

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ആഗോള ആഡംബര ബ്രാന്‍ഡായ ജെനസിസിനെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഹ്യുണ്ടായിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ അതിവേഗം വളരുന്ന പ്രീമിയം കാര്‍ വിഭാഗം ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ഹ്യുണ്ടായിയുടെ മുഖ്യധാരാ കാര്‍ നിരയില്‍ നിന്ന് വേറിട്ട് ഒരു സ്വതന്ത്ര ആഡംബര ബ്രാന്‍ഡായി ജെനസിസ് പ്രവര്‍ത്തിക്കും. പരമ്പരാഗത ഡീലര്‍ഷിപ്പുകളില്‍ നിന്ന് മാറി ഡിജിറ്റല്‍-ഫസ്റ്റ് വില്‍പ്പന, ക്യൂറേറ്റഡ് ഇവന്റുകള്‍, പുതിയ റീട്ടെയില്‍ തന്ത്രം എന്നിവയിലൂടെ ഒരു പ്രീമിയം ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍, കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായി (സിബിയു) ജെനസിസ് മോഡലുകളെ അവതരിപ്പിക്കാനാണ് ഹ്യുണ്ടായി പദ്ധതിയിടുന്നത്. ജി80 ആഡംബര സെഡാനും ജിവി80 പ്രീമിയം എസ്യുവിയും ആദ്യം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാഹനങ്ങള്‍ ജനപ്രിയ ആഗോള മോഡലുകളാണ്. ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ ഇത് സഹായിക്കും.
പിന്നീട്, ചെന്നൈയ്ക്കടുത്തുള്ള പ്ലാന്റില്‍ ഹ്യുണ്ടായി ചില ജെനസിസ് മോഡലുകളെ പ്രാദേശികമായി അസംബ്ലിള്‍ ചെയ്യാനും പദ്ധതിയുണ്ട്. ഇന്ത്യയെ ഒരു വില്‍പ്പന വിപണിയായി മാത്രമല്ല, ജെനസിസ് വാഹനങ്ങളുടെ നിര്‍മ്മാണ, കയറ്റുമതി അടിത്തറയായി രാജ്യത്തെ ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ഹ്യുണ്ടായി കാണുന്നുണ്ട്. ഹ്യുണ്ടായി ഇതുവരെ കൃത്യമായ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആഗോളതലത്തില്‍ ജെനസിസ് നിരവധി സെഡാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലു ഇന്ത്യന്‍ വിപണിക്കായി ഹ്യുണ്ടായി എസ്യുവികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. GV70, GV60 EV പോലുള്ള മറ്റ് എസ്യുവികളും പരിഗണിക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ GV70 ഇലക്ട്രിക് പതിപ്പില്‍ ലഭ്യമാണ്. ഇത് ആഡംബര EV ഓപ്ഷനുകള്‍ തേടുന്ന ഇന്ത്യന്‍ ഉപയോക്താക്കളെ ആകര്‍ഷിച്ചേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates