

പതിവ് പോലെ ഒക്ടോബര്‍ മാസത്തിലും ഇന്ത്യന്‍ വിപണിയില്‍ നിരവധി വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കാര്‍ നിര്‍മ്മാതാക്കള്‍. മഹീന്ദ്രയുടേയും നിസാന്റേയും സ്‌കോഡയുടേയും വാഹനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഈ മാസത്തെ പ്രധാനപ്പെട്ട അഞ്ചു ലോഞ്ചുകള്‍ ചുവടെ:
മഹീന്ദ്ര ഥാര്‍
അപ്ഡേറ്റ് ചെയ്ത ബൊലേറോ ശ്രേണിക്ക് ശേഷം, മൂന്ന് ഡോറുകളുള്ള പുതുക്കിയ ഥാര്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാസത്തിന്റെ ആദ്യ പകുതിയില്‍ വിലകള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓഫ്റോഡ് യാത്രയ്ക്ക് അനുയോജ്യമായ എസ്യുവിക്ക് പുറംഭാഗത്ത് ഒരു നിപ്പ്-ആന്‍ഡ്-ടക്ക് അപ്ഡേറ്റ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൂടാതെ നിരവധി ആധുനിക ഫീച്ചറുകളോടെയായിരിക്കും വാഹനം വിപണിയില്‍ എത്തുക. പരിഷ്‌കരിച്ച ഗ്രില്‍, ഡ്യുവല്‍-ടോണ്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, റിവേഴ്സ് പാര്‍ക്കിംഗ് കാമറ, കപ്പ് ഹോള്‍ഡറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ വാഹനത്തില്‍ പ്രതീക്ഷിക്കാം. മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
നിസാന്‍ സി-എസ്യുവി
നിസാന്‍ അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന കോംപാക്റ്റ് എസ്യുവി ഒക്ടോബര്‍ ഏഴിന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും.ഇന്ത്യന്‍ റോഡുകളില്‍ ഇതിനോടകം തന്നെ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. ടെറാനോയുടെ പിന്‍ഗാമിയായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ഈ മോഡലിന്റെ സാങ്കേതിക സവിശേഷതകള്‍ നിലവില്‍ അജ്ഞാതമാണെങ്കിലും സ്‌പൈ ചിത്രങ്ങള്‍ പ്രധാന വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ നിസാന്‍ സി-എസ്യുവി മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, മാരുതി വിക്ടോറിസ്, ഹ്യുണ്ടായി ക്രെറ്റ, എംജി ആസ്റ്റര്‍, ഫോക്സ്വാഗണ്‍ ടൈഗണ്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ് എന്നിവയുമായി മത്സരിക്കും.
സ്‌കോഡ ഒക്ടാവിയ ആര്‍എസ്
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ ഒക്ടോബര്‍ 17ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് സ്പോര്‍ട്ടി സെഡാന്റെ പ്രീ ബുക്കിങ് തീയതി കമ്പനി പുറത്തുവിട്ടു. ഒക്ടോബര്‍ ആറിനാണ് പ്രീ ബുക്കിങ് ആരംഭിക്കുന്നത്.
മുമ്പ് പ്രാദേശികമായി അസംബിള്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ഒക്ടാവിയയില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ് സെഡാന്‍ പൂര്‍ണ രൂപത്തിലാണ് ( completely built unit) രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, സ്‌കോഡ നാലാം തലമുറ ഒക്ടാവിയ ആര്‍എസിന്റെ 100 യൂണിറ്റുകള്‍ മാത്രമേ ഇറക്കുമതി ചെയ്യുകയുള്ളൂ. ഇവയെല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമായി ബുക്ക് ചെയ്യാന്‍ കഴിയൂ. 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഈ മോഡലിന്റെ ഡെലിവറികള്‍ നവംബര്‍ 6 ന് ആരംഭിക്കും.
ശക്തമായ പെര്‍ഫോമന്‍സിന്റെ പേരിലാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നത്. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. വെറും 6.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ എന്‍ജിന്‍ കപാസിറ്റി. 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗം.
സിട്രോണ്‍ എയര്‍ക്രോസ് എക്‌സ്
പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ കൂപ്പെ എസ് യുവി സെഗ്മെന്റില്‍ പുതിയ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ കൂപ്പെ എസ്യുവി സെഗ്മെന്റില്‍ സ്പെഷ്യല്‍ എഡിഷന്‍ മോഡലായി ബസാള്‍ട്ട് എക്സ് കമ്പനി പുറത്തിറക്കിയിരിക്കുന്നു. സമാനമായ രീതിയില്‍ എയര്‍ക്രോസിന്റെ ഒരു വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ എയര്‍ക്രോസ് എക്‌സിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു. മിഡ്-സൈസ് എസ്യുവിയുടെ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
11,000 രൂപ ടോക്കണ്‍ തുക നല്‍കി പുതിയ കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബസാള്‍ട്ട് എക്‌സിന്റെ അതേ അപ്‌ഡേറ്റുകള്‍ എയര്‍ക്രോസ് എക്‌സില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് കൂപ്പെ എസ്യുവിക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നത് അടക്കമുള്ള ഫീച്ചറുകള്‍ അപ്ഡേറ്റായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ ടീസര്‍ അനുസരിച്ച് എയര്‍ക്രോസ് എക്‌സ് കടും പച്ച നിറത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കളര്‍ സ്‌കീമിന് പുറമേ, ബസാള്‍ട്ട് എക്‌സിന് സമാനമായി എയര്‍ക്രോസ് എക്‌സിന്റെ ടെയില്‍ഗേറ്റില്‍ 'എക്‌സ്' ബാഡ്ജ് ഉണ്ടാകുമെന്നും കരുതുന്നു. പുതിയ എയര്‍ക്രോസ് എക്സില്‍ പുതിയ ഗ്രീന്‍ പെയിന്റ് ഓപ്ഷന്‍, പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പുതിയ അപ്‌ഹോള്‍സ്റ്ററി, കാര എഐ വോയ്സ് അസിസ്റ്റന്റ്, 360-ഡിഗ്രി ക്യാമറ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു
ഒക്ടോബര്‍ 14ന് വില പ്രഖ്യാപനത്തിന് മുന്നോടിയായി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഓള്‍4 ന്റെ പ്രീ-ബുക്കിംഗ് മിനി ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴിയോ കാര്‍ നിര്‍മ്മാതാവിന്റെ രാജ്യവ്യാപകമായ 11 ഡീലര്‍ഷിപ്പുകളിലൂടെയോ ഇത് ബുക്ക് ചെയ്യാം. 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്, ഏഴ് സ്പീഡ് ഡിസിടി യൂണിറ്റ് വഴി ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു. പവര്‍ ഔട്ട്പുട്ട് 300 ബിഎച്ച്പിയും 400Nm ഉം ആണ്. 5.4 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates