പുതിയ എസ് യുവി അവതരിപ്പിച്ച് എംജി; അറിയാം മജസ്റ്ററിന്റെ വിശേഷങ്ങള്‍
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ് ഡബ്ല്യൂ- എംജി മോട്ടോര്‍ ഇന്ത്യയുടെ പുതിയ കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മജസ്റ്റര്‍ എസ് യുവി എന്ന പേരിലുള്ള കാര്‍ പുതിയ കലണ്ടര്‍ വര്‍ഷത്തിലെ കമ്പനിയുടെ ആദ്യ കാറാണ്. ഈ മോഡല്‍ 2025 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മോഡലിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 41,000 രൂപ നല്‍കി ബുക്ക് ചെയ്യാന്‍ കഴിയുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വില ഏപ്രിലില്‍ വെളിപ്പെടുത്തും. തുടര്‍ന്ന് മെയ് മാസത്തില്‍ ഡെലിവറി ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
പുതിയ എംജി മജസ്റ്ററിന് പുതിയൊരു മുഖം ഉണ്ട്. ഇരുവശത്തും സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുതിയ മോഡല്‍ ഗ്രില്‍, ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മുന്നിലും പിന്നിലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകള്‍, പുതിയ 19 ഇഞ്ച് അലോയ് വീലുകള്‍, ബ്ലാക്ക്-ഔട്ട് വിന്‍ഡോ ലൈനുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പുകള്‍, ഉയര്‍ന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഇന്റഗ്രേറ്റഡ് സ്പോയിലര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. മെറ്റല്‍ ബ്ലാക്ക്, പേള്‍ വൈറ്റ്, മെറ്റല്‍ ആഷ്, കോണ്‍ക്രീറ്റ് ഗ്രേ എന്നി നാല് നിറങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇഷ്ടുമുള്ളത് തെരഞ്ഞെടുക്കാം.
സ്‌മോക്ക്ഡ് എബോണി ഇന്റീരിയര്‍ തീം, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റ്, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകള്‍ ഉള്ള മുന്‍ സീറ്റുകള്‍, 360-ഡിഗ്രി കാമറ, 12-സ്പീക്കര്‍ JBL മ്യൂസിക് സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 12-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പവര്‍ഡ് ടെയില്‍ഗേറ്റ്, ആറ് എയര്‍ബാഗുകള്‍, രണ്ട് വയര്‍ലെസ് ചാര്‍ജറുകള്‍, ഡിജിറ്റല്‍ കീ, എന്നിവയാണ് വാഹനത്തിന്റെ അകത്തെ പ്രത്യേകതകള്‍. ആറ് സീറ്റ്, ഏഴ് സീറ്റ് ലേഔട്ടുകളില്‍ വാഹനം ലഭ്യമാണ്.
213 ബിഎച്ച്പിയും 478 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ട്വിന്‍-ടര്‍ബോ ഡീസല്‍ എന്‍ജിനാണ് മജസ്റ്ററിനെ മുന്നോട്ട് നയിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ഇതിന് 4x4 സിസ്റ്റവും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.
India-spec MG Majestor Unveiled: Prices to be Revealed in April
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

