ധാംബുള്ള: കരുത്തരായ ഇന്ത്യ എ സംഘത്തെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ എ ടീം. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന് എ ടീമുകളുടെ ത്രിരാഷ്ട്ര പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യ മികച്ച സ്കോര്‍ ഉയര്‍ത്തിയെങ്കിലും മഴ വില്ലനായി. മത്സരത്തില്‍ മഴ കളിച്ചതോടെ ഡെക്ക്വര്‍ത്ത് ലൂയീസ് നിയമമനുസരിച്ച് അഫ്ഗാന് വിജയികളായി മാറുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് അടിച്ചെടുത്തു. മഴ പെയ്തതോടെ അഫ്ഗാന്റെ ലക്ഷ്യം 25.5 ഓവറില്‍ 174 റണ്‍സായി നിജപ്പെടുത്തി. അവര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സടിച്ച് വിജയിച്ചു. ജയം 4 റണ്‍സിന്.
ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാദും ശ്രീലങ്കക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയും അര്‍ധ ശതകങ്ങളുമായി ഇത്തവണയും മികവ് കാട്ടി. ഇരുവരും 66 വീതം റണ്‍സെടുത്തു.
ഓപ്പണിങില്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ഒരു സിക്സ് പോലും അടിക്കാതെ 22 പന്തില്‍ 44 റണ്‍സെടുത്ത് ഫോമിലേക്ക് തിരിച്ചെത്തി. 9 ഫോറുകള്‍ താരം തൂക്കി. സഹ ഓപ്പണര്‍ പ്രഭ്സിമ്രാന് സിങും തിളങ്ങി. താരവും ഒരു സിക്സ് പോലും അടിക്കാതെ 69 പന്തില്‍ 14 ഫോറുകള്‍ സഹിതം 84 റണ്‍സെടുത്ത് ടോപ് സ്കോററായി.
ഏഴാമനായി എത്തിയ സൂര്യാംശ് ഷെഡ്ജെയും എട്ടാം സ്ഥാനത്തെത്തിയ അനുകുല്‍ റോയിയും അതിവേഗം റണ്‍സ് അടിച്ച് സ്കോറിങിന് വേഗം കൂട്ടി. സൂര്യാംശ് 27 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 40 റണ്‍സെടുത്തു. അനുകുല്‍ റോയ് 8 പന്തില്‍ ഒരു സിക്സും 2 ഫോറും സഹിതം 16 റണ്‍സുമായി പുറത്താകാതെ നിന്നു.
അഫ്ഗാനായി അബ്ദുല്ല അഹമദ്സായ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ഫര്‍മാനുല്ല 3 വിക്കറ്റെടുത്തു. ഇമ്രാന് ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങില്‍ ഓപ്പണറും ക്യാപ്റ്റനുമായ ഇമ്രാന് 70 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം പുറത്താകാതെ 75 റണ്‍സെടുത്തു ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ബഹിര്‍ ഷ 51 റണ്‍സുമായി പുറത്താകാതെ ക്യാപ്റ്റനെ പിന്തുണച്ചു. ഹസന് എയ്സഖീല് (34), ഖാലിദ് തനിവാള്‍ എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി അര്‍ഷദ് ഖാനും അനുകുല്‍ റോയിയും ഓരോ വിക്കറ്റ് പങ്കിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates