ഫോട്ടോ: ട്വിറ്റർ 
Sports

വിന്‍ഡീസ് ലോകകപ്പിനില്ല! ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; സ്‌കോട്‌ലന്‍ഡിനോടും നാണംകെട്ടു

നെതര്‍ലന്‍ഡ്‌സിനോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ കടിച്ചുതൂങ്ങിയാണ് സൂപ്പര്‍ സിക്‌സില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പ്രഥമ ഏകദിന ലോക ചാമ്പ്യന്‍മാരായ വിന്‍ഡീസ് ഫൈനല്‍ പോരിലേക്കുള്ള അവസരം നഷ്ടപ്പെടുത്തിയത്. 

നെതര്‍ലന്‍ഡ്‌സിനോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ കടിച്ചുതൂങ്ങിയാണ് സൂപ്പര്‍ സിക്‌സില്‍ എത്തിയത്. സൂപ്പര്‍ സിക്‌സിലെ എല്ലാ മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ അവര്‍ ആയുധം വച്ച് കീഴടങ്ങി. 

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ലോകകപ്പ് കളിക്കാന്‍ എത്താതിരിക്കുന്നത്. സ്‌കോട്‌ലന്‍ഡിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്. 

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 181 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറയാനിറങ്ങിയ സ്‌കോട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം തൊട്ടത്. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകളും സ്‌കോട്ടിഷ് പട ഉയര്‍ത്തി. 

1975ലെ പ്രഥമ ലോകകപ്പിലും പിന്നാലെ 79ലെ രണ്ടാം ലോകകപ്പിലും കിരീടം നേടിയ ടീമാണ് വിന്‍ഡീസ്. 83ല്‍ ഫൈനലിലേക്കെത്താനും അവര്‍ക്കു സാധിച്ചു. അന്ന് ഇന്ത്യയോടു ഏറ്റ പരാജയം അക്ഷരാര്‍ഥത്തില്‍ അവരുടെ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ തകര്‍ച്ചയുടെ തുടക്കം കൂടിയായിരുന്നു. ആ തകര്‍ച്ചയുടെ ഏറ്റവും മൂര്‍ധന്യമാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കാണുന്നത്. ക്രിക്കറ്റിലെ കരീബിയന്‍ വസന്തം ഇത്തവണ ലോകകപ്പിനില്ല! 

സൂപ്പര്‍ സിക്‌സിലെ നിര്‍ണായക മത്സരത്തില്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. വിജയം തേടിയിറങ്ങിയ സ്‌കോട്‌ലന്‍ഡിന്റെ ആദ്യ വിക്കറ്റ് ആദ്യ ഓവറിലെ ഒന്നാം പന്തില്‍ തന്നെ വീഴ്ത്താന്‍ വിന്‍ഡീസിനു സാധിച്ചു. എന്നാല്‍ പിന്നീട് ഒരു പഴുതും അനുവദിക്കാതെ സ്‌കോട്ടിഷ് ബാറ്റിങ് പട വിന്‍ഡീസിനെ തകര്‍ത്തുവിട്ടു. 

ഓപ്പണര്‍ മാത്യു ക്രോസ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. വണ്‍ ഡൗണ്‍ ഇറങ്ങിയ ബ്രണ്ടന്‍ മക്കല്ലനും അര്‍ധ സെഞ്ച്വറി കണ്ടെത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി. 

ക്രോസ് 74 റണ്‍സുമായി പുറത്താകാതെ നിന്നു. താരം ഏഴ് ഫോറുകള്‍ പറത്തി. മക്കല്ലന്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സ് കണ്ടെത്തി. ജോര്‍ജ് മന്‍സെ 18 റണ്‍സുമായി മടങ്ങി. വിജയിക്കുമ്പോള്‍ ക്രോസിനൊപ്പം 13 റണ്‍സുമായി ക്യാപ്റ്റന്‍ റിച്ചി ബെരിങ്ടന്‍ പുറത്താകാതെ നിന്നു. 

ടോസ് നേടി സ്‌കോട്‌ലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ തീരുമാനം ശരിയാണെന്നു വിന്‍ഡീസ് ബാറ്റിങ് നിരയുടെ തകര്‍ച്ച വ്യക്തമാക്കുന്നു. ബോര്‍ഡില്‍ വെറും 81 റണ്‍സ് മാത്രമുള്ളപ്പോള്‍ വിന്‍ഡീസിന് ആറ് മുന്‍നിര താരങ്ങളെ നഷ്ടമായിരുന്നു. 

പൊരുതാവുന്ന സ്‌കോറിലെക്ക് ടീമിനെ എത്തിച്ചതില്‍ ജാസന്‍ ഹോള്‍ഡര്‍ക്ക് നിര്‍ണായക പങ്കുണ്ട്. താരം 45 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 36 റണ്‍സെടുത്ത റൊമാരിയോ ഷെഫേര്‍ഡും മികവ് പുലര്‍ത്തി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഓപ്പണര്‍ ബ്രണ്ടന്‍ കിങ് 22 റണ്‍സെടുത്തും നിക്കോളാസ് പുരന്‍ 21 റണ്‍സെടുത്തും പുറത്തായി. ക്യാപ്റ്റന്‍ ഷായ് ഹോപ് (13), കെവിന്‍ സിംഗ്ലയര്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റൊരാളും അധികം ക്രീസില്‍ നിന്നില്ല. 

ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി മക്കല്ലന്‍ തന്നെയാണ് കൂടുതല്‍ വിക്കറ്റും വീഴ്ത്തിയത്. താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് സോണ്‍, മാര്‍ക് വാറ്റ്, ക്രിസ് ഗ്രീവ്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. സഫ്യാന്‍ ഷെരിഫ് ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT