ഓവലില്‍ ഇന്ന് പോരാട്ടം തീപാറും...ലോകകപ്പില്‍ ജയത്തോടെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തുടങ്ങിയത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ തോല്‍വി ഇന്ന് ഇവരില്‍ ഏത് ടീമിനാവും അഭിമുഖീകരിക്കേണ്ടി വരിക? ഇന്നത്തെ കളിയില്‍ വലിയ സ്‌കോര്‍ പിറന്നേക്കും എന്നാണ് പ്രവചിക്കപ്പെടുന്നത്. രണ്ട് വമ്പന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ നിര്‍ണായകമാവുന്ന ചില പ്രകടനങ്ങളുമുണ്ടാവും കളിക്കാരുണ്ട് ഭാഗത്ത് നിന്നും....അങ്ങിനെ നിര്‍ണായകമാവാന്‍ സാധ്യതയുള്ള മേഖലകള്‍....
സ്റ്റാര്‍ക്കിന് മുന്‍പില്‍ ഇന്ത്യന്‍ മുന്‍നിര
മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയുടെ ശക്തി. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തരായ താരങ്ങളാണിവര്‍. എന്നാല്‍, ഈ മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ തുടരെ പുറത്താവുന്നത് അടുത്തിടെ നടന്ന ഇന്ത്യയുടെ പരമ്പരകളില്‍ കണ്ടിരുന്നു, ആ സമയം ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് വീഴുകയും ചെയ്തു. അവിടെയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്ക് വലിയ ഭീഷണി തീര്‍ക്കുന്നത്.
പരിക്കിന്റെ പിടിയില്‍ നിന്നും പുറത്ത് വന്ന സ്റ്റാര്‍ക് മികച്ച കളിയാണ് ലോകകപ്പിന്റെ തുടക്കത്തില്‍ പുറത്തെടുക്കുന്നത്.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഇടംകയ്യന്‍ ബൗളറില്‍ നിന്ന് വരുന്ന സ്വിങ്ങിന് മുന്‍പില്‍ രോഹിത് ശര്‍മയ്ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. സ്റ്റാര്‍ക്കിനെ ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ എങ്ങനെ മറികടക്കും എന്നത് ഇന്ന് നിര്‍ണായകമാവും.
വാര്‍ണറും ബൂമ്രയും നേര്‍ക്കുനേര്‍
മികച്ച ബൗളിങ് നിരയുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇരുഭാഗത്തേയും ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. അഫ്ഗാനിസ്ഥനെതിരെ വലിയ വെല്ലുവിളി നേരിടുന്നതില്‍ നിന്നും ടീമിനെ രക്ഷിച്ച് ജയത്തിലേക്ക് എത്തിച്ചത് ഡേവിഡ് വാര്‍ണറുടെ അര്‍ധ ശതകമായിരുന്നു. തുടക്കത്തില്‍ ബുദ്ധിമുട്ട് നേരിട്ടതിന് ശേഷമാണ് ക്ഷമയോടെ നിന്ന് വാര്‍ണര്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്.
നിലവില്‍, ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബൗളറുടെ മുന്നിലേക്കാണ് വാര്‍ണര്‍ ഇന്നെത്തുന്നത്. ഐപിഎല്ലിലെ മികച്ച ഫോം ലോകകപ്പിലേക്കും താന്‍ കൊണ്ടുവന്നുവെന്നതിന്റെ സൂചനയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ബൂമ്ര നല്‍കിയത്. ഡേവിഡ് വാര്‍ണറെ കളി പിടിക്കാന്‍ അനുവദിക്കാതെ മടക്കുക എന്നതാവും ബൂമ്രയുടെ ലക്ഷ്യമെന്ന് വ്യക്തം. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ ബൂമ്രയ്ക്കാവുന്നു. ഡികോക്ക് ബൂമ്രയ്ക്ക് മുന്‍പില്‍ പരുങ്ങുന്നത് നമ്മള്‍ കണ്ടതാണ്.
ഡെത്ത് ഓവറുകളില്‍ കമിന്‍സിന് മുന്‍പില്‍ ധോനിയും പാണ്ഡ്യയും
ഹര്‍ദിക്കും, ധോനിയും ക്രീസില്‍ ഒരുമിച്ച് വന്നാല്‍ ബൗള്‍ ചെയ്യാന്‍ ആരും മടിക്കും. ഇന്ത്യന്‍ മുന്‍നിര ഇന്നിങ്‌സിന് അടിത്തറയിട്ടാല്‍, അവസാന ഓവറുകളില്‍ പിന്നെ കാര്യങ്ങള്‍ ധോനിയുടേയേും ഹര്‍ദിക്കിന്റേയും കൈകളില്‍ ഭദ്രമാണ്...രണ്ട് പേരും ഫോമില്‍ നില്‍ക്കുന്നു. ഇരുവരും തീര്‍ക്കാന്‍ സാധ്യതയുള്ള വെല്ലുവിളി ഓസീസിന് നന്നായി അറിയാം.
വേഗമേറിയ യോര്‍ക്കറുകളും, ബാറ്റ്‌സ്മാനെ ഞെട്ടിച്ച് ഷോര്‍ട്ട് പിച്ച് ഡെലിവറികളും എറിയാന്‍ പ്രാപ്തമായ താരമാണ് കമിന്‍സ്. ബാക്ക് എന്‍ഡില്‍ ഇന്ത്യന്‍ പവര്‍ ഹിറ്റര്‍മാര്‍ കളി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കമിന്‍സിനെ ഫിഞ്ച് എങ്ങനെയാവും ഉപയോഗിക്കുക എന്നതും നിര്‍ണായകമാണ്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates