തൃശൂര്‍ ടൈറ്റന്‍സ് ഫൈനലില്‍ 
Sports

രക്ഷകനായി ആനന്ദ് ജോസഫ് , അവിശ്വസനീയ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ് ഫൈനലില്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ഒരു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്. ആനന്ദ് ജോസഫിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് തോല്‍വിയുടെ വക്കില്‍ നിന്നും തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ഒരു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. ട്രിവാന്‍ഡ്രം റോയല്‍സ് - 20 ഓവറില്‍ 163/5, തൃശൂര്‍ ടൈറ്റന്‍സ് 19.5 ഓവറില്‍ 167/9

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍സിന് മൂന്നാം ഓവറില്‍ തന്നെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് എടുത്ത ഉജ്ജ്വലമായൊരു ക്യാച്ചിലൂടെയാണ് വിഷ്ണു വിനോദ് (7) പുറത്തായത്. അടുത്ത ഓവറില്‍ കൃഷ്ണപ്രസാദിനെയും (4) ആനന്ദ് ജോസഫ് തന്നെ മടക്കി. 28 റണ്‍സെടുത്ത അഭിഷേക് പി. നായര്‍ ബിജു നാരായണന്റെ പന്തില്‍ പുറത്തായി. ഫോമിലുള്ള ഗോവിന്ദ് ദേവ് പൈയെ എം. എസ്. അഖിലും മടക്കിയതോടെ നാല് വിക്കറ്റിന് 72 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്.

തുടര്‍ന്നെത്തിയ അക്ഷയ് മനോഹറുടെ ഇന്നിങ്‌സാണ് റോയല്‍സിനെ കരകയറ്റിയത്. സിജോമോന്‍ ജോസഫിനൊപ്പം 21 റണ്‍സ് കൂട്ടിച്ചേര്‍ത്ത അക്ഷയ് തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ പായിച്ചു. 20 റണ്‍സെടുത്ത സിജോമോന്‍ ജോസഫ് ബിജു നാരായണന്റെ പന്തില്‍ പുറത്തായെങ്കിലും പകരമെത്തിയ എം. നിഖില്‍ അക്ഷയ്ക്ക് മികച്ച പിന്തുണയായി. ഇരുവരും ചേര്‍ന്ന് 34 പന്തുകളില്‍ കൂട്ടിച്ചേര്‍ത്ത 70 റണ്‍സാണ് റോയല്‍സിന്റെ സ്‌കോര്‍ 163ല്‍ എത്തിച്ചത്. അവസാന രണ്ട് ഓവറില്‍ 38 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അബ്ദുള്‍ റമീസ് എറിഞ്ഞ അവസാന ഓവറില്‍ സിക്‌സര്‍ പറത്തിയാണ് അക്ഷയ് തന്റെ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 26 പന്തുകളില്‍ നാല് ഫോറും മൂന്ന് സിക്‌സറുമടക്കം 53 റണ്‍സുമായി അക്ഷയ് പുറത്താകാതെ നിന്നു. എം. നിഖില്‍ പുറത്താകാതെ 28 റണ്‍സെടുത്തു. ടൈറ്റന്‍സിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് രണ്ടാം ഓവറില്‍ തന്നെ കെ. ആര്‍. രോഹിതിനെ (16) നഷ്ടമായി. തുടരെ മൂന്ന് പന്തുകള്‍ അതിര്‍ത്തി കടത്തി തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇല്ലാത്ത റണ്ണിനായോടി രോഹിത് റണ്ണൗട്ടായത്. അടുത്ത ഓവറില്‍ ഏഴ് റണ്‍സെടുത്ത വിഷ്ണുരാജും പുറത്തായി. തുടര്‍ന്നെത്തിയ അഹമ്മദ് ഇമ്രാനും ഷോണ്‍ റോജറും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉജ്ജ്വലമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ ഷോണ്‍ റോജറെ (23) പുറത്താക്കി സിജോമോന്‍ ജോസഫ് കൂട്ടുകെട്ടിന് അവസാനമിട്ടു. അഹമ്മദ് ഇമ്രാനും നിഖില്‍ തോട്ടത്തും മികച്ച രീതിയില്‍ ബാറ്റി വീശിയതോടെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 43 റണ്‍സ് പിറന്നു.

എന്നാല്‍ 14-ആം ഓവറില്‍ അഹമ്മദ് ഇമ്രാന്റെ (43) മടക്കം ഒരു കൂട്ടത്തകര്‍ച്ചയുടെ തുടക്കമായി. അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിഖില്‍ തോട്ടത്തും (24) പുറത്തായി. ഷാരോണ്‍ സുരേഷ് മൂന്നും മുഹമ്മദ് ഇനാന്‍ ഒന്നും ബിജു നാരായണന്‍ പൂജ്യത്തിനും മടങ്ങി. മറുവശത്ത് മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്ന ക്യാപ്റ്റന്‍ എം. എസ്. അഖിലിലായിരുന്നു അപ്പോഴും ടൈറ്റന്‍സിന്റെ പ്രതീക്ഷ. എന്നാല്‍ 19-ആം ഓവറിലെ അവസാന പന്തില്‍ എം. എസ്. അഖില്‍ (27) പുറത്തായി. അവസാന ഓവര്‍ തുടങ്ങുമ്പോള്‍ ഒരു വിക്കറ്റ് ശേഷിക്കെ തൃശൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സാണ്. രണ്ടാം പന്തില്‍ സിംഗിള്‍ നേടി അബ്ദുള്‍ റമീസ് ആനന്ദ് ജോസഫിന് സ്‌ട്രൈക്ക് നല്‍കി. തുടര്‍ന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ്. തുടരെയുള്ള മൂന്ന് പന്തുകളില്‍ രണ്ട് സിക്‌സും ഒരു ഫോറും നേടി ആനന്ദ് ടീമിന് ഫൈനലിലേക്കുള്ള വഴിയൊരുക്കി. മൂന്ന് പന്തുകളില്‍ നിന്ന് 16 റണ്‍സുമായി ആനന്ദ് പുറത്താകാതെ നിന്നു. റോയല്‍സിന് വേണ്ടി രാഹുല്‍ ചന്ദ്രന്‍ മൂന്നും എം നിഖില്‍ സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Thrissur Titans enter KCL final for the first time in history with an unbelievable victory,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

വില കൂടി; സവാള തീരുമെന്ന പേടി വേണ്ട, വീട്ടിലേക്കുള്ളത് അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാം

ഞാന്‍ എന്റെതാക്കി മാറ്റിയ ഒരു ജീവിതത്തിനുള്ളിലാണ് ഇപ്പോള്‍; 60ല്‍ ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതായി തോന്നുന്നില്ല; സജിത മഠത്തില്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍