

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അവഞ്ചര്‍ 220 സ്ട്രീറ്റ് വീണ്ടും വിപണിയില്‍ അവതരിപ്പിച്ചു. അവഞ്ചര്‍ 220 സ്ട്രീറ്റിന്റെ 2026 പതിപ്പിന് 1.30 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. കൂടാതെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
1.29 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുള്ള അവഞ്ചര്‍ ക്രൂയിസ് 220നേക്കാള്‍ അല്‍പ്പം കൂടിയ വിലയിലാണ് സ്ട്രീറ്റ് 220 എത്തിയിരിക്കുന്നത്. ഇതോടൊപ്പം ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 ഇന്ത്യയില്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിലവില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നി രണ്ട് മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയിലുള്ള അവഞ്ചര്‍ ബൈക്കുകള്‍.
അതേ 220 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് അവഞ്ചര്‍ സ്ട്രീറ്റ് 220-ലും ഉപയോഗിച്ചിരിക്കുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 17.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5-സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ട്രീറ്റ് റൈഡിങ്ങിന് അനുയോജ്യമായതാണ് ഈ മോഡല്‍. മികച്ച റൈഡിംഗ് പൊസിഷന്‍ നല്‍കുന്നതിനായി താഴ്ന്ന ഹാന്‍ഡില്‍ ബാറുകളോട് കൂടിയ പുതുക്കിയ എര്‍ഗണോമിക്‌സാണ് അവഞ്ചര്‍ സ്ട്രീറ്റ് 220ല്‍ ഉള്ളത്. ഇതില്‍ പില്യണ്‍ ബാക്ക്റെസ്റ്റ് (പുറകിലിരിക്കുന്നയാള്‍ക്ക് ചാരിയിരിക്കാനുള്ള സംവിധാനം) നല്‍കിയിട്ടില്ല. ബ്ലാക്ക്ഡ്-ഔട്ട് തീമില്‍ വരുന്ന ഈ ബൈക്ക് എബണി ബ്ലാക്ക് (Ebony Black), കോക്ക്ടെയില്‍ വൈന്‍ റെഡ് (Cocktail Wine Red) എന്നി രണ്ട് നിറങ്ങളില്‍ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates