Sports

വിട്ടുകൊടുക്കാതെ കട്ടയ്ക്ക്; മെസിയുടെ പിതാവും ബാഴ്‌സയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല

ബുധനാഴ്ച 90 മിനിറ്റോളം ക്ലബ് പ്രസിഡന്റ് ബാര്‍ടൊമ്യുവും, മെസിയുടെ പിതാവ് ജോര്‍ജ് മെസിയും ചര്‍ച്ച നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: മെസിയുടെ പിതാവും, ബാഴ്‌സയും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച 90 മിനിറ്റോളം ക്ലബ് പ്രസിഡന്റ് ബാര്‍ടൊമ്യുവും, മെസിയുടെ പിതാവ് ജോര്‍ജ് മെസിയും ചര്‍ച്ച നടത്തിയതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും ഇരുകൂട്ടര്‍ക്കും ഒത്തുതീര്‍പ്പിലെത്താനായില്ല. മെസിയുടെ സഹോദരന്‍ റോഡ്രിഗോയും, ബാഴ്‌സ ഒഫീഷ്യലായ ജാവിയര്‍ ബോര്‍ഡാസും, മെസിയുടെ അഭിഭാഷകനും ചര്‍ച്ചയില്‍ പങ്കെടുത്തു. 

ക്ലബ് വിടണമെന്ന ആവശ്യം മെസിയുടെ പിതാവ് ഉന്നയിച്ചപ്പോള്‍, സാധ്യമല്ലെന്ന നിലപാട് ബാഴ്‌സയും വ്യക്തമാക്കി. മെസിയുടെ പ്രതിനിധികളും ബാഴ്‌സയും തമ്മില്‍ ഇനി അടുത്ത് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നാണ് സൂചന. മെസി തന്റെ തീരുമാനം മാറ്റും എന്ന പ്രതീക്ഷയിലാണ് ബാഴ്‌സ ഇപ്പോഴും. 

ബുധനാഴ്ച സ്‌പെയിനില്‍ എത്തിയതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാന്‍ മെസിയുടെ പിതാവ് തയ്യാറായില്ല. എനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍, തന്റെ മകന് ബാഴ്‌സ വിടുക എന്നാല്‍ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും എന്ന് മെസിയുടെ പിതാവ് പറഞ്ഞതായി സ്പാനിഷ് ടെലിവിഷന്‍ ചാനലായ കുയാട്രോ റിപ്പോര്‍ട്ട് ചെയ്തു. 

മെസിയെ നേരിട്ട് കണ്ട് സംസാരിക്കണം എന്ന ആവശ്യം ബാഴ്‌സ മുന്‍പോട്ട് വെച്ചിട്ടുണ്ട്. 20 വര്‍ഷം മുന്‍പ് മെസി കരിയര്‍ ആരംഭിച്ച ക്ലബില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നാണ് ബാഴ്‌സയുടെ വിശദീകരണം. കഴിഞ്ഞ ആഴ്ചയാണ് ക്ലബ് വിടാനുള്ള തീരുമാനം മെസി ബാഴ്‌സ മാനേജ്‌മെന്റിനെ അറിയിക്കുന്നത്. 

2021 ജൂണ്‍ വരെയാണ് ബാഴ്‌സയുമായി മെസിക്ക് കരാറുള്ളത്. ഇതിന് മുന്‍പ് ക്ലബ് വിടുകയാണ് എങ്കില്‍ 700 മില്യണ്‍ യൂറോ നല്‍കണം എന്നാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍ മെയ് 31ന് മുന്‍പ് റിലീസ് ക്ലോസിലെ തുക നല്‍കാതെ മെസിക്ക് ക്ലബ് വിടാമെന്ന വ്യവസ്ഥയുണ്ട്. കോവിഡിനെ തുടര്‍ന്ന് സീസണ്‍ ഓഗസ്റ്റ് വരെ നീണ്ട സാഹചര്യത്തില്‍ മെയ് 31 എന്ന കരാറിലെ തിയതിയും നീളുന്നതായാണ് മെസിയുടെ വാദം. എന്നാല്‍ മെയ് 31ല്‍ തന്നെ ഈ വ്യവസ്ഥ അവസാനിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബാഴ്‌സ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം