വിരാട് കോഹ്‍ലി എക്സ്
Sports

ടെസ്റ്റ് ക്രിക്കറ്റിനെ പുനര്‍നിര്‍വചിച്ച ഇതിഹാസം; കോഹ്‍ലി കോറിയിട്ട അടയാളങ്ങൾ

ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകന്‍

രഞ്ജിത്ത് കാർത്തിക

ച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ താര പരിവേഷത്തോടെ തിളങ്ങിയ താരമായിരുന്നു വിരാട് കോഹ്‌ലി. ടി20, ഏകദിന ഫോര്‍മാറ്റില്‍ കളിക്കുമ്പോഴും നേട്ടങ്ങള്‍ വെട്ടിപിടിക്കുമ്പോഴും ടെസ്റ്റ് കളിക്കാനുള്ള തന്റെ അടങ്ങാത്ത അഭിനിവേശം കോഹ്‌ലി എക്കാലത്തും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ പൊടുന്നനെയുള്ള ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ സംബന്ധിച്ച കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

സമീപ കാലത്ത് ടെസ്റ്റില്‍ അത്ര മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നേടിയ ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ഏറെക്കുറെ നിശബ്ദമാണ് കോഹ്‌ലിയുടെ ബാറ്റ്. ഒരുപക്ഷേ ഈ ഫോമില്ലായ്മയായിരിക്കും താരത്തെ ടെസ്റ്റ് മതിയാക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്.

പരിമിത ഓവറില്‍ അസാമാന്യ നേട്ടങ്ങളുണ്ടെങ്കിലും ടെസ്റ്റിലെ കോഹ്‌ലി മറ്റൊരാളാണ്. പ്രത്യേകിച്ച് ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചത് അപാരമായ കരുത്തോടെയാണ്. ആക്രമണോത്സുകതയും തീവ്രതയും മികവും സമാസമം ചേര്‍ന്നൊരു സംഘമായിരുന്നു കോഹ്‌ലിയുടെ ടെസ്റ്റ് ടീം. ഇന്ത്യന്‍ ടെസ്റ്റ് ടീമിനു അതുവരെയുണ്ടായിരുന്ന പേര് വിപ്ലവകരമായി മാറ്റി മറിച്ച നായകനായിരുന്നു കോഹ്‌ലി.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ടീമിനു സമ്മാനിച്ച നായകനാണ് കോഹ്‌ലി. 2011ലാണ് അദ്ദേഹം ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. 2015 എംഎസ് ധോനി വിരമിച്ചപ്പോഴാണ് താരം നായക സ്ഥാനത്തെത്തിയത്.

68 ടെസ്റ്റുകളില്‍ ഇന്ത്യയെ അദ്ദേഹം നയിച്ചു. 40 ടെസ്റ്റുകളില്‍ വിജയം. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍.

വിജയം സ്വന്തമാക്കാനുള്ള അടങ്ങാത്ത ആവേശം, എല്ലായ്‌പ്പോഴും മികച്ച ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കാനുള്ള ശ്രദ്ധ, ടീമിനെ മുന്നില്‍ നിന്നു നയിക്കുക എന്ന സംസ്‌കാരം, അതുവരെ സ്പിന്നര്‍മാരില്‍ വിശ്വസിച്ചിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഫാസ്റ്റ് ബൗളിങ് വിപ്ലവം തന്നെ നടപ്പാക്കിയ ക്യാപ്റ്റന്‍. തുടങ്ങി നിരവധി വിശേഷണങ്ങള്‍ കോഹ്‌ലിയുടെ 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനു അവകാശപ്പെടാനുണ്ട്.

വിദേശത്തു പരമ്പര വിജയങ്ങള്‍ കൂടുതല്‍ ശീലമായത് കോഹ്‌ലി നായകനായപ്പോഴാണ്. ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ തുടരെ അഞ്ച് വര്‍ഷം ഒന്നാം സ്ഥാനത്ത് നില്‍ക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയതും കോഹ്‌ലി ക്യാപ്റ്റനായപ്പോഴാണ്.

നാട്ടിലായാലും വിദേശത്തായാലും കോഹ്‌ലി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. പലപ്പോഴും ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തി. ആക്രമണാത്മക ഫീല്‍ഡിങ് ക്രമീകരണങ്ങളുമായി എതിരാളികളെ ഞെട്ടിച്ചു. വിജയത്തിന്റെ ഒരോ നിമിഷവും അത്രമേല്‍ ആവേശത്തോടെ അദ്ദേഹം ആഘോഷിച്ചു. വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ പോലും റിസ്‌ക്കെടുക്കാന്‍ ഒട്ടും മടിച്ചില്ല. ടീമിലെ ഒരു താരം മോശം പ്രകടനം കാഴ്ചവച്ചാല്‍ പിന്തുണ നല്‍കുന്നതിനു ഒരു കുറവും വരുത്തിയില്ല. സഹ താരങ്ങളില്‍ നിന്നു മികച്ച പ്രകടനം പുറത്തെടുക്കാനുള്ള എല്ലാ വഴികളും അദ്ദേഹം കളത്തില്‍ തേടി.

പല ഘട്ടത്തിലും അദ്ദേഹത്തിന്റെ ആക്രമണോത്സുക ശൈലി വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയെങ്കിലും നായകനെന്ന നിലയില്‍ ഒരിക്കല്‍ പോലും തന്റെ ഉത്തരവാദിത്വത്തില്‍ നിന്നു അദ്ദേഹം ഒഴിഞ്ഞു നിന്നില്ല. പ്രതീക്ഷകളുടെ അമിത ഭാരത്തെ അഭിമാനത്തോടെ തന്നെ അദ്ദേഹം ഏറ്റെടുത്തു. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഇത്രയും കരുത്തോടെ നില നിര്‍ത്തിയ ഒരു ക്യാപ്റ്റനും ചരിത്രത്തില്‍ ഇല്ല. ആധുനിക ടെസ്റ്റ് ക്രിക്കറ്റിനെ പുനര്‍നിര്‍വചിച്ച ഇതിഹാസ ഇന്ത്യന്‍ ക്യാപ്റ്റനെന്ന പെരുമയാണ് അദ്ദേഹം പടിയിറങ്ങുമ്പോള്‍ ബാക്കിയാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT