ഹൈദരാബാദ്: അവസാന ഓവർ വരെ ആവേശം നിലനിർത്തി സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് റൺസിന് ഡൽഹി ക്യാപിറ്റൽസിന്റെ മിന്നും ജയം. ഐപിഎൽ 16-ാം സീസണിലെ ആദ്യ ജയത്തിനായി കുറച്ചധികം കാത്തിരിക്കേണ്ടി വന്നു ഡൽഹിക്ക്. വിജയവഴിയിലെത്തിയതിന് പിന്നാലെ തുടർച്ചയായ രണ്ടാം ജയം.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 144 റൺസെടുത്തു. 20 ഓവറിൽ സൺ റൈസേഴ്‌സിന്റെ മറുപടി ആറ് വിക്കറ്റ് നഷ്‌ടത്തിൽ 137 റൺസിൽ അവസാനിച്ചു. മയാങ്ക് അഗർവാളാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. 39 ബോളിൽ 49 റൺസ്. ഡൽഹിക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങി സൺറൈസേഴ്‌സിന് തുടക്കത്തിൽ തന്നെ ഹാരി ബ്രൂക്കിനെ നഷ്ടമായി.
19 ബോളിൽ 31 റൺസെടുത്ത ഹെൻറിച് ക്ലാസ്സൻ, 15 ബോളിൽ 24 റൺസെടുത്ത വാഷിങ്ടൺ സുന്ദർ എന്നിവർ നല്ല പ്രകടനം കാഴ്‌ചവെച്ചു. മാർക്കോ ജെൻസൻ മൂന്ന് പന്തിൽ രണ്ട് റൺസുമായി പുറത്താകാതെ നിന്നു. സൺറൈസേഴ്‌സ് ക്യാപ്റ്റൻ എയ്ഡൻ മർക്രം അഞ്ച് പന്തിൽ മൂന്ന് റൺസെടുത്ത് നിരാശപ്പെടുത്തി.
34 റൺസെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അക്ഷർ പട്ടേലാണ് ഡൽഹിയെ വിജയത്തിലേക്കെത്തിച്ചത്. അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് പ്രതിരോധിച്ച് പന്തെറിഞ്ഞ മുകേഷ് കുമാറും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ആൻറിച് നോർട്യ നാല് ഓവറിൽ 33 റൺസെടുക്കുകയും രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തു. ഇഷാന്ത് ശർമ മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങിയും കുൽദീപ് യാദവ് നാല് ഓവറിൽ 22 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
27 പന്തിൽ രണ്ടു ഫോറുകളോടെ 34 റൺസെടുത്ത മനീഷ് പാണ്ഡെ, 34 പന്തിൽ നാലു ഫോറുകൾ സഹിതം 34 റൺസെടുത്ത അക്ഷർ പട്ടേൽ എന്നിവരാണ് ഡൽഹിയുടെ ടോപ് സ്കോറർമാർ. സൺറൈസേഴ്സിനായി വാഷിങ്ടൻ സുന്ദർ നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറിന്റെ പ്രകടനവും ശ്രദ്ധേയമായി. ടി നടരാജൻ മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
ഡൽഹി നിരയിൽ ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഡേവിഡ് വാർണർ (20 പന്തിൽ 21 റൺസ്), മിച്ചൽ മാർഷ് (15 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ഫിലിപ് സാൾട്ട് ഗോൾഡൻ ഡക്കായി. സർഫറാസ് ഖാൻ ഒൻപത് ബോളിൽ 10 റൺസെടുത്തു. അമൻ ഹക്കിം ഖാൻ (രണ്ടു പന്തിൽ നാല്), റിപൽ പട്ടേൽ (രണ്ടു പന്തിൽ രണ്ട്), ആൻറിച് നോർട്യ (മൂന്നു പന്തിൽ നാല്) എന്നിവരും നിരാശപ്പെടുത്തി. കുൽദീപ് യാദവ് മൂന്നു പന്തിൽ നാലു റൺസോടെയും ഇഷാന്ത് ശർമ ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.
സ്കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോഴാണ് ഡൽഹിക്ക് ഓപ്പണർ സാൾട്ടിനെ നഷ്ടമായത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിൽ തകർന്ന ഡൽഹിക്ക്, ആറാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത അക്ഷർ പട്ടേൽ – മനീഷ് പാണ്ഡെ സഖ്യമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ ക്രീസിൽ നിന്ന ഇരുവരും ഇതിനിടെ അടിച്ചുകൂട്ടിയത് 69 റൺസാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates