ലഖ്നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഇന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട മേഘാലയ 62 റൺസിന് പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിൻ്റെ വിജയം
ആറ് വിക്കറ്റിന് 252 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ക്യാപ്റ്റൻ ഇഷാൻ രാജിൻ്റെയും തോമസ് മാത്യുവിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കൂറ്റൻ ലീഡ് നൽകിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. തോമസ് മാത്യു സെഞ്ച്വറിയടിച്ച് കളം വാണു. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. 25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസ് മാത്യുവിൻ്റെ ഇന്നിങ്സ്.
ഇഷാൻ രാജ് സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായി. 140 പന്തുകളിൽ നിന്ന് 10 ഫോറടക്കം ഇഷാൻ രാജ് 93 റൺസ് നേടി. നേരത്തെ ലെറോയ് ജോക്വിൻ ഷിബുവും കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 38 റൺസെടുത്ത നെവിൻ, 24 റൺസെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റർമാർ.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകർന്നടിഞ്ഞു. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത എസ് ചൗധരിയാണ് മേഘാലയയുടെ ടോപ് സ്കോറർ. 26ാം ഓവറിൽ വെറും 62 റൺസിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി.
കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയാണ് നന്ദൻ്റെ ആറ് വിക്കറ്റ് നേട്ടം. വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് നന്ദൻ. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണയക പങ്കു വഹിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates