ന്യൂഡൽഹി: ജനപ്രിയ കമ്മ്യൂട്ടർ ബൈക്കായ ഹീറോ സ്പ്ലെൻഡർ പ്ലസിന്റെ എല്ലാ വേരിയന്റുകൾക്കും ഹീറോ മോട്ടോകോർപ്പ് വില വർധിപ്പിച്ചു. 3,086 രൂപ വരെയാണ് വിലയിലുണ്ടായ വർധന. സ്‌പെഷ്യൽ എഡിഷൻ വേരിയന്റിലാണ് ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തിയിരിക്കുന്നത്. വില പരിഷ്‌കരണത്തിനൊപ്പം സ്‌പെഷ്യൽ എഡിഷൻ വേരിയന്റിന് പുതിയ പേരും മൂന്ന് പുതിയ കളർ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ബൈക്കിന്റെ മെക്കാനിക്കൽ വിഭാഗങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
സ്പ്ലെൻഡർ പ്ലസ്, സ്പ്ലെൻഡർ പ്ലസ് ഫ്‌ളെക്‌സ്, സ്പ്ലെൻഡർ പ്ലസ് എക്സ്ടെക്, സ്പ്ലെൻഡർ പ്ലസ് എക്സ്ടെക് 2.0 എന്നീ നാല് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിലെത്തുന്നത്. ഡ്രം വേരിയന്റിന് 1,135 രൂപ വർധിച്ച് 77,777 രൂപയിൽ നിന്ന് 78,912 രൂപയായി. i3S വേരിയന്റിന് 1,135 രൂപയുടെ വർധനയോടെ 78,910 രൂപയിൽ നിന്ന് 80,045 രൂപയായി ഉയർന്നു. നേരത്തെ ബ്ലാക്ക് ആൻഡ് ആക്‌സന്റ് എന്നറിയപ്പെട്ടിരുന്ന മോഡലാണ് സ്‌പെഷ്യൽ എഡിഷൻ ആയി മാറിയത്. ഇതിന് 3,086 രൂപ കൂടി 78,580 രൂപയിൽ നിന്ന് 81,666 രൂപയായി. 125 മില്യൺ എഡിഷന് 1,135 രൂപ വർധിച്ച് 80,531 രൂപയിൽ നിന്ന് 81,666 രൂപയിലെത്തി.
വില വർധനയ്‌ക്കൊപ്പം സ്‌പെഷ്യൽ എഡിഷൻ വേരിയന്റിൽ മാറ്റ് ഗ്രേ, മാറ്റ് വെർണിയർ ഗ്രേ, കാൻഡി ബ്ലേസിങ് റെഡ് എന്നീ മൂന്ന് പുതിയ നിറങ്ങൾ ലഭ്യമാകും. മറ്റ് വേരിയന്റുകളിൽ നിലവിലുള്ള നിറങ്ങൾ തന്നെ തുടരും. എക്സ്ടെക് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഫ്രണ്ട് ഡ്രം ബ്രേക്ക് തന്നെയാണ് നൽകിയിട്ടുള്ളത്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ആവശ്യമുള്ളവർക്ക് എക്സ്ടെക് വേരിയന്റ് തിരഞ്ഞെടുക്കാം.
സ്പ്ലെൻഡർ പ്ലസ് എക്സ്ടെക് ഡ്രം ബ്രേക്ക് പതിപ്പിന് 82,418 രൂപയും, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 85,461 രൂപയുമാണ് പുതിയ വില. ബ്ലൂടൂത്ത് വഴി കോൾ, എസ്.എം.എസ്. അലർട്ടുകൾ ലഭിക്കുന്ന അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിയൽ-ടൈം മൈലേജ് ഡിസ്പ്ലേ എന്നിവ എക്സ്ടെക്കിലുണ്ട്. എക്സ്ടെക്കിന് മുകളിലായി സ്ഥാനം പിടിച്ചിരിക്കുന്ന എക്സ്ടെക് 2.0-ൽ ഡ്രം ബ്രേക്ക് മാത്രമാണുള്ളത്. 84,549 രൂപയാണ് ഇതിന്റെ വില. ഹാലൊജൻ ഹെഡ്‌ലാമ്പിന് പകരം എൽ.ഇ.ഡി. യൂണിറ്റും, ഇൻഡിക്കേറ്ററുകളിൽ ഹസാർഡ്-ലൈറ്റ് സൗകര്യവും ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പ്ലെൻഡർ പ്ലസ് ഫ്‌ളെക്‌സ് വേരിയന്റിന് 1,332 രൂപയാണ് വർധിച്ചത്. ലോഞ്ച് ചെയ്ത സമയത്തെ 82,710 രൂപയിൽ നിന്ന് വില 84,042 രൂപയായി ഉയർന്നു. അതേസമയം, എച്ച്.എഫ്. ഡീലക്‌സ് ഫ്‌ളെക്‌സ് ലോഞ്ച് വിലയായ 72,792 രൂപയിൽ തന്നെ തുടരുന്നു. E20 മുതൽ E85 വരെയുള്ള എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ് ഫ്‌ളെക്‌സ് വേരിയന്റുകൾ. E85-ൽ പ്രവർത്തിക്കുമ്പോൾ 8.6hp കരുത്തും 8.3Nm ടോർക്കും നൽകുന്ന എൻജിൻ, E20-ൽ 8.02hp കരുത്തും 8.05Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
വില വർധനയ്ക്ക് ശേഷവും 100 സിസി കമ്മ്യൂട്ടർ വിഭാഗത്തിൽ മികച്ച മൂല്യം നൽകുന്ന ബൈക്കായി സ്പ്ലെൻഡർ പ്ലസ് തുടരുന്നു. 78,912 രൂപ മുതലാണ് സ്പ്ലെൻഡർ പ്ലസിന്റെ പ്രാരംഭ വില. വിപണിയിലെ പ്രധാന എതിരാളികളായ ഹോണ്ട ഷൈൻ 100-ന് 65,642 രൂപ മുതലും, ബജാജ് പ്ലാറ്റിനയ്ക്ക് 70,511 രൂപ മുതലും, ഹീറോയുടെ തന്നെ എച്ച്.എഫ്. ഡീലക്‌സിന് 59,477 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates