Sports

ഇത്തവണയും തരം​ഗമായത് ഉനദ്കട്; പുത്തൻ താരോദയങ്ങളായി വരുൺ ചക്രവർത്തി, പ്രഭ്സിമ്രാൻ സിങ്; ലോട്ടറിയടിച്ച് സാം ക്യുറൻ

ഐപിഎൽ താര ലേലത്തിൽ ഇത്തവണയും ഏറ്റവും വിലയുള്ള താരമായത് ജയ്ദേവ് ഉനദ്കട്

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: ഐപിഎൽ താര ലേലത്തിൽ ഇത്തവണയും ഏറ്റവും വിലയുള്ള താരമായത് ജയ്ദേവ് ഉനദ്കട്. 8.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചത്. ഉനദ്കടിനൊപ്പം പുത്തൻ താരോദയമായി വരുൺ ചക്രവർത്തി 8.4 കോടിയെന്ന അതേ വിലയ്ക്ക് തന്നെ കിങ്സ് ഇലവൻ പഞ്ചാബിലേക്കെത്തി. 

1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഉനദ്കടിനെ പഴയ ടീമായ രാജസ്ഥാൻ തന്നെ വീണ്ടും ടീമിലെടുത്തപ്പോൾ, വെറും 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്നാട്ടുകാരൻ വരുൺ ചക്രവർത്തിയെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയതാണ് അമ്പരപ്പിച്ചത്. കഴിഞ്ഞ വർഷം 11.5 കോടി രൂപയ്ക്ക് ടീമിലെടുത്ത ഉനദ്കടിനെ ടീമിൽ നിലനിർത്താതെ ലേലത്തിനു വിട്ട രാജസ്ഥാൻ, വീണ്ടും കോടികൾ മുടക്കിയാണ് താരത്തെ ടീമിലെത്തിച്ചത്. അതേസമയം, വരുൺ ചക്രവർത്തിയുടേത് അപ്രതീക്ഷിത താരോദയമായി. ആഭ്യന്തര ക്രിക്കറ്റിലെയും തമിഴ്നാട് പ്രീമിയർ ലീഗിലെയും മിന്നും പ്രകടനമാണ് വരുണിനെ ടീമുകളുടെ പ്രിയങ്കരനാക്കിയത്.

രണ്ട് കോടി അടിസ്ഥാന വിലയുമായി ലേലത്തിനെത്തി 7.2 കോടി രൂപ നേടിയ യുവ ഇംഗ്ലണ്ട് വിസ്മയം സാം ക്യുറനാണ് വിലയേറിയ താരങ്ങളിൽ രണ്ടാമതുള്ളത്. വാശിയേറിയ ലേലത്തിനൊടുവിൽ കിങ്സ് ഇലവൻ പഞ്ചാബാണ് ക്യുറനെയും സ്വന്തമാക്കിയത്. 6.4 കോടിക്ക് ദക്ഷിണാഫ്രിക്കൻ താരം കോളിൻ ഇൻഗ്രാമിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.  

20 ലക്ഷം രൂപയിൽ നിന്ന് 4.8 കോടിയിലേക്കെത്തിയ പതിനേഴുകാരൻ പ്രഭ്സിമ്രാൻ സിങ്ങും ലേലത്തിലെ താര സാന്നിധ്യമായി. പഞ്ചാബിൽ നിന്നുള്ള ഈ യുവതാരത്തെ കിങ്സ് ഇലവൻ തന്നെ സ്വന്തമാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള അക്ഷ്ദീപ് സിങ്ങിനെ 3.6 കോടി രൂപയ്ക്ക് ആർസിബിയും ബരീന്ദർ സ്രാനെ 3.4 കോടിക്ക് മുംബൈയും സ്വന്തമാക്കി. 1.5 കോടി രൂപയ്ക്ക് ആർസിബിയിലെത്തിയ പതിനഞ്ചുകാരൻ താരം പ്രയാസ് റായ് ബർമനും ശ്രദ്ധേയനായി. ടെസ്റ്റ് ക്രിക്കറ്റിലൂടെ ആരാധകരുടെ ശ്രദ്ധ കവർന്ന ആന്ധ്രാ താരം ഹനുമ വിഹാരിയെ രണ്ട് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അതിവേഗ ബോളിങ്ങിലൂടെ ശ്രദ്ധേയനായ വരുൺ ആരോണിനെ 2.4 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി.

ലേലത്തിൽ 351 പേരിൽ നിന്ന് ആകെ 60 താരങ്ങളെയാണ് വിവിധ ടീമുകൾ വിളിച്ചെടുത്തത്. ഇതിൽ 40 ഇന്ത്യൻ താരങ്ങളും 20 വിദേശ താരങ്ങളും ഉൾപ്പെടുന്നു. ഇത്രയും താരങ്ങൾക്കായി 107 കോടിയോളം രൂപയാണ് എല്ലാ ടീമുകളും ചേർന്ന് ചെലവഴിച്ചത്.
 
ലേലത്തിൽ നാല് പേർ അഞ്ച് കോടി രൂപ സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ, മോഹിത് ശർമ, ശിവം ദുബെ, വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്ത്‌വയ്റ്റ് എന്നിവരാണ് അഞ്ച് കോടി നേടിയത്. ബ്രാത്ത്‌വയ്റ്റിനെ കൊൽക്കത്തയും അക്സർ പട്ടേലിനെ ഡൽഹിയും മോഹിത് ശർമയെ ചെന്നൈയും ശിവം ദുബെയെ ആർസിബിയും ടീമിലെത്തിച്ചു.

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി 4.8 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബിലെത്തി. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ആരാധകരുടെ മനം കവർന്ന വെസ്റ്റ് ഇൻഡീസ് താരം ഷിംറോൺ ഹെറ്റ്മയർ 4.2 കോടിക്ക് ആർസിബിയിലെത്തി. മറ്റൊരു വിൻഡീസ് താരം നിക്കോളാസ് പൂരനെ 4.2 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയെ 2.2 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും ശ്രീലങ്കൻ താരം ലസിത് മലിംഗയെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.

ആദ്യ ഘട്ടത്തിൽ വാങ്ങാനാളില്ലാതെ പോയ യുവരാജ് സിങ് രണ്ടാം വരവിൽ മുംബൈയിലെത്തി. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് യുവിയെ മുംബൈ സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തിൽ ആരും വാങ്ങാനാളില്ലാതെ പോയ മാർട്ടിൻ ഗപ്റ്റിൽ അടിസ്ഥാന വിലയായ ഒരു കോടിക്ക് ഹൈദരാബാദിലെത്തി.

മലയാളി താരങ്ങൾക്കു പൊതുവെ നിരാശ സമ്മാനിച്ച ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ മാനം കാത്തത് ഒരു പതിനെട്ടുകാരനാണ്. അണ്ടർ 19 ടീമിൽ അംഗമായ ദേവദത്ത് പടിക്കൽ. ദേവദത്തിനെ 20 ലക്ഷം രൂപയ്ക്ക് ആർസിബിയാണ് സ്വന്തമാക്കിയത്. ലേലത്തിനുണ്ടായിരുന്ന മലയാളി താരങ്ങളായ സച്ചിൻ ബേബി, വിഷ്ണു വിനോദ്, സന്ദീപ് വാരിയർ എന്നിവരെ ടീമിലെടുക്കാൻ ആരും തയാറായില്ല.

ബ്രണ്ടൻ മക്കല്ലം, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, ഹാഷിം അംല, ജയിംസ് നീഷാം, കൊറി ആൻഡേഴ്സൻ, ഏഞ്ചലോ മാത്യൂസ്, ജേസൺ ഹോൾഡർ, ലൂക്ക് റോഞ്ചി, ഡാൻ ക്രിസ്റ്റ്യൻ, മുഷ്ഫിഖുർ റഹിം, മോണി മോർക്കൽ, ഡെയ്‌ൽ സ്റ്റെയിൻ, കുശാൽ പെരേര, മനോജ് തിവാരി, ചേതേശ്വർ പൂജാര, ആദം സാംപ, ഫാബിയൻ അലൻ, സിക്കന്ദർ റാസ, രാഹുൽ ശർമ എന്നീ പ്രമുഖരെയൊന്നും വാങ്ങാൻ ടീമുകൾ തയ്യാറായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT