Internet Access a Fundamental Right for Children: Supreme Court AI Generated Image
Technology

'ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം'; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

'ഉള്‍നാടുകളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പഠനത്തിനും വിവരങ്ങള്‍ക്കുമുള്ള ഏക ആശ്രയം പലപ്പോഴും ഇന്റര്‍നെറ്റാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ 21, 19(1)(a) വകുപ്പുകള്‍ പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്നത് അസംബന്ധമാണെന്നും ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സമൂഹമാധ്യമങ്ങളിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി നിരീക്ഷണം.

പ്രായഭേദമന്യേ കുട്ടികള്‍ക്കും മുതിര്‍ന്നവരെപ്പോലെ തന്നെ അവകാശങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയന്ത്രണങ്ങളും പ്രായപരിധി അടിസ്ഥാനമാക്കിയുള്ള മുന്‍കരുതലുകളും ആവശ്യമാണ്. മാതാപിതാക്കളുടെ സമ്മതത്തോടെയുള്ള നിരീക്ഷണം, കുട്ടികള്‍ക്കായുള്ള 'ചൈല്‍ഡ് മോഡ്', കുട്ടികളുടെ അക്കൗണ്ടുകള്‍ സ്വതവേ പ്രൈവറ്റ് ആയിരിക്കുക, അറിയപ്പെടാത്ത മുതിര്‍ന്നവരില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ അനുയോജ്യമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാവുന്നതാണ്.

ഭരണഘടനയുടെ 19(1)(a) വകുപ്പ് പ്രകാരമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ വിവരങ്ങളും ആശയങ്ങളും, അറിയാനും സ്വീകരിക്കാനും പങ്കുവെക്കാനുമുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. ആശയങ്ങളുടെയും സര്‍ഗ്ഗാത്മക പ്രകടനങ്ങളുടെയും വലിയ വേദിയാണ് ഇന്റര്‍നെറ്റ്. ഉള്‍നാടുകളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പഠനത്തിനും വിവരങ്ങള്‍ക്കുമുള്ള ഏക ആശ്രയം പലപ്പോഴും ഇന്റര്‍നെറ്റാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സമാനമനസ്‌കരായ കൂട്ടുകാരെ കണ്ടെത്താനുള്ള ഇടം ഡിജിറ്റല്‍ ലോകമാണ്.

ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത ഒട്ടനവധി കാര്യങ്ങളുണ്ട്. എന്നാല്‍, ദോഷകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും നീക്കം ചെയ്യാനും ഇന്റര്‍നെറ്റ് ഇടനിലക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളുടെ പേരില്‍ കുട്ടികളെ അകറ്റി നിര്‍ത്തുന്നത് ഇരയെ കുറ്റക്കാരനായി കാണുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. നിയമം വഴി വിലക്കിയതുകൊണ്ട് കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തുകയല്ല, പകരം കൂടുതല്‍ നിയന്ത്രണങ്ങളില്ലാത്തതും അപകടകരവുമായ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് അവര്‍ വഴിമാറുകയാണ് ചെയ്യുക.

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പര വിരുദ്ധമായ കാര്യങ്ങളല്ലെന്നും, കുട്ടികള്‍ക്ക് ഈ രണ്ട് അവകാശങ്ങള്‍ക്കും ഒരുപോലെ അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുക എന്നതിന്റെ അര്‍ഥം അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുക എന്നാകരുത്. കുട്ടികളുടെ മാനസിക-വൈകാരിക ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ ചില പ്ലാറ്റ്ഫോമുകളില്‍ പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും, യാതൊരു വിവേചനവുമില്ലാത്ത സമ്പൂര്‍ണ വിലക്കുകള്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കോടതി അടിവരയിടുന്നു.

2020ലെ അനുരാധ ഭാസിന്‍ കേസ്, 2025ലെ പ്രഗ്യ പ്രസൂന്‍ കേസ് തുടങ്ങിയ മുന്‍കാല സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിലാണ്, ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം കുട്ടികള്‍ക്ക് നിഷേധിക്കാന്‍ കഴിയില്ലെന്ന സുപ്രധാന പ്രഖ്യാപനം കോടതി നടത്തിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ ദേശീയ ഡേറ്റാബേസ് രൂപീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Supreme Court Declares Internet Access a Fundamental Right for Everyone, Including Children

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര്‍ മഹേഷ്

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ഇടത്ത് യെല്ലോ

ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല, പാനിക് ബ്രേക്ക് അലര്‍ട്ട്; ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി 2026 വിപണിയില്‍

പരസ്യമായി മാപ്പുപറയണം ; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ സണ്ണി ജോസഫിന് വക്കീല്‍ നോട്ടീസ്