ലുക്വെ: കോപ്പ അമേരിക്ക ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെ ചുവപ്പ് കാർഡ് കാട്ടിയ റഫറിയുടെ നടപടിയേയും സംഘാടകരേയും വിമർശിച്ച അർജന്റീന നായകൻ ലയണൽ മെസിക്കെതിരെ നടപടി. ഒരു മത്സരത്തിൽ നിന്ന് വിലക്കും 1500 യുഎസ് ഡോളർ പിഴയും താരം ഒടുക്കണം. കഴിഞ്ഞ ദിവസമാണ് മെസിക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടി എന്താണെന്ന് കോൺമെബോൾ പുറത്തുവിട്ടത്. അതേ സമയം ഇതിനെതിരെ അപ്പീലിന് പോകാൻ മെസിക്ക് സാധിക്കില്ല. അത്തരം രീതിയിലുള്ള ശിക്ഷാ നടപടിയാണ് കോൺമെബോൾ സ്വീകരിച്ചിരിക്കുന്നത്.
ചിലിക്കെതിരായ കോപ്പ അമേരിക്ക ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെയാണ് മെസിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്. റഫറിയുടെ തീരുമാനത്തിനെതിരെ ആരാധകരും മറ്റും രംഗത്തെത്തിയിരുന്നു. ഇതോടെ ഇത് വിവാദമായി. ചിലി താരം ഗാരി മെഡലുമായി കളിക്കളത്തിൽ ഏറ്റുമുട്ടിയതിനാണ് റഫറി അന്ന് ചുവപ്പ് കാർഡ് കാട്ടിയതെങ്കിലും ചുവപ്പ് കാർഡ് അർഹിക്കുന്ന പ്രവർത്തിയൊന്നും മെസിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പിന്നീട് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മത്സരത്തിന് ശേഷം റഫറിയിങിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി മെസി രംഗത്ത് വന്നതോടെ വിവാദം കൊഴുത്തു. ബ്രസീലിന് കിരീടം നേടാനുള്ള നാടകങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മെസി ഉയർത്തിയത്. കോൺമെബോൾ അഴിമതിയുടെ കേന്ദ്രമാണെന്ന കടുത്ത വിമർശനവും മെസി ഉന്നയിച്ചു.
ഇതോടെ ബാഴ്സലോണ ഇതിഹാസത്തിനെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കാരണമായേക്കുമെന്ന് വാർത്തകൾ വന്നു. കോൺമെബോളിൽ നിന്ന് അർജന്റീന ടീമിനെ തന്നെ പുറത്താക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഈ ഘട്ടത്തിൽ പുറത്തു വന്നിരുന്നു. എന്നാൽ സംഭവം അന്വേഷിച്ച കോൺമെബോളിന്റെ സിംഗിൾ ബെഞ്ച് അച്ചടക്ക ട്രിബ്യൂണലാണ് കൂടുതൽ ശിക്ഷാ നടപടികൾ മെസിക്കെതിരെ സ്വീകരിക്കേണ്ട കാര്യമില്ലെന്നും, ഒരു മത്സര വിലക്കും, 1500 യു.എസ് ഡോളറും മാത്രം ശിക്ഷ നൽകിയാൽ മതിയെന്നും വിധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates