മാങ്ങയെ അങ്ങനെ മറക്കാൻ കഴിയുമോ? കണ്ണിമാങ്ങ അച്ചാര്‍ മുതല്‍ പലതരം വെറൈറ്റി രൂപത്തില്‍ മാങ്ങയും മാമ്പഴും ദിവസവും നമ്മുടെ ഭക്ഷണക്രമത്തില്‍ സ്ഥാനം പിടിക്കാറുണ്ട്.
രുചിയും ആരോഗ്യഗുണവും മുന്‍നിര്‍ത്തി പഴങ്ങളുടെ രാജാവെന്നും മാമ്പഴത്തെ വിശേഷിപ്പിക്കാറുണ്ട്. ഇന്ന് ദേശീയ മാമ്പഴ ദിനമാണ്. എല്ലാ വര്‍ഷവും ജൂലൈ 22നാണ് മാമ്പഴ ദിനം ആചരിക്കുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കൃഷി ചെയ്ത ഫലങ്ങളിൽ ഒന്നാണ് മാമ്പഴം. മാഞ്ചിഫെറ ഇൻഡിക്ക എന്നാണ് മാമ്പഴത്തിന്‍റെ ശാസ്ത്രിയ നാമം.
ദക്ഷിണേഷ്യയാണ് മാമ്പഴത്തിന്‍റെ ജന്മനാടെന്നാണ് കരുതുന്നത്. ഏതാണ്ട് 4000-5000 വര്‍ഷങ്ങള്‍ മുന്‍പു മുതല്‍ വടക്കുകിഴക്കൻ ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മാമ്പഴം കൃഷി ചെയ്തിരുന്നു.
നമ്മുടെ ആദ്യകാല വേദഗ്രന്ഥങ്ങളിൽ മാമ്പഴത്തെ കുറിച്ച് പരാമർശമുണ്ട്. സ്നേഹന്‍റെയും സമൃദ്ധിയുടെയും പവിത്രതയുടെയും സൂചകമായിട്ടാണ് അന്ന് മാമ്പഴത്തെ കണ്ടിരുന്നത്.
പത്താം നൂറ്റാണ്ടോടെ, പേർഷ്യൻ വ്യാപാരികൾ വഴി മാമ്പഴ കൃഷി കിഴക്കൻ ആഫ്രിക്കയിലേക്ക് വ്യാപിച്ചു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് പര്യവേക്ഷകരാണ് ഇത് ബ്രസീലിലേക്കും വെസ്റ്റ് ഇൻഡീസിലേക്കും കൊണ്ടുവന്നത്. 18-ാം നീറ്റാണ്ടിലാണ് മാമ്പഴം അമേരിക്കയിൽ എത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ വളരുന്ന അൽഫോൻസോ മാമ്പഴമാണ് മാമ്പഴങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്നത്.