Sports

പൂജ്യം പോയിന്റുള്ള കോഹ്‌ലിക്ക് ഖേല്‍രത്‌ന; 80 പോയിന്റുകളുമായി ഏറ്റവും മുന്നിലുള്ള ബജ്‌രംഗും വിനേഷും അവാര്‍ഡിന്റെ ഏഴയല്‍വക്കത്തില്ല!

കോഹ്‌ലിക്കും ഭാരോദ്വഹന താരം മീരാബായ് ചാനുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കിയ നടപടി വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹന താരം മീരാബായ് ചാനുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കിയ നടപടി വിവാദത്തില്‍. യോഗ്യതയും മാനദണ്ഡപ്രകാരമുള്ള പോയിന്റുകള്‍ നേടിയിട്ടും പരിഗണന കിട്ടാതെ പോയെന്ന പരാതിയുമായി ഗുസ്തി താരം ബജ്‌രംഗ് പുനിയ രംഗത്തെത്തിയതോടെയാണ് വിവാദം പുകയുന്നത്. തന്നെ പരിഗണിക്കാതിരുന്ന സമിതിയുടെ നടപടിക്കെതിരേ താരം ഇന്ന് കോടതിയെ സമീപിച്ചേക്കും. 

പതിനൊന്ന് പേരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്. ക്രിക്കറ്റ് താരത്തെ ഖേല്‍രത്‌നയ്ക്ക് പരിഗണിക്കാന്‍ നിലവില്‍ പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നും തന്നെയില്ല. മറ്റ് കായിക ഇനങ്ങള്‍ക്ക് പോയിന്റ് കണക്കാക്കിയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 

ഇത്തവണ 17 പേരുകളാണ് സമിതിക്ക് മുന്‍പില്‍ എത്തിയത്. ഈ 17 പേരില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കിയത് ബജ്‌രംഗ് പുനിയയും വനിതാ ഗുസ്തി താരം വിനേഷ് ഫോഗടുമാണ്. എന്നാല്‍ ഇരുവരും തള്ളപ്പെടുകയായിരുന്നു. ഇരുവര്‍ക്കും 80 പോയിന്റുകളാണുള്ളത്. അവാര്‍ഡ് ലഭിച്ച മീരാബായ് ചാനുവിനാകട്ടെ 44 പോയിന്റുകളാണ് ലഭിച്ചത്. മാത്രമല്ല ചാനുവിനേക്കാള്‍ പോയിന്റുകള്‍ ലഭിച്ച മറ്റ് താരങ്ങളും പട്ടികയിലുണ്ട്. പാരാ അത്‌ലറ്റ് ദീപ മാലിക്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ബോക്‌സിങ് താരം വികാസ് കൃഷ്ണന്‍, ആര്‍ച്ചര്‍ അഭിഷേക് വര്‍മ എന്നിവര്‍ക്കും ചാനുവിേേനക്കാള്‍ പോയിന്റുണ്ട്. 

ഒളിംപിക്‌സില്‍ ഇല്ലാത്ത കായിക ഇനമെന്ന നിലയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പോയിന്റുകള്‍ കണക്കാക്കിയില്ല അവാര്‍ഡ് നല്‍കുന്നത്. സമിതിയിലെ അംഗങ്ങളുടെ ഭൂരിപക്ഷം പിന്തുണ മാത്രമാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടത്. മറ്റ് ഇനങ്ങളില്‍ ഒളിംപിക്, പാരാലിംപിക് പോരാട്ടങ്ങളില്‍ സ്വര്‍ണം നേടിയാല്‍ 80, വെള്ളി നേടിയാല്‍ 70, വെങ്കലം നേടിയാല്‍ 55 പോയിന്റുകളാണ് അവാര്‍ഡ് നല്‍കാന്‍ കണക്കാക്കുന്നത്. ലോകകപ്പ്, ലോക ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങളില്‍ ഇത് 40, 30, 20 ഏഷ്യന്‍ ഗെയിംസില്‍ 30, 25, 20 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 25, 20, 15 എന്ന നിലയിലുമാണ് പോയിന്റുകള്‍ കണക്കാക്കുന്നത്. 

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം സ്വന്തമാക്കിയ താരമാണ് ബജ്‌രംഗ് പുനിയ. മീരാബായിയേക്കാള്‍ എന്തുകൊണ്ടും അവാര്‍ഡ് ലഭിക്കാന്‍ യോഗ്യത തനിക്കാണെന്ന് പുനിയ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷമായി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പുനിയ അവകാശപ്പെട്ടു. അംഗങ്ങളുടെ അഭിപ്രായം മാത്രമാണ് അന്തിമ പരിഗണനയ്ക്കായി കണക്കാക്കുന്നതെങ്കില്‍ പോയിന്റ് നോക്കുന്ന വ്യവസ്ഥ പിന്നെന്തിനാണ്. താനും വിനേഷുമാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയവര്‍. തങ്ങളുടെ നേട്ടങ്ങളെ സമിതി ഒരു നിലയ്ക്ക് പോലും പരിഗണിച്ചില്ല എന്ന് വേണം മനസിലാക്കാന്‍. കോടതി പോകുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും പുനിയ പറഞ്ഞു. അവാര്‍ഡ് നേടിയ കോഹ്‌ലിയും മീരാബായിയും ചാംപ്യന്‍മാരായ കായിക താരങ്ങള്‍ തന്നെയാണ്. ഇരുവരോടും വളരെ ബഹുമാനവുമുണ്ട് ബംജ്‌രംഗ് പുനിയ കൂട്ടിച്ചേര്‍ത്തു. 

പോയിന്റ് മാനദണ്ഡം ഇല്ലാത്തതിനാല്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലെ അംഗങ്ങളുടെ ഭൂരിപക്ഷമാണ് കോഹ്‌ലിയുടെ തിരഞ്ഞെടുപ്പിന് പിന്നില്‍. 11 അംഗങ്ങളില്‍ എട്ട് പേരും കോഹ്‌ലിയെ പിന്തുണച്ചു. പിന്നീട് അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നേടിയ താരം മീരാബായ് ചാനുവായിരുന്നു. ഏഴ് പേര്‍ ചാനുവിനെ പിന്തുണച്ചു. ആറ് പേരുടെ പിന്തുണയുമായി ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് മൂന്നാമതുണ്ടായിരുന്നു. മീരാബായ് രണ്ടാമതെത്തിയതിനാല്‍ അവാര്‍ഡിനായി കോഹ്‌ലിയേയും മീരാബായിയേയും തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളിലൊരാള്‍ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

SCROLL FOR NEXT