Sports

ചെറുത്ത് നില്‍പ്പ് 329ല്‍ അവസാനിപ്പിച്ച് ഇന്ത്യ; ഇംഗ്ലണ്ട് തുടങ്ങി

ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 329 റണ്‍സില്‍ അവസാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 329 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റിന് 307 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്കു 22 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമായി.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയില്‍. 15 റണ്‍സുമായി അലിസ്റ്റര്‍ കുക്കും 16 റണ്‍സുമായി ജന്നിങ്‌സുമാണ് ക്രീസില്‍.

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികച്ച ഫോമില്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. 51 പന്തുകളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെ 24 റണ്‍സാണ് പന്ത് എടുത്തത്. പിന്നാലെ 14 റണ്‍സെടുത്ത അശ്വിനെയും ബ്രോഡ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ സ്‌കോര്‍ 350ല്‍ എത്തിക്കുകയെന്ന ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. മുഹമ്മദ് ഷമിയെയും (3) ജസ്പ്രീത് ബുമ്‌റയെയും (0) പുറത്താക്കി ആന്‍ഡേഴ്‌സന്‍ ഇന്ത്യയുടെ ഇന്നിങ്‌സിന് തിരശീലയിട്ടു.

നേരത്തേ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും (97) അജിന്‍ക്യ രഹാനെയുടെയും (81) ഉജ്ജ്വല ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 152 പന്തില്‍ 11 ബൗണ്ടറികളടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. രഹാനെ 131 പന്തില്‍ 12 ബൗണ്ടറികളോടെയാണ് 81 റണ്‍സ് നേടിയത്. ശിഖര്‍ ധവാന്‍ (35), ലോകേഷ് രാഹുല്‍ (23), ചേതേശ്വര്‍ പുജാര (14), ഹര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. ആദില്‍ റഷീദിനു ഒരു വിക്കറ്റ് ലഭിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം