വഡോദര: ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ ഇതാദ്യമായി പ്രതികരിച്ച് ഗിൽ രംഗത്തെത്തി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഗിൽ മനസ് തുറന്നത്.
'സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം പരമാവധി നൽകുന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ കേന്ദ്രീകരിച്ച് നിൽക്കുന്നത്. ഞാൻ അനുഭവിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആ വിധി മറ്റൊരാൾ വിചാരിച്ചാൽ എന്നിൽ നിന്നു മാറ്റാൻ സാധിക്കില്ല. എനിക്ക് കിട്ടാനുള്ളതാണോ അത് എന്നിൽ തന്നെ വന്നു ചേരും.'
'ഒരു താരമെന്ന നിലയിൽ രാജ്യത്തിനായി കളിക്കുക പരമാവധി നൽകുക എന്നതാണ് മുഖ്യ കാര്യം. സെലക്ടർമാർ എടുത്തത് അവരുടെ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നു. എന്നെ സംബന്ധിച്ച് ഞാൻ ഇന്നിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അത് ജീവിതം കൂടുതൽ ലളിതമാക്കും.'
'ഒരു ഫോർമാറ്റും എളുപ്പമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. 2011നു ശേഷം നാം ഒരു ഏകദിന ലോകകപ്പും നേടിയിട്ടില്ല. ഇതെല്ലാം പറയാൻ എളുപ്പമാണ്. കളിക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അറിയിക. കഠിനാധ്വാനവും ദൃഢനിശ്ചയവും ആവശ്യമാണ്'- ഗിൽ വ്യക്തമാക്കി.
ടെസ്റ്റ് പരമ്പരകൾക്കു മുന്നോടിയായി ടീമിനു വേണ്ടത്ര തയ്യാറെടുുപ്പുകൾ വേണമെന്നു ഗിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം താരം ആവർത്തിച്ചു.
'കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിൽ ടീമിനു തയ്യാറെടുക്കാൻ വേണ്ടത്ര സമയം ഉണ്ടായിരുന്നില്ല. തയ്യാറെടുപ്പ് ഒരു വലിയ കാര്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കും മുമ്പ് ഞങ്ങൾക്ക് വേണ്ടത്ര സമയം ഉണ്ടായിരുന്നില്ല.'
'വൈറ്റ് ബോളിൽ നിന്ന് റെഡ് ബോളിലേക്ക് മാറുമ്പോൾ തയ്യാറെടുക്കാൻ കുറച്ച് സമയം ലഭിക്കുന്നത് നല്ലതാണ്'- ഗിൽ പറഞ്ഞു.
നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം കഴുത്തിന് പരിക്കേറ്റതിനാൽ ടെസ്റ്റ് പരമ്പരയും പിന്നാലെ ഏകദിന പരമ്പരയും താരത്തിനു നഷ്ടമായിരുന്നു. പരിക്കു മാറി ടി20 പരമ്പരക്കിറങ്ങിയെങ്കിലും അവിടെയും പരിക്ക് വില്ലനായതോടെ വീണ്ടും അവസരം നഷ്ടമായി.
ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടി 20 ലോകകപ്പിന് മുമ്പ് ഇന്ത്യ ന്യൂസിലൻഡിനെതിരെ മൂന്ന് ഏകദിനങ്ങളും തുടർന്ന് മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. ഇന്ത്യയെ ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ നയിച്ചിട്ടും 26 കാരനായ അദ്ദേഹത്തെ അടുത്ത മാസത്തെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചില്ല. ഇന്ത്യയ്ക്കായി 36 ടി20 മത്സരങ്ങൾ കളിച്ച ഗിൽ 28.03 ശരാശരിയിൽ 138.59 സ്ട്രൈക്ക് റേറ്റിൽ 869 റൺസ് നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates