ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യാപക വിമർശനങ്ങൾ ഉയരുന്നിരുന്നു. രണ്ട് സ്പിന്നർമാരുമായി കളിച്ചതും ബാറ്റിങിലെ പോരായ്മകളും വിമർശനങ്ങളുടെ ആക്കം കൂട്ടി. ടീമിൽ പേസ് ഓൾറൗണ്ടർ വേണമായിരുന്നുവെന്ന് മത്സര ശേഷം ക്യാപ്റ്റൻ കോഹ്‌ലിയും അഭിപ്രായപ്പെട്ടിരുന്നു.
ഇനി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വൻ മാറ്റങ്ങളുമായിട്ടായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മോശം ഫോമിൽ കളിക്കുന്ന ചേതേശ്വർ പൂജാരയ്ക്ക് സ്ഥാനം നഷ്ടമായേക്കും. ഇംഗ്ലണ്ടിനെതിരെ കോഹ്‌ലി മൂന്നാം നമ്പറിൽ കളിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. പൂജാരയ്‌ക്കൊപ്പം അജിൻക്യ രഹാനെയേയും താത്കാലികമായിട്ടെങ്കിലും പുറത്ത് നിർത്തിയേക്കും.
ശുഭ്മാൻ ഗില്ലിന്റെ ഓപ്പണിങ് സ്ഥാനത്തിനും ഇളക്കം തട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഗില്ലിനെ അഞ്ചാം സ്ഥാനത്ത് കളിപ്പിക്കാനാണ് സാധ്യത. ഓപ്പണറായി കെഎൽ രാഹുൽ, മായങ്ക് അഗർവാൾ എന്നിവരിൽ ഒരാളെ പരിഗണിക്കും. രാഹുലിന് ഓപ്പണിങ് സ്ഥാനത്ത് അവസരമില്ലെങ്കിൽ രഹാനെയ്ക്ക് പകരം ടീമിലെത്തും. ഹനുമ വിഹാരിയെ കളിപ്പിക്കാനും സാധ്യതയേറെയാണ്.
ഇംഗ്ലണ്ടിനെതിരെ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനാണ് സാധ്യത. ഇതോടെ രവീന്ദ്ര ജഡേജയും പുറത്തായേക്കും. ജഡേജയ്ക്ക് പകരം ശാർദുൽ ഠാക്കൂർ ടീമിലെത്തും. പേസ് ബൗളർ ഓൾറൗണ്ടറായിട്ടാണ് ഠാക്കൂറിനെ പരിഗണിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഠാക്കൂർ മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. മുഹമ്മദ് സിറാജിനെ ടീമിലേക്ക് പരിഗണിച്ചാൽ ഇഷാന്ത് ശർമ, ജസ്പ്രിത് ബുമ്റ എന്നിവരിൽ ഒരാൾക്ക് സ്ഥാനം നഷ്ടമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates