

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ് യുവിക്ക് ആല്‍ഫ എന്ന് പേരിട്ടതായി പ്രഖ്യാപിച്ചു. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് എസ് യുവിയാണ്. ഡിസംബര്‍ രണ്ടിന് ഇന്ത്യയില്‍ വെച്ചായിരിക്കും ഇത് അവതരിപ്പിക്കുക. ഈ വാഹനം ആദ്യം വിപണിയിലെത്തുക ഇന്ത്യയിലായിരിക്കും.
ഗ്രീക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരത്തില്‍ നിന്നാണ് ആല്‍ഫ എന്ന പേര് വന്നത്. 2025ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഹോണ്ട പ്രദര്‍ശിപ്പിച്ച '0 ആല്‍ഫ' കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം 65kwh മുതല്‍ 75kwh വരെ ശേഷിയുള്ള രണ്ട് തരം LFP ബാറ്ററി ഓപ്ഷനുകള്‍ ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് പകരുന്ന സിംഗിള്‍ മോട്ടോര്‍ സംവിധാനമായിരിക്കും ഇതിലുണ്ടാവുക. ഒരു മിഡ്‌സൈസ് ഇലക്ട്രിക് എസ് യുവി എന്ന നിലയില്‍ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് അടക്കമുള്ള മോഡലുകളുമായി ഇത് മത്സരിക്കും. രാജസ്ഥാനിലെ ഹോണ്ടയുടെ പ്ലാന്റിലായിരിക്കും ഇതിന്റെ നിര്‍മ്മാണം നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates