസ് അടിച്ചുകൂട്ടി.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത എംഐ 14.2 ഓവറില്‍ വെറും 135 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് മത്സരങ്ങളില്‍ എംഐ ടീമിന്റെ തുടരെ മൂന്നാം തോല്‍വിയാണിത്. ബാറ്റിങില്‍ എംഐയെ വശംകെടുത്തിയ റുതര്‍ഫോര്‍ഡ് ബൗളിങിലും അവരുടെ അന്തകനായി മാറി. 3 ഓവറില്‍ 24 റണ്‍സ് വഴങ്ങി വിന്‍ഡീസ് താരം 4 വിക്കറ്റുകളാണ് വീഴ്ത്തിയത്.